
തൃശൂർ: തൃശൂരിൽ ജനുവരി മൂന്നിന് മഹിളാസംഗമത്തിനെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിക്കായി മിനി പൂരമൊരുക്കാൻ പാറമേക്കാവ് ദേവസ്വം ആലോചിക്കുന്നു. അന്തിമ തീരുമാനമായിട്ടില്ലെങ്കിലും ആലോചന ആരംഭിച്ചിട്ടുണ്ടെന്ന് പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി. രാജേഷ് പറഞ്ഞു. 15 ആനകളെ നിരത്തി കുടമാറ്റവും 200 വാദ്യകലാകാരന്മാരെ അണിനിരത്തി ചെമ്പട മേളവും ഒരുക്കാനുള്ള ശ്രമത്തിലാണ് പാറമേക്കാവ്.
പ്രധാനമന്ത്രിയുടെ റോഡ് ഷോ പാറമേക്കാവിന് മുന്നിലെത്തുമോയെന്നത് സംബന്ധിച്ച് തീരുമാനമായിട്ടില്ല. സെന്റ് തോമസ് റോഡിൽ നിന്ന് റോഡ്ഷോയായി തേക്കിൻകാട്ടിലേക്ക് പ്രവേശിക്കാനാണ് നിലവിലെ തീരുമാനം. മിനി പൂരമൊരുക്കാൻ പാറമേക്കാവ് തീരുമാനമെടുത്താൽ റൂട്ടിൽ വ്യത്യാസം വരുത്താനും സാദ്ധ്യതയുണ്ട്. മാർപ്പാപ്പ തൃശൂരിലെത്തിയപ്പോഴും പൂരം ഒരുക്കിയിരുന്നു.
അതേസമയം പൂരം പ്രതിസന്ധി പരിഹരിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് നേതൃത്വത്തിൽ ജനുവരി രണ്ടിന് രാവിലെ 11ന് കൊച്ചിൻ ദേവസ്വം ബോർഡ് ഓഫീസിന് മുന്നിൽ പകൽപ്പൂരം നടത്തും. പൂരം പ്രദർശന ഗ്രൗണ്ടിന്റെ തറവാടക 2.20 കോടിയായി വർദ്ധിപ്പിച്ചതിൽ പ്രതിഷേധിച്ചാണിത്. ആനയില്ലാതെയാകും പൂരം. ജനുവരി നാലിന് ഹൈക്കോടതി കേസ് പരിഗണിക്കുമ്പോൾ പൂരത്തിന് അനുകൂലമായ നിലപാട് സ്വീകരിക്കാൻ സർക്കാർ തയ്യാറാകണമെന്ന് ടി.എൻ.പ്രതാപൻ എം.പി, ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂർ എന്നിവർ ആവശ്യപ്പെട്ടു.