whale

തിരുവനന്തപുരം: പള്ളിത്തുറയില്‍ വംശനാശ ഭീ,ണി നേരിടുന്ന തിമിംഗല സ്രാവ് കരയ്ക്കടിഞ്ഞു. വ്യാഴാഴ്ച രാവിലെ 8.30ന് ആണ് ഭീമന്‍ മത്സ്യം കരയ്ക്കടിഞ്ഞത്. കരയില്‍ നിന്ന് വലിച്ചു കയറ്റുന്ന കമരടി വലിയിലാണ് തിമിംഗല സ്രാവ് കുടുങ്ങിയത്. രാജു സ്റ്റീഫനെന്നയാളുടെ വലയിലാണ് തിമിംഗലം കുടുങ്ങിയത്.

ഏഴ് മീറ്ററോളം നീളമുള്ള തിമിംഗലത്തിനെ കണ്ടതോടെ മത്സ്യതൊഴിലാളികള്‍ വൈല്‍ഡ് ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യ അധികൃതരെ വിവരമറിയിക്കുകയായിരുന്നു. ലോകത്തിലെ ഏറ്റവും വലിയ മത്സ്യമായ തിമിംഗല സ്രാവുകള്‍ ഇന്ത്യന്‍ വന്യജീവി സംരക്ഷണ നിയമപ്രകാരം ഷെഡ്യൂള്‍ ഒന്നില്‍ ഉള്‍പ്പെടുന്നവയാണ്.

മത്സ്യ്‌ത്തൊഴിലാളികള്‍ വിവരമറിയിച്ചത് അനുസരിച്ച് ഡബ്ലിയുടിഐ വെയില്‍ ഷാര്‍ക്ക് കണ്‍സര്‍വേഷന്‍ പ്രോജക്ട് അംഗം അജിത് ശംഖുമുഖത്തിന്റെ നേതൃത്വത്തിലുള്ള സംഘം രണ്ട് മണിക്കൂര്‍ നീണ്ടുനിന്ന രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കൊടുവില്‍ വലമുറിച്ച് തിമിംഗലത്തെ കടലിലേയ്ക്കയച്ചു.

ഡബ്ലിയുടിഐയുടെ നേതൃത്വത്തില്‍ ഈ വര്‍ഷം ഒമ്പത് തിമിംഗല സ്രാവുകളെയാണ് കടലിലേക്ക് തിരികെ അയച്ചത്.