
വീയന്ന : ലോക പ്രശസ്ത സെമി - ഓട്ടോമാറ്റിക് പിസ്റ്റലായ ഗ്ലോക്കിന്റെ സ്രഷ്ടാവായ ഓസ്ട്രിയൻ എൻജിനിയർ ഗാസ്റ്റൺ ഗ്ലോക്ക് ( 94 ) അന്തരിച്ചു. ലോകമെമ്പാടുമുള്ള പൊലീസ്, സൈന്യം, സുരക്ഷാ ഏജൻസികൾ മുതൽ ക്രിമിനലുകളുടെ കൈകളിൽ വരെ ഗ്ലോക്ക് പിസ്റ്റലുകൾ കാണാം.
ഫോബ്സിന്റെ 2021ലെ കണക്ക് പ്രകാരം ഏകദേശം 1.1 ബില്യൺ ഡോളറാണ് ശതകോടീശ്വരനും ബിസിനസുകാരനുമായ ഗാസ്റ്റൺ ഗ്ലോക്കിന്റെയും കുടുംബത്തിന്റെയും ആസ്തി. 1980കളിൽ ഓസ്ട്രിയൻ സൈന്യം ഒരു പുതിയ ആയുധത്തിനായുള്ള തിരച്ചിൽ ആരംഭിച്ചതോടെയാണ് ഗാസ്റ്റണിന്റെ ബിസിനസ് ജീവിതത്തിൽ വഴിത്തിരിവുണ്ടായത്.
1963ൽ അദ്ദേഹം സ്ഥാപിച്ച ഗ്ലോക്ക് കമ്പനി അതുവരെ മിലിട്ടറി കത്തികളും കർട്ടൺ റോഡുകളുമാണ് നിർമ്മിച്ചിരുന്നത്. തോക്ക് വിദഗ്ദ്ധരുടെ സഹായത്തോടെെ ആദ്യ പിസ്റ്റലായ ' ഗ്ലോക്ക് 17 ' അദ്ദേഹം രൂപകല്പന ചെയ്തു. 1982ൽ തോക്ക് ഓസ്ട്രിയൻ മിലിട്ടറിയിലും പൊലീസിലും ഉപയോഗിച്ചുതുടങ്ങി.
വൈകാതെ യൂറോപ്പിലും യു.എസിലും ഗ്ലോക്ക് പിസ്റ്റലുകൾ ഹിറ്റായി. ഗ്ലോക്കിന്റെ വിവിധ പതിപ്പുകൾ പുറത്തിറങ്ങി. സിനിമകളിലും ഗ്ലോക്ക് തോക്കുകൾ പ്രത്യക്ഷപ്പെട്ടു. ആദ്യ ഭാര്യ ഹെൽഗയുമായുള്ള ബന്ധം ഗാസ്റ്റൺ 2011ൽ വേർപെടുത്തി. പിന്നാലെ ആക്ടിവിസ്റ്റ് കാത്റീൻ ഷികോഫിനെ വിവാഹം ചെയ്തു. ആദ്യ വിവാഹത്തിൽ ഗാസ്റ്റണിന് മൂന്ന് മക്കളുണ്ട്.