ganesh-kumar

തിരുവനന്തപുരം: കെ ബി ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും ഇന്ന് മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യും. വൈകിട്ട് നാല് മണിക്ക് രാജ്ഭവനില്‍ ഒരുക്കിയിരിക്കുന്ന പ്രത്യേക വേദിയിലാണ് സത്യപ്രതിജ്ഞ. ഗണേഷിന് ഗതാഗത വകുപ്പും കടന്നപ്പള്ളിക്ക് തുറമുഖ വകുപ്പും നല്‍കുമെന്നാണ് വിവരം.

ഇടത് മുന്നണിയുടെ മുന്‍ ധാരണപ്രകാരമാണ് മന്ത്രിസ്ഥാനത്ത് രണ്ടര വർഷം പൂർത്തിയാക്കിയ ആന്റണി രാജുവും അഹമ്മദ് ദേവർകോവിലും രാജിവച്ചത്. പകരം കേരള കോണ്‍ഗ്രസ് ബിയുടെ കെ ബി ഗണേഷ് കുമാറിനെയും കോണ്‍ഗ്രസ് എസിന്‍റെ കടന്നപ്പള്ളി രാമചന്ദ്രനേയും മന്ത്രിമാരാക്കാനാണ് മുന്നണി തീരുമാനിച്ചത്. ഇരുവർക്കും ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍ സത്യവാചകം ചൊല്ലിക്കൊടുക്കും.ആയിരം പേർക്ക് ഇരിക്കാവുന്ന വേദിയാണ് രാജ് ഭവനില്‍ ഒരുക്കിയിരിക്കുന്നത്. സത്യപ്രതിഞ്ജയക്ക് പിന്നാലെ ഗവർണറുടെ ചായസത്കാരവും ഉണ്ടാകും. സർക്കാരുമായുള്ള പോര് രൂക്ഷമായിരിക്കെയാണ് ഗവർണറും മുഖ്യമന്ത്രിയും ഒരേവേദിയില്‍ എത്തുന്നത്.

ആന്‍റണി രാജു ഒഴിഞ്ഞ ഗതാഗത വകുപ്പ് ഗണേഷ് കുമാറിനും അഹമ്മദ് ദേവർകോവില്‍ ഒഴിഞ്ഞ തുറമുഖ വകുപ്പ് കടന്നപ്പള്ളി രാമചന്ദ്രനും ലഭിച്ചേക്കും. മുഖ്യമന്ത്രിയാണ് വകുപ്പ് തീരുമാനിക്കേണ്ടത്. സിനിമാ നടന്‍ ആയതിനാൽ ഗണേഷ് കുമാറിന് സിനിമ വകുപ്പ് കൂടി നൽകണമെന്ന് കേരള കോണ്‍ഗ്രസ് ബി ആവശ്യപ്പെട്ടിട്ടുണ്ട്. നിലവില്‍ പാർട്ടിയുടെ കയ്യിലുള്ള സിനിമ വകുപ്പ് സിപിഎം തീരുമാനമെടുത്താല്‍ മാത്രമായിരിക്കും ഗണേഷിന് നല്‍കുക.സത്യപ്രതിജ്ഞ കഴിഞ്ഞാലുടൻ പുതിയ മന്ത്രിമാർ ഓഫീസിലെത്തി അധികാരം ഏറ്റെടുക്കും.