arrest

ഭോപ്പാൽ: സ്വകാര്യ ബസ് ഡ്രൈവറിൽ നിന്ന് 14 ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തിൽ രണ്ട് പൊലീസ് കോൺസ്റ്റബിൾമാർ അറസ്റ്റിൽ. മ​ദ്ധ്യപ്രദേശിലെ ഇ​ൻഡോർ ജില്ലയിലെ ചന്ദൻ നഗർ സ്റ്റേഷനിലെ പൊലീസുകാരാണ് അറസ്റ്റിലായത്.

അഹമ്മദാബാദ്കാരനായ ഒരാൾക്ക് കൈമാറാൻ പ്രദേശത്തുള്ള ഒരു വ്യാപാരി നൽകിയ പണമായിരുന്നു ബസ് ഡ്രൈവറുടെ കൈവശമുണ്ടായിരുന്നത്. എന്നാൽ, അന്വേഷണത്തിന്റെ ഭാഗമാണെന്ന പേരിൽ ഈ പണം പൊലീസുകാർ പിടിച്ചെടുക്കുകയും വിവരം സ്റ്റേഷനിൽ റിപ്പോർട്ട് ചെയ്യാതെ കൈവശം വയ്‌ക്കുകയുമായിരുന്നു.

ഡിസംബർ 23നാണ് കേസിനാസ്പദമായ സംഭവം നടന്നതെന്ന് അഡീഷനൽ ഡെപ്യൂട്ടി കമീഷണർ അഭിനയ് വിശ്വകർമ പറഞ്ഞു. ബിസിനസുകാരനായ അങ്കിത് ജയിൻ എന്നയാളാണ് അഹമ്മദാബാദിൽ താമസിക്കുന്ന കനയ്യ ലാലിന് നൽകാനായി ബസ് ഡ്രൈവർ മുഖേനെ പണം കൊടുത്തയച്ചത്. കനയ്യ ലാലിന് പണം കിട്ടാത്തതിനെ തുടർന്ന് അങ്കിത് ജയിൻ ബസ് ഡ്രൈവർ നരേന്ദ്ര തിവാരിക്കെതിരെ ചന്ദൻ നഗർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. എന്നാൽ, കോൺസ്റ്റബിൾമാരായ യോഗേഷ് ചൗഹാൻ, ദീപക് യാദവ് എന്നിവർ ഈ പണം തട്ടിയെടുത്തതാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി അഡീഷണൽ ഡെപ്യൂട്ടി കമ്മീഷണർ അറിയിച്ചു.

തുടർന്ന് ​മോഷണക്കുറ്റം ചുമത്തി ഇരുവരെയും അറസ്റ്റ് ചെയ്യുകയായിരുന്നു. അതിനിടെ, ബസ് ഡ്രൈവറുടെ കൈവശം ഇത്രയുമധികം തുക കൊടുത്തയച്ചത് സംബന്ധിച്ച് വ്യവസായിയായ അങ്കിത് ജയിനിനെയും പൊലീസ് ചോദ്യം ചെയ്തു. ഹവാല പണമാണെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. പണത്തെക്കുറിച്ചുള്ള വിവരങ്ങൾ ആദായനികുതി വകുപ്പിന് കൈമാറുമെന്നും അഡീഷണൽ ഡിസിപി കൂട്ടിച്ചേർത്തു.