
കൊല്ലം: കോടതി വരാന്തയിലേക്ക് നീണ്ടേക്കാവുന്ന സംശയരോഗമെന്ന 'ദാമ്പത്യ വൈറസിനെ ഫോർമാറ്റിംഗ് " ചെയ്ത് കുടുംബബന്ധങ്ങളുടെ ഇഴയടുപ്പിക്കുകയാണ് പൊലീസ്. കൊല്ലം സിറ്റി പൊലീസിന്റെ വോളണ്ടറി കൗൺസലിംഗ് യൂണിറ്റാണ് മാതൃകയാവുന്നത്.
ദാമ്പത്യ - ഗാർഹിക പരാതികൾ വിവാഹമോചനത്തിലേക്കും പൊലീസിന്റെ വിലപ്പെട്ട സമയവും അപഹരിക്കുന്നുവെന്ന തിരിച്ചറിവാണ് 'ഹാപ്പി പേഴ്‌സൺ ഹാപ്പി ഫാമിലി' എന്ന ആശയത്തിലേക്ക് എത്തിച്ചത്.2022 ഏപ്രിൽ 21 മുതലാണ് കൊല്ലം സിറ്റി വനിതാ സെല്ലിലെ ഡൊമസ്‌റ്റിക് കോൺഫ്ലിക്‌ട് റെസല്യൂഷൻ സെന്ററിലെത്തുന്ന പരാതികൾ നിയമ നടപടികളിലേക്ക് നീക്കാതെ കൗൺസലിംഗിലൂടെ പരിഹരിക്കാൻ ആരംഭിച്ചത്. അന്നത്തെ കമ്മിഷണർ ടി.നാരായണൻ, അഡീഷൽ കമ്മിഷണർ ജോസി ചെറിയാൻ എന്നിവരുടേതായിരുന്നു ആശയം.
പങ്കാളികൾക്കിടയിലെ സംശയങ്ങളും അവിശ്വാസവുമായിരുന്നു പരാതികളിൽ 70 ശതമാനവും. അമ്മായിഅമ്മ മരുമകൾ സിൻഡ്രോം, സ്‌ത്രീധനം, ദാമ്പത്യത്തിൽ കുടുംബാംഗങ്ങളുടെ ഇടപെടൽ തുടങ്ങിയവയായിരുന്നു മറ്റ് പരാതികൾ.
സിറ്റി പൊലീസിലെ വിവിധ സ്‌റ്റേഷനുകളിലും മറ്റ് പൊലീസ് സ്‌റ്റേഷനുകളിലമെത്തുന്ന കുടുംബ പരാതികളാണ് കൗൺസലിംഗ് യൂണിറ്റ് പരിഗണിച്ചത്. പദ്ധതി വിജയിച്ചതോടെ കൊല്ലം റൂറലിൽ പരാതികൾ പരിഗണിച്ച് തുടങ്ങി.
വ്യവഹാരത്തിലേക്ക് പോകാതെ കൗൺസലിംഗ്
ലഭിച്ച പരാതികളിൽ 90 ശതമാനവും പരിഹരിച്ചു
10 ശതമാനം മാത്രമാണ് കോടതി വ്യവഹാരങ്ങളിലേക്ക് കടന്നത്
രഹസ്യാത്മകത സൂക്ഷിച്ചാണ് കൗൺസലിംഗ്
കുടംബ പ്രശ്‌നങ്ങളിൽ കുട്ടികൾക്കും കൗൺസലിംഗ്
വില്ലൻ മൊബൈൽ ഫോൺ
മൊബൈൽ ഫോണാണ് മിക്കയിടത്തും വില്ലൻ. ജോലിക്ക് പോകുന്ന ഭാര്യയെ ഡ്യൂട്ടി സമയത്ത് വിളിച്ച് എവിടെയാണെന്ന് സംശയം തീർക്കുന്നവരുടെ എണ്ണവും കുറവല്ല. തിരക്കേറിയ ജോലിയുടെ സ്വഭാവത്തിൽ ഫോണെടുക്കാൻ കഴിയാതിരുന്ന വീട്ടമ്മയെ ഒരു ദിവസം 30 തവണ വിളിച്ചയാളുമുണ്ട്. ഫോണെടുക്കാത്തതിന് ഓഫീസിലെത്തി പരസ്യമായി ആക്ഷേപിച്ച സംഭവവും നിരവധി.
ഒന്നര വർഷത്തിനിടെ പരാതികൾ - 4000
പരിഹരിച്ചത് - 90 %
കൗൺസലിംഗ് നൽകുന്നത് - 22 പേർ
ഒത്തുതീർപ്പെന്ന തത്കാലിക പരിഹാരത്തിന് പകരം ഇരുമെയ്യും ഒരു മനവുമായാണ് ദമ്പതികൾ മടങ്ങുന്നത്.
കൗൺസിലർമാർ
എം.എസ്.ഡബ്ല്യു കഴിഞ്ഞവരാണ് കൗൺസിലർമാർ. പ്രതിഫലമില്ലാതെയാണ് സേവനം. മികവ് പരിഗണിച്ച് പ്രശസ്തി പത്രം നൽകി ടീമിനെ അനുമോദിച്ചു.
സിറ്റി പൊലീസ് അധികൃതർ