
കന്യാകുമാരിയിൽ നിന്ന് ജമ്മുകാശ്‌മീർ വരെ നടത്തിയ ഭാരത് ജോഡോ യാത്രയ്ക്ക് പിന്നാലെ രണ്ടാം പതിപ്പുമായി ഉത്തരേന്ത്യയിൽ പോയകാല പ്രതാപം തിരിച്ചുപിടിക്കാൻ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. 'ഭാരത് ന്യായ യാത്ര' എന്ന് പേര് നൽകിയിരിക്കുന്ന ഈ രണ്ടാം യാത്ര ജനുവരി എട്ടിന് മണിപ്പൂരിൽ നിന്നാണ് ആരംഭിക്കുന്നത്.
14 സംസ്ഥാനങ്ങളിലൂടെ 6,000 കിലോമീറ്ററിലധികം സഞ്ചരിച്ച് മാർച്ച് 20ന് മുംബയിൽ യാത്ര അവസാനിക്കുമെന്നാണ് ഇപ്പോൾ പുറത്തുവരുന്ന സൂചന. യാത്ര യുവജനങ്ങളുമായും സ്ത്രീകളുമായും പാർശ്വവൽക്കരിക്കപ്പെട്ടവരുമായും സംവദിക്കാൻ വേണ്ടിയാണ് ലക്ഷ്യമിടുന്നത്.
ഭാരത് ജോഡോ യാത്രയിൽ കാൽനടയായാണ് രാഹുൽ ഗാന്ധി മുഴുവൻ സമയവും സഞ്ചരിച്ചതെങ്കിൽ ഇത്തവണ കൂടുതലും ബസിലായിരിക്കും യാത്ര. അവശ്യ ഘട്ടങ്ങളിൽ മാത്രമായിരിക്കും കാൽനടയായി സഞ്ചരിക്കുക. മണിപ്പൂർ, നാഗാലാൻഡ്, അസം, മേഘാലയ, പശ്ചിമ ബംഗാൾ, ബീഹാർ, ജാർഖണ്ഡ്, ഒഡീഷ, ഛത്തീസ്ഗഡ്, യുപി, മദ്ധ്യപ്രദേശ് , രാജസ്ഥാൻ, ഗുജറാത്ത്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലൂടെയാണ് യാത്ര കടന്നുപോകുന്നത്.

തിരഞ്ഞെടുപ്പ്
അടുത്തിടെ അഞ്ച് സംസ്ഥാനങ്ങളിൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടിയായിരുന്നു കോൺഗ്രസ് നേരിട്ടത്. രണ്ട് സംസ്ഥാനങ്ങളിൽ ഉണ്ടായിരുന്ന അധികാരം നഷ്ടമായപ്പോൾ ആകെ ലഭിച്ചത് തെലങ്കാന മാത്രം. അതിനാൽ തന്നെ ഭാരത് ന്യായ യാത്ര ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് പാർട്ടി അണികളിൽ ആവേശം വിതയ്ക്കാനാവുമെന്നും ഇതിലൂടെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പരമാവധി നേട്ടം കൊയ്യാം എന്നും പാർട്ടി കണക്കുകൂട്ടുന്നു. അതിന് വേണ്ടിയാണ് മണിപ്പൂർ തന്നെ ആദ്യം തിരഞ്ഞെടുത്തതെന്നും ചില രാഷ്ട്രീയ നിരീക്ഷകർ അഭിപ്രായപ്പെടുന്നുണ്ട്.
ഉത്തർപ്രദേശ് നിർണായകം
വിവിധ സംസ്ഥാനങ്ങളിലെ ലോക്സഭാ സീറ്റുകളിൽ ഏറ്റവും കൂടുതലുള്ളത് ഉത്തർപ്രദേശിലാണ് (543ൽ 80). എന്നാൽ ഇവിടെ സോണിയ ഗാന്ധിയുടെ മണ്ഡലമായ റായ്ബറേലിയിൽ മാത്രമാണ് കോൺഗ്രസ് ജയിച്ചത്. യു പിയിലെ കോൺഗ്രസിന്റെ പഴയ പ്രതാപം തിരിച്ചുപിടിക്കുക എന്ന ലക്ഷ്യത്തോടെ ഭാരത് ന്യായ യാത്രയിൽ ഉത്തർപ്രദേശും ഉൾക്കൊള്ളിച്ചിട്ടുണ്ട്.
പക്ഷെ ജനുവരിയിൽ നടക്കുന്ന രാമക്ഷേത്രത്തിന്റെ ഉദ്ഘാടനത്തിന് വൻ പിന്തുണ ലഭിക്കുമെന്നതിനാൽ അവിടെ ബി ജെ പിക്ക് നല്ല പ്രതീക്ഷയാണ് ഉള്ളത്. തൽഫലമായി, സംസ്ഥാനത്ത് 2024ലെ തിരഞ്ഞെടുപ്പ് ബി ജെ പി മറ്റ് പാർട്ടികൾക്ക് വലിയ വെല്ലുവിളി ഉയർത്തുന്നത്. ഈ സാഹചര്യത്തിലാണ് ഭാരത് ന്യായ യാത്രയുമായി കോൺഗ്രസ് രംഗത്തെത്തുന്നത്.

ഭാരത് ജോഡോ യാത്ര
രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ നടന്ന ഭാരത് ജോഡോ യാത്രയ്ക്ക് വലിയ ജനപിന്തുണ ലഭിച്ചെങ്കിലും അത് വലിയ തിരഞ്ഞെടുപ്പ് വിജയമായി മാറ്റാൻ പാർട്ടിക്ക് സാധിച്ചില്ല. വാർത്തകളിൽ വലിയ രീതിയിൽ ഇടംപിടിച്ച പദയാത്രക്ക് ശേഷം കർണാടകയിലും തെലങ്കാനയിലും മാത്രമാണ് കോൺഗ്രസിന് വിജയം നേടാൻ സാധിച്ചത്. അതിനാൽ തന്നെ ഭാരത് ന്യായ യാത്രക്ക് കൂടുതൽ ശ്രദ്ധ കൊടുക്കേണ്ടിരിക്കുന്നു. ഇത് വരാൻ പോകുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് അനുകൂലമാകുമോയെന്നതാണ് കാണെണ്ടത്. ജാതി സെൻസസിന്റെ ആവശ്യവും ഭാരത് ന്യായ യാത്രയിലൂടെ ജനങ്ങളിൽ എത്തിക്കാൻ കോൺഗ്രസ് ശ്രമിക്കുമെന്നതിൽ സംശയമില്ല.

ഭാരത് ന്യായ യാത്രയും ലോക്സഭ സീറ്റും
രാഹുൽ ഗാന്ധിയുടെ ഭാരത് ന്യായ യാത്ര കടന്നുപോകുന്ന ചില സംസ്ഥാനങ്ങളിലെ ലോക്സഭാ സീറ്റുകളുടെ കണക്ക്.
1,പശ്ചിമ ബംഗാൾ (42 ലോക്സഭാ സീറ്റുകൾ)
2, ബീഹാർ (40 സീറ്റുകൾ)
3, ഉത്തർപ്രദേശ് (80 സീറ്റുകൾ)
4, മദ്ധ്യപ്രദേശ് (29 സീറ്റുകൾ)
5, രാജസ്ഥാൻ (25 സീറ്റുകൾ)
6, ഗുജറാത്ത് (26 സീറ്റുകൾ)
7, മഹാരാഷ്ട്ര (48 സീറ്റുകൾ)
8, ഛത്തീസ്ഗഡ് (11 സീറ്റുകൾ)
എന്നിങ്ങനെ 14 സംസ്ഥാനങ്ങളിലൂടെ കടന്നുപോകുന്ന ഭാരത് ന്യായ യാത്ര ആകെ 355 ലോക്‌സഭാ സീറ്റുകൾ ഉൾക്കൊള്ളുന്നു. ഇത് രാജ്യത്തെ മൊത്തം പാർലമെന്റ് സീറ്റുകളുടെ 65% ആണ്.

ഹിന്ദി ഹൃദയഭൂമി സംസ്ഥാനങ്ങളിൽ നഷ്ടപ്പെട്ട കോൺഗ്രസിന്റെ പ്രതാപം വീണ്ടെടുക്കാനുള്ള ശ്രമത്തിന് പുറമെ, ഇന്ത്യൻ സഖ്യത്തിലെ മറ്റ് പാർട്ടികളെയും കൂടെ നിർത്താൻ ഭാരത് ന്യായ യാത്രയിലൂടെ കോൺഗ്രസ് ശ്രമിക്കുന്നുമെന്നതിൽ സംശയമില്ല.