hamas-attack

ടെൽ അവീവ്: ഹമാസിന്റെ ക്രൂരതകളുടെയും സ്ത്രീകൾക്കെതിരെ നടത്തിയ ലൈംഗികാതിക്രമങ്ങളുടെയും ഭയാനകമായ ദൃശ്യങ്ങൾ പുറത്ത്. ഒക്‌ടോബർ ഏഴിന് തെക്കൻ ഇസ്രയേലിൽ ഹമാസ് ആക്രമണം നടത്തിയിരുന്നു. ഇതിന്റെ ബാക്കിപത്രമായ വേദനിപ്പിക്കുന്ന ദൃശ്യങ്ങൾക്കാണ് ഇസ്രയേൽ പൊലീസ് ഉദ്യോഗസ്ഥരും മറ്റും സാക്ഷികളായത്.

മദ്ധ്യ ഇസ്രായേലിൽ നിന്നുള്ള രണ്ട് കുട്ടികളുടെ അമ്മയും ഇരകളിലൊരാളാണ്. ഒക്‌ടോബർ ഏഴിന് ഇവരെ കാണാതായിരുന്നു.തുടർന്ന് നടത്തിയ അന്വേഷണത്തിൽ തിരിച്ചറിയാൻ സാധിക്കാത്തരീതിയിൽ മുഖം കത്തിക്കരിഞ്ഞ നിലയിൽ ഇവരുടെ മൃതദേഹം റോഡിൽ നിന്നാണ് കണ്ടെത്തിയത്. അർദ്ധനഗ്നമായ നിലയിലായിരുന്നു മൃതദേഹം. ഈ സ്ത്രീ അതിക്രൂരമായ രീതിയിൽ ബലാത്സംഗം ചെയ്യപ്പെട്ടുവെന്ന് പൊലീസ് അറിയിച്ചു.

ക്രൂരപീഡനത്തിനിരയായ സ്ത്രീകളുടെയും പെൺകുട്ടികളുടെയും മൃതദേഹങ്ങൾ വിവിധയിടങ്ങളിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്. ഒരു സംസ്ഥാനത്ത് 30ലധികം സ്ത്രീകളുടെ മൃതദേഹങ്ങൾ കണ്ടെത്തിയതായി സന്നദ്ധപ്രവർത്തകരും സൈനികരും അറിയിച്ചു. ഇരകളുടെ വസ്ത്രങ്ങൾ വലിച്ചുകീറി, ജനനേന്ദ്രിയ ഭാഗങ്ങളിൽ പരിക്കേൽപ്പിക്കുകയുമൊക്കെ ചെയ്തിട്ടുണ്ട്.

ഒരു സ്ത്രീയുടെ തുടയിലും അരക്കെട്ടിലും ആണി തറച്ചിരിക്കുന്നതിന്റെ ഫോട്ടോഗ്രാഫുകളും വീഡിയോകളും പുറത്തുവന്നിട്ടുണ്ട്. ഗാസയ്ക്ക് സമീപമുള്ള ഭീകരരുടെ താവളത്തിൽ, രണ്ട് സൈനികരെ ജനനേന്ദ്രിയത്തിൽ വെടിവച്ചാണ് കൊന്നത്.


അതേസമയം, ലൈംഗികാതിക്രമ ആരോപണങ്ങൾ ഹമാസ് നിഷേധിച്ചു. യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസും യുഎന്നിലെ വനിതകളും ആരോപണങ്ങൾ ഉടനടി അംഗീകരിക്കാത്തതിന്റെ പേരിൽ വിമർശനങ്ങൾ നേരിട്ടതായി ഒരു മാദ്ധ്യമം റിപ്പോർട്ട് ചെയ്യുന്നു.


ഒക്ടോബർ ഏഴിന് നടന്ന സംഭവങ്ങളെക്കുറിച്ച് വിശദീകരിച്ച പൊലീസ്, സ്ത്രീകളുടെ ശരീരത്തിൽ നിന്ന് ഫോറൻസിക് തെളിവുകൾ ശേഖരിക്കുന്നതിൽ തങ്ങൾ ആദ്യം ശ്രദ്ധിച്ചിരുന്നില്ലെന്ന് വെളിപ്പെടുത്തി. ദുഃഖവും മതപരമായ കാര്യങ്ങളുമെല്ലാം പരിഗണിച്ച് പല മൃതദേഹങ്ങളും തിടുക്കപ്പെട്ട് സംസ്‌കരിച്ചു. ഫോറൻസിക് തെളിവുകൾ ശേഖരിക്കാൻ സാധിക്കാത്തതിനാൽ ലൈംഗികാതിക്രമ കേസുകൾ അന്വേഷിക്കുന്നതിൽ തടസങ്ങൾ നേരിട്ടു.

ആയുധധാരികളായ ഭീകരർ സ്ത്രീകളെ ക്രൂരമായി മർദിക്കുന്നത് കണ്ടെന്ന് സപിർ എന്നയാൾ മൊഴി നൽകിയിട്ടുണ്ട്. കുറഞ്ഞത് അഞ്ച് സ്ത്രീകളെയെങ്കിലും ബലാത്സംഗം ചെയ്ത് കൊന്നതിന് താൻ സാക്ഷിയാണെന്ന് സപിർ വ്യക്തമാക്കി.


ഒരു സ്ത്രീയെ കഷ്ണങ്ങളാക്കുന്നത് താൻ കണ്ടെന്ന് സപിർ വെളിപ്പെടുത്തി. ഒരു ഭീകരൻ അവരെ ബലാത്സംഗം ചെയ്യുന്നു. ഈ സമയം, മറ്റൊരാൾ ഒരു കട്ടർ പുറത്തെടുത്ത് സ്തനങ്ങൾ മുറിച്ചെടുത്തു. അത് മറ്റൊരു ഭീകരന് എറിഞ്ഞുകൊടുത്തു. അയാൾ അതുവച്ച് കളിക്കുകയായിരുന്നു.

അതേസമയം, മറ്റ് മൂന്ന് സ്ത്രീകളെ തീവ്രവാദികൾ ബലാത്സംഗം ചെയ്യുന്നതും അവരുടെ തല ഛേദിക്കുന്നതും കണ്ടെന്നും സാക്ഷി വ്യക്തമാക്കി. ഒളിച്ചിരുന്നുകൊണ്ട് എടുത്ത ഫോട്ടോഗ്രാഫുകളും സപിർ പൊലീസിന് നൽകി.

ഹമാസ്‌ സംഘത്തിലുള്ള അഞ്ച് അക്രമികൾ ഒരു സ്ത്രീയെ ആക്രമിക്കുന്നത് കണ്ടെന്ന് മറ്റൊരു ദൃക്സാക്ഷി മൊഴി നൽകി. എല്ലാവരുടെയും കൈകളിൽ ആയുധമുണ്ട്. ഇവരിലൊരാൾ നഗ്നയായ ഒരു യുവതിയെ നിലത്തുകൂടി വലിച്ചിഴക്കുന്നത് താൻ കണ്ടെന്നും അദ്ദേഹം പറഞ്ഞു.