kb-ganesh-kumar

തിരുവനന്തപുരം: കെഎസ്ആർടിസിയെ സിസ്റ്റമാറ്റിക് ആക്കി മാറ്റണമെന്ന് നിയുക്ത മന്ത്രി കെ ബി ഗണേഷ് കുമാർ. ഇന്നാണ് ഗണേഷ് കുമാറും കടന്നപ്പളളി രാമചന്ദ്രനും മന്തിമാരായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുന്നത്. ഗതാഗത വകുപ്പ് തന്നെയാണ് പ്രതീക്ഷിക്കുന്നതെന്ന് ഗണേഷ് കുമാർ മാദ്ധ്യമങ്ങളോട് പറഞ്ഞു. കെഎസ്ആർടിസിയിൽ പ്രശ്നങ്ങളുണ്ടെന്നും തൊഴിലാളികൾ പറയുന്നതിൽ കാര്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു. സഹകരിച്ചാൽ വിജയിപ്പിക്കാമെന്നും ഗ്രാമീണ മേഖലയിൽ കൂടുതലായി സർവ്വീസുകൾ നടത്തുമെന്നും ഗണേഷ് കുമാ‌ർ വ്യക്തമാക്കി.

'കെഎസ്ആർടിസിയെ സ്വയം പര്യാപ്തതയിൽ എത്തിക്കുക എളുപ്പമല്ല. തൊഴിലാളി ദ്രോഹ നടപടികളൊന്നും ഉണ്ടാകില്ല. കെഎസ്ആർടിസിയുടെ സാമ്പത്തിക ചോർച്ച അടയ്ക്കും. കെഎസ്ആർടിസിയെ കമ്പ്യൂട്ടർവൽക്കരിക്കും. സിനിമാവകുപ്പ് കിട്ടിയാൽ സന്തോഷം. സിനിമ വകുപ്പ് വേണമെന്ന് ആവശ്യപ്പെട്ട് കേരള കോൺഗ്രസ് ബി കത്ത് കൊടുത്തിട്ടില്ല'- അദ്ദേഹം പ്രതികരിച്ചു. എന്തിനെയും എതിർക്കുക പ്രതിപക്ഷത്തിന്റെ ജോലിയെന്ന് ചിലർ ധരിച്ചു വച്ചിരിക്കുന്നു. പ്രതിപക്ഷം ഉയർത്തുന്ന പല കാര്യങ്ങളും ആരോപണങ്ങൾ മാത്രമായി അവസാനിക്കുന്നു. കഴമ്പുള്ള കാര്യങ്ങളൊന്നും പ്രതിപക്ഷത്തിൽ നിന്നുണ്ടാകുന്നില്ല. സഹകരിക്കേണ്ടിടത്ത് പ്രതിപക്ഷം സഹകരിക്കണം. ഇപ്പോഴത്തെ സമരങ്ങൾ എന്തിനെന്ന് മനസ്സിലാകുന്നില്ല. നവകേരള സമരങ്ങൾ എന്തിനെന്ന് വ്യക്തമല്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വൈകിട്ട് നാല് മണിക്ക് രാജ്ഭവനിൽ ഒരുക്കിയിരിക്കുന്ന പ്രത്യേക വേദിയിലാണ് ഗണേഷ് കുമാറിന്റെയും കടന്നപ്പളളിയുടെയും സത്യപ്രതിജ്ഞ. ഗണേഷിന് ഗതാഗത വകുപ്പും കടന്നപ്പള്ളിക്ക് തുറമുഖ വകുപ്പും നൽകുമെന്നാണ് വിവരം.ഇരുവർക്കും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സത്യവാചകം ചൊല്ലിക്കൊടുക്കും. ആയിരം പേർക്ക് ഇരിക്കാവുന്ന വേദിയാണ് രാജ് ഭവനിൽ ഒരുക്കിയിരിക്കുന്നത്. സത്യപ്രതിജ്ഞയക്ക് പിന്നാലെ ഗവർണറുടെ ചായസൽക്കാരവും ഉണ്ടാകും. സർക്കാരുമായുള്ള പോര് രൂക്ഷമായിരിക്കെയാണ് ഗവർണറും മുഖ്യമന്ത്രി പിണറായി വിജയനും ഒരേവേദിയിൽ എത്തുന്നത്.