
കൊല്ലം: ജീവിത ശൈലി രോഗങ്ങൾ കണ്ടെത്താൻ ശൈലി ആപ്പ് വഴി ആരോഗ്യവകുപ്പ് നടത്തിയ സർവേയിൽ, ജില്ലയിലെ 1.60 ലക്ഷം പേരിൽ ഉയർന്ന രക്തസമ്മർദ്ദം സ്ഥിരീകരിച്ചു. 15 ഇന ചോദ്യാവലി കൊടുത്ത് തയ്യാറാക്കിയ സർവേയിൽ അർബുദരോഗത്തിന്റെ സാദ്ധ്യത കണ്ടെത്തിയ 72,162 പേരെ തുടർചികിത്സയ്ക്കായി റഫർ ചെയ്തു.
സംസ്ഥാനത്ത് ഉയർന്ന രക്തസമ്മർദ്ദമുള്ള ജില്ലകളിൽ രണ്ടാംസ്ഥാനം കൊല്ലത്തിനാണ്. തൃശൂരാണ് ഒന്നാമത്. ജില്ലയിൽ ആകെ 72,162 പേരിലാണ് അർബുദ സാദ്ധ്യത കണ്ടെത്തിയത്. സ്തനാർബുദ പരിശോധനയ്ക്കായി റഫർ ചെയ്തത് 60,153 പേരെയാണ്. 3,534 പേരുടെ വായ്ക്കുള്ളിലും അർബുദ സാദ്ധ്യത കണ്ടെത്തി.
ആദ്യഘട്ടം പൂർത്തിയായി
ആരോഗ്യവകുപ്പ് തയ്യാറാക്കിയ പ്രത്യേക ചോദ്യാവലിയുടെ അടിസ്ഥാനത്തിലാണ് സർവേ നടത്തുന്നത്. ജില്ലയിലെ 11 മണ്ഡലങ്ങളിലും സർവേയുടെ ആദ്യ ഘട്ടം പൂർത്തിയാക്കി. രോഗ സാദ്ധ്യത കണ്ടെത്തിയവർക്ക് സർക്കാർ ചികിത്സയ്ക്കുള്ള സഹായം ഒരുക്കി നൽകും.
30 വയസിനും 60 വയസിനും ഇടയിലുള്ളവരിലാണ് സർവേ നടത്തിയത്. 45 വയസ് പിന്നിട്ട സ്ത്രീകളിലാണ് സ്തനാർബുദ ലക്ഷണങ്ങൾ കണ്ടെത്തിയത്.
ശൈലി സർവേ ജില്ലയിൽ
സർവേ നടത്തിയത് : 16 ആരോഗ്യ ബ്ലോക്കുകളിൽ സർവേയിൽ പങ്കെടുത്തവർ: 12,94,200 ജില്ലയുടെ സ്‌കോർ: 2,48,516 ഉയർന്ന രക്തസമ്മർദ്ദമുള്ളവർ: 16,04,77 പ്രമേഹ ബാധിതർ: 12,17,93 പ്രമേഹവും രക്താതിസമ്മർദവുമുള്ളവർ: 73,493
ക്ഷയരോഗ നിർണയത്തിന് റഫർ ചെയ്തവർ: 10,625
ശ്വാസകോശ രോഗമുള്ളവർ: 49,070