മലയാളത്തിന്റെ ഹാസ്യ സാമ്രാട്ടാണ് നടൻ സലീം കുമാർ. എന്നും പ്രേക്ഷകരെ കുടുകുടാ ചിരിപ്പിച്ച സലീം കുമാർ പിന്നീട് ശ്രദ്ധേയമായ വേഷങ്ങൾ ചെയ്ത് മലയാളികളെ അമ്പരപ്പിച്ചു. മികച്ച അഭിനയത്തിലൂടെ ദേശീയ-സംസ്ഥാന പുരസ്‌കാരങ്ങൾ തേടിയെത്തിയതോടെ വില്ലൻ വേഷങ്ങളിലും സലീം കുമാർ പ്രത്യക്ഷപ്പെടാൻ തുടങ്ങി. താരത്തോട് മിക്ക അവസരങ്ങളിലും പലരും ചോദിക്കുന്ന ഒന്നാണ് പേരിന് പിന്നിലെ കഥ. ഇപ്പോഴിതാ കൗമുദി മൂവീസിന്റെ ചിരിക്കഥകൾ എന്ന പരിപാടിയിൽ അദ്ദേഹം ആ രഹസ്യം വെളിപ്പെടുത്തുകയാണ്. സലീം കുമാർ എന്ന പേര് എങ്ങനെയാണ് തനിക്ക് വന്നതെന്നാണ് താരം പറയുന്നത്.
കേരളത്തിലെ സാമൂഹിക പരിഷ്‌കർത്താക്കളിൽ ഒരാളായിരുന്ന സഹോദരൻ അയ്യപ്പന്റെ ആശയങ്ങൾ തന്റെ പേരിനെ സ്വാധീനിച്ചെന്നാണ് സലീം കുമാർ പറയുന്നത്. അന്ന് സഹോദരൻ അയ്യപ്പന്റെ ആശയങ്ങളിൽ ആകൃഷ്ടരായി മാതാപിതാക്കൾ മക്കൾക്ക് ജാതി തിരിച്ചറിയാത്ത പേരുകൾ ഇടാൻ തുടങ്ങി. അങ്ങനെയാണ് തനിക്ക് സലീം എന്ന പേര് വന്നതെന്ന് അദ്ദേഹം പറഞ്ഞു. പേരിനൊപ്പം കുമാർ വന്നതിനെ കുറിച്ചും അദ്ദേഹം വെളിപ്പെടുത്തുന്നുണ്ട്.
'സഹോദരൻ അയ്യപ്പന് എന്റെ ജീവിതവുമായി എന്ത് ബന്ധമാണെന്ന് നോക്കാം. എന്റെ പേര് തന്നെ അതിന് ഏറ്റവും വലിയ ഉദാഹരണമാണ്. അന്നത്തെ കാലത്തെ ചെറുപ്പക്കാർ സഹോദരൻ അയ്യപ്പന്റെ ജാതിപരവും വിപ്ലവാത്മകരമായിട്ടുമുള്ള പ്രവർത്തനങ്ങളിൽ ആകൃഷ്ടരായി. അന്ന് സ്വന്തം മക്കൾക്ക് കേട്ടാൽ ജാതി തിരിച്ചറിയാൻ കഴിയാത്ത പേരുകളിടാൻ തുടങ്ങി. ഉദാഹരണത്തിന് എന്റെ പേര് സലീം. ജലീൽ, ജമാൽ, നാഷാദ് എന്നീ പേരുകൾ ഈഴവരായിട്ടുള്ള ഹിന്ദുക്കുട്ടികൾക്ക് ഇടാൻ തുടങ്ങി'.
'അങ്ങനെ എനിക്ക് സലീം എന്ന പേര് ഇട്ടു. പേരിനൊപ്പം കുമാർ വന്നതും പറയാം, ഈ സലീം എന്ന പേരും കൊണ്ട് ചിറ്റാറ്റുപുര എൽപിഎസിൽ ചേർക്കാൻ ചെന്നു. അവിടെ വച്ച് സലീം എന്ന് പേര് കേട്ടപ്പോൾ ഇത് മുസ്ലീം കുട്ടിയുടെ പേരാണെന്ന് സ്‌കൂൾ അധികൃതർ പറഞ്ഞു. അച്ഛനും അന്ന് ഇതേ കുറിച്ച് ധാരണ ഉണ്ടായിരുന്നില്ല. അവിടെ വച്ച് അദ്ധ്യാപകർ പേരിനൊപ്പം കുമാർ എന്ന് കൂടി ചേർത്താൽ മതിയെന്ന് പറഞ്ഞു. അങ്ങനെ കുമാർ ചേർത്ത് എന്നെ ഹിന്ദുവാക്കി. അഞ്ചാം ക്ലാസുവരെ ഞാൻ മുസ്ലീമായിരുന്നു. അഞ്ചാം ക്ലാസിന് ശേഷം ഞാൻ വിശാല ഹിന്ദുവായി'- സലീം കുമാർ ചിരിച്ചുകൊണ്ട് പറഞ്ഞു.
