suresh-gopi

കൊച്ചി: മാദ്ധ്യമ പ്രവർത്തകയോട് അപമര്യാദയായി പെരുമാറിയ കേസിൽ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യം തേടി നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി. ഗുരുതര വകുപ്പുകൾ ചുമത്തിയ സാഹചര്യത്തിലാണ് അദ്ദേഹം മുൻകൂർ ജാമ്യാപേക്ഷ നൽകിയിരിക്കുന്നത്. ജാമ്യാപേക്ഷ കോടതി അടുത്ത ദിവസം പരിഗണിക്കും.

മോശം ഉദ്ദേശത്തോടെ സുരേഷ് ഗോപി സ്പർശിച്ചെന്ന് ആരോപിച്ച് മാദ്ധ്യമപ്രവർത്തക നൽകിയ പരാതിയിലാണ് കോഴിക്കോട് നടക്കാവ് പൊലീസ് സുരേഷ് ഗോപിക്കെതിരെ കേസെടുത്തത്. പരാതിയിൽ 35എ വകുപ്പ് ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നെങ്കിലും അദ്ദേഹത്തിനെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. താമരശേരി ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റിന് പരാതിക്കാരി രഹസ്യമൊഴി നൽകിയിരുന്നു.

കഴിഞ്ഞ മാസം നടക്കാവ് സ്റ്റേഷനിൽ ചോദ്യം ചെയ്യലിനായി സുരേഷ് ഗോപി ഹാജരായപ്പോൾ നിരവധി ബി ജെ പി പ്രവർത്തകരാണ് സ്റ്റേഷന് മുന്നിൽ തടിച്ചുകൂടിയത്. പദയാത്രയായിട്ടാണ് അദ്ദേഹം സ്റ്റേഷനിലെത്തിയത്. പോസ്റ്ററുകളുമായെത്തിയ പ്രവർത്തകർ സുരേഷ് ഗോപിയ്ക്ക് അനുകൂലമായ മുദ്രവാക്യം വിളികൾ മുഴക്കി. ഒട്ടേറെ പേരാണ് അദ്ദേഹത്തിന് പിന്തുണയുമായി രംഗത്തെത്തിയത്. മൂന്ന് അഭിഭാഷകരും സുരേഷ് ഗോപിക്കായി സ്‌റ്റേഷനിലെത്തി. ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ, ശോഭ സുരേന്ദ്രൻ, എം ടി രമേഷ്, പി കെ കൃഷ്ണദാസ് എന്നിവരും പദയാത്രയിൽ പങ്കെടുത്തിരുന്നു.