
തിരുവനന്തപുരം: തൃശൂർ പൂരം എക്സിബിഷൻ ഗ്രൗണ്ടിന് തറവാടക ഉയർത്തിയതിനെ തുടർന്നുണ്ടായ പ്രതിസന്ധി പരിഹരിക്കാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ഇടപെടൽ. ദേവസ്വം പ്രതിനിധികളുമായടക്കം വിഷയം ചർച്ച ചെയ്യാൻ മുഖ്യമന്ത്രി യോഗം വിളിച്ചു. ഇന്ന് രാത്രി ഏഴരയ്ക്ക് യോഗം ഓൺലൈനായി ചേരുമെന്നാണ് വിവരം. പ്രതിസന്ധി രാഷ്ട്രീയ പോരിലേക്ക് മാറുന്ന സാഹചര്യത്തിലാണ് അടിയന്തരയോഗം.
പ്രശ്നത്തിൽ പിണറായി സർക്കാരിനേയും കൊച്ചിൻ ദേവസ്വം ബോർഡിനേയും വിമർശിച്ച് ബിജെപിയും കോൺഗ്രസും രംഗത്തെത്തിയിരുന്നു.ചൊവ്വാഴ്ച കൊച്ചിൻ ദേവസ്വം ബോർഡ് ഓഫീസിന് മുന്നിൽ പ്രതിഷേധ പകൽപ്പൂരം ഒരുക്കുമെന്നാണ് കോൺഗ്രസ് അറിയിച്ചത്. ബുധനാഴ്ച തൃശൂരിൽ എത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മുന്നിൽ മിനി പൂരമൊരുക്കി പ്രതിസന്ധി അവതരിപ്പിക്കാൻ പൂരം സംഘാടകർ നീക്കം നടത്തുന്നുണ്ട്.
അതേസമയം, മിനി പൂരമൊരുക്കാനുള്ള നീക്കം പ്രധാനമന്ത്രിയുടെ സുരക്ഷയെ തട്ടി തീരുമാനമാകാതെ നിൽക്കുകയാണ്. പതിനഞ്ച് ആനകളെ നിരത്തിയുള്ള മിനി പൂരത്തിന് അനുമതി ലഭിക്കാൻ ഇടയില്ല. ആനകളെ കുറച്ച് മേളം നടത്തി പ്രധാനമന്ത്രിയെ വരവേൽക്കാനുള്ള സാദ്ധ്യതയും പാറമേക്കാവ് ദേവസ്വം തേടുന്നുണ്ട്. മഹിളകളുടെ മഹാ സംഗമത്തിൽ നരേന്ദ്രമോദി പൂരത്തിനായി സഹായ പ്രഖ്യാപനം നടത്തുമോ എന്നതും പൂരം സംഘാടകർ ഉറ്റു നോക്കുന്നുണ്ട്.