youth

ശരീരവും വസ്ത്രവും മാത്രം വൃത്തിയായാൽ പോര; താമസിക്കുന്ന വീടും വൃത്തിയായിരിക്കണം. പക്ഷേ, വീട് വൃത്തിയാക്കുന്നത് അത്ര എളുപ്പത്തിൽ നടക്കുന്ന ഒന്നല്ല. അതിന്റെ തൊന്തരവുകൾ ആലോചിക്കുമ്പോഴാണ് വീട് ഇത്തിരി വൃത്തികേടായിരുന്നാലും പ്രശ്നമില്ല എന്ന് പലരും ചിന്തിക്കുന്നത്. ഇനി രണ്ടും കല്പിച്ച് വൃത്തിയാക്കാൻ ഇറങ്ങിയാലും വീട് നന്നായി വൃത്തിയാവണമെന്നില്ല. പൊടിയും അഴുക്കുമൊക്കെ ഇരുന്നിടത്തുതന്നെ ഇരിക്കും. അദ്ധ്വാനവും സമയവും നഷ്ടമായത് മാത്രം മെച്ചം.

ഇത്തരം പ്രശ്നങ്ങളൊന്നുമില്ലാതെ ആരെങ്കിലും നന്നായി ഒന്ന് ക്ളീൻചെയ്ത് തന്നിരുന്നെങ്കിൽ എന്ന് തോന്നിത്തുടങ്ങിയപ്പോൾ മുതലാണ് വീട് വൃത്തിയാക്കൽ ഒരു തൊഴിലായി മാറിയത്. ചൂലും വെള്ളവും തുണിയും കൊണ്ടുള്ള ഒരു വെറും വൃത്തിയാക്കൽ അല്ല ഇന്നത്. ലക്ഷങ്ങൾ മറിയുന്ന വൻ ബിസിനസാണ്. ഈ നിശബ്ദ വിപ്ളവത്തിലൂടെ തൊഴിൽ ലഭിക്കുന്നതാകട്ടെ നിരവധി യുവാക്കൾക്കും. നേരത്തേ വിദേശ രാജ്യങ്ങളിൽ മാത്രമായിരുന്നു ഡീപ്പ് ക്ളീനിംഗ് ഗ്രൂപ്പുകൾ ഉണ്ടായിരുന്നെങ്കിൽ ഇന്ന് നമ്മുടെ തൊട്ടടുത്ത ഗ്രാമപ്രദേശങ്ങളിൽപ്പോലും ഇത്തരം നിരവധി ഗ്രൂപ്പുകളുണ്ട്. നിന്നുതിരിയാൻ നേരത്തമില്ലാത്തവിധം ഇവർക്ക് ക്ലീനിംഗ് ഓർഡറുകളും ലഭിക്കുന്നുണ്ട്.

cleaning

ഡീപ്പ് ക്ലീനിംഗ്

പേര് സൂചിപ്പിക്കുന്നതുപോലെ വീട് ആഴത്തിൽ വൃത്തിയാക്കുന്നതാണ് ഡീപ്പ് ക്ലീനിംഗ്.വീട്ടിലെ മുക്കും മൂലയും വരെ ഇതിൽ വൃത്തിയാവും. വീട്ടുകാർ വൃത്തിയാക്കുമ്പോൾ ശ്രദ്ധിക്കാത്ത ഇടങ്ങളും അവരുടെ കൈ എത്താത്ത സ്ഥലങ്ങളും ഡീപ്പ് ക്ലീനിംഗ് പ്രൊഫഷണലുകൾ കണ്ട് വൃത്തിയാക്കും. അതും ചുരുങ്ങിയ സമയത്തിനുള്ളിൽ. തറയും ചുമരും മേൽക്കൂരയും മാത്രമല്ല ഫർണിച്ചറുകളും പാത്രങ്ങളും വരെ അവർ വെടുപ്പാക്കിത്തരും.

യന്ത്രങ്ങളുടെ സഹായത്തോടെയാണ് ഡീപ്പ് ക്ലീനിംഗ് നടത്തുന്നത്. പുറമേ ആരുടെയും ശ്രദ്ധയിൽപ്പെടാതെ മറഞ്ഞുകിടക്കുന്ന പൊടിയും അഴുക്കും മാറ്റാൻ ഇതിലൂടെ കഴിയും എന്നാണ് ക്ലീനിംഗ് പ്രൊഫഷണലുകൾ പറയുന്നത്. പുട്ടിയുടെ പൊടിയാണ് ഒരു ഉദാഹരണമായി അവർ ചൂണ്ടിക്കാണിക്കുന്നത്. മെഷീൻ വാഷ് ചെയ്ത് വാക്വം ക്ലീനർ കൊണ്ട് സക്കുചെയ്ത് എടുത്താൽ മാത്രമേ പുട്ടിയുടെ പൊടിയെ പൂർണമായി ഇല്ലാതാക്കാൻ കഴിയൂ. അല്ലെങ്കിൽ ക്ലീനിംഗ് കഴിഞ്ഞാലും അത് പ്രശ്നമുണ്ടാക്കിക്കൊണ്ടിരിക്കും. പ്രത്യേകിച്ചും അലർജിയും ആസ്‌ത്‌മയും ഉള്ളവരാണെങ്കിൽ.

നോ കെമിക്കൽ

സോപ്പ് ലായനിയാണ് ക്ലീനിംഗിന് കൂടുതലായും ഉപയോഗിക്കുന്നത്. വർഷങ്ങളായി ഉപയോഗിക്കാതിരിക്കുന്ന കറപിടിച്ച ബാത്ത്‌റൂമുകളും മറ്റും ക്ലീൻ ചെയ്യുമ്പോൾ മാത്രമാണ് കെമിക്കലുകൾ ഉപയോഗിക്കുന്നത്. ഇത് വീട്ടുകാരുടെ അനുവാദത്തോടെ മാത്രമായിരിക്കും. കെമിക്കലുകൾ ഉപയോഗിക്കുന്നതിനുമുമ്പ് ഏത് ഐറ്റമാണ് ഉപയോഗിക്കുന്നതെന്നും അതിനാൽ ഉണ്ടാകുന്ന നേട്ടങ്ങൾ,കോട്ടങ്ങൾ എന്തൊക്കെയാണെന്നും വീട്ടുകാരെ ബോദ്ധ്യപ്പെടുത്തും. ടൈലുകൾക്കോ, ബാത്ത് റൂം ഫിറ്റിംഗ്‌സുകൾക്കോ ഒരു പ്രശ്നവും ഉണ്ടാക്കാത്ത കെമിക്കലുകൾ മാത്രമായിരിക്കും ഉപയോഗിക്കുക.

താമസക്കാരുണ്ടെങ്കിലും നോ പ്രോബ്ളം

താമസക്കാരുണ്ടെങ്കിലും ഡീപ്പ് ക്ളീൻ ചെയ്യാൻ ഒരു പ്രശ്നവുമില്ല. കിടപ്പുരോഗികളുണ്ടെങ്കിലും കുഴപ്പമില്ല. അവർക്ക് ഒരുതരത്തിലുളള അലോരവും ഉണ്ടാക്കാതെയായിരിക്കും ജോലി തീർക്കുക. സോഫകളും ബെഡും ഉൾപ്പടെയുള്ളവ പൂർണമായും അണുവിമുക്തമാക്കുകയും ചെയ്യും. ആധുനിക യന്ത്രസംവിധാനങ്ങളോടെയായിരിക്കും ഇത് ചെയ്യുക. രോഗ ബാധിതരായ ആരെങ്കിലും ഉപയോഗിച്ചിരുന്ന ബെഡ് ആണെങ്കിലും ഡീപ്പ് ക്ലീൻ കഴിയുന്നതോടെ മറ്റുള്ളവർക്കും ഇത് ഉപയോഗിക്കാനാവും. ഉടമകൾ ആവശ്യപ്പെടുകയാണെങ്കിൽ കിച്ചൻ കാബിനറ്റ് ഉൾപ്പടെയുള്ളവയും അണുവിമുക്തമാക്കിത്തരും. കാര്യങ്ങൾ ഇങ്ങനെയാണെങ്കിലും കബോഡിന്റെയും അലമാരയുടെയും ഉള്ളിലും തൊടാൻ ക്ലീനിംഗ് ഗ്രൂപ്പുകൾക്ക് പേടിയാണ്. വില പിടിപ്പുള്ള സ്വർണവും പണവും ഉൾപ്പടെയുള്ളവ ഉണ്ടാകും എന്നതിനാലാണിത്. വീട്ടുകാരുടെ സാമീപ്യമുണ്ടെങ്കിൽ ഉൾഭാഗവും ക്ലീനാക്കുന്നതിൽ കുഴപ്പമില്ല.

cleaning1

നൽകേണ്ടത് കറണ്ടും വെള്ളവും മാത്രം
ക്ലീൻ ചെയ്യാൻ കറണ്ടും വെള്ളവും ഒഴികെ വീട്ടിലെ ഒരു സാധനവും ക്ലീനിംഗ് ഗ്രൂപ്പുകാർ എടുക്കില്ല. ജോലിക്കിടെ ഏതെങ്കിലും സാധനത്തിന് കേടുപറ്റിയാൽ അതിന് പകരം ഉപയോഗിക്കാനുള്ള സാധനങ്ങളും അവരുടെ പക്കലുണ്ടാവും. സ്ക്വയർ ഫീറ്റ് കണക്കാക്കിയാണ് റേറ്റ് നിശ്ചയിക്കുന്നത്. അഞ്ച്, ആറുരൂപയാണ് സാധാരണ നിരക്ക്. ഏരിയ കൂടുതൽ ഉണ്ടെങ്കിൽ നിരക്കിൽ ചെറിയ ഇളവുകൾ നൽകും. അഴുക്കും കറയും കൂടുതലാണെങ്കിൽ റേറ്റ് ചിലപ്പോൾ കൂടിയേക്കാം. ക്ലീനിംഗിന് എത്ര സമയം വേണമെന്നത് മുൻകൂട്ടിപ്പറയാൻ കഴിയില്ല. ക്ലീനിംഗ് പ്രൊഫഷണലുകളിൽ ഒട്ടുമുക്കാൽപ്പേരും ഉന്നത വിദ്യാഭ്യാസമുള്ളവരാണ്. ഇവർക്ക് മികച്ച ശമ്പളവും ലഭിക്കുന്നുണ്ട്.