
ജീവിതത്തിലൊരിക്കലെങ്കിലും താരൻ മൂലം ബുദ്ധിമുട്ടനുഭവിക്കാത്തവർ ഉണ്ടാകില്ല. തലയോട്ടിയിലെ വരൾച്ച, മാനസിക സമ്മർദം തുടങ്ങി നിരവധി കാരണങ്ങൾ കൊണ്ടാണ് താരൻ വരുന്നത്.
മുടി കൊഴിച്ചിലും മുഖക്കുരുവും പുരികം കൊഴിച്ചിലും അടക്കം നിരവധി സൗന്ദര്യ പ്രശ്നങ്ങൾക്കും താരൻ കാരണമാകാറുണ്ട്. എന്നാലിനി താരനെ അകറ്റാൻ വളരെ എളുപ്പമുള്ള ഒരു വഴിയുണ്ട്. അതിനാവശ്യമായ സാധനങ്ങൾ നമ്മുടെ അടുക്കളയിൽ തന്നെയുണ്ട്. എന്താണെന്നല്ലേ? ഉലുവ കൊണ്ട് ചെറിയൊരു മാജിക് മാത്രം മതി, താരനെ തുരത്താൻ സാധിക്കും.
ഹെയർ മാസ്‌ക് തയ്യാറാക്കുന്ന വിധം
തലേന്ന് രാത്രി കുതിർത്തുവച്ച ഉലുവ തലേന്നത്തെ കഞ്ഞിവെള്ളത്തിൽ അരച്ചെടുക്കുക. ഇത് തലയോട്ടിയിൽ തേച്ച് പിടിപ്പിക്കുക. അരമണിക്കൂറിന് ശേഷം വീര്യം കുറഞ്ഞ ഷാംപു ഉപയോഗിച്ച് കഴുകിക്കളയാം. താരൻ അപ്രത്യക്ഷമാകും. കൂടാതെ മുടി കൊഴിച്ചിൽ തടയാനും ഈ ഹെയർമാസ്‌ക് സഹായിക്കും. നല്ലൊരു കണ്ടീഷണർ കൂടിയാണിത്. ആഴ്ചയിൽ ഒരു തവണ ഉപയോഗിക്കുന്നത് മുടിയുടെ ആരോഗ്യവും മെച്ചപ്പെടും.
ഇനി മറ്റൊരു വഴി കൂടിയുണ്ട്. തലേന്ന് രാത്രി കുതിർത്തുവച്ച ഉലുവ നന്നായി അരച്ചെടുക്കുക. ശേഷം കുറച്ച് ചെറുനാരങ്ങ നീര് ചേർത്ത് തലയോട്ടിയിൽ തേച്ചുപിടിപ്പിക്കുക. അരമണിക്കൂറിന് ശേഷം കഴുകിക്കളയാം. ആഴ്ചയിൽ ഒരു തവണ ഈ മാസ്‌ക് തലയിൽ തേച്ചാൽ താരനൊപ്പം മുടി കൊഴിച്ചിലും അകറ്റാം. കൂടാതെ തിളക്കമുള്ള മുടിയും സ്വന്തമാക്കാം.