k-b-ganesh-kumar

തിരുവനന്തപുരം: സംസ്ഥാനത്ത് നിയമസഭയിലേക്ക് പുതിയ മന്ത്രിയായി അധികാരമേൽക്കുന്ന കെബി ഗണേഷ് കുമാറിന് സിനിമാ വകുപ്പ് നൽകേണ്ടതില്ലെന്ന് തീരുമാനം. ആന്റണി രാജു വഹിച്ചിരുന്ന ഗതാഗതവകുപ്പ് മാത്രമാണ് ഗണേഷ് കുമാറിന് ലഭിക്കുക. സിപിഎമ്മിന്റെ കൈവശമുളള വകുപ്പ് മാറ്റേണ്ടെന്നാണ് സംസ്ഥാന സെക്രട്ടറിയേറ്റിന്റെ തീരുമാനം.

കെബി ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും ഇന്ന് മന്ത്രിമാരായി വൈകിട്ട് നാല് മണിക്ക് രാജ്ഭവനിൽ സത്യപ്രതിജ്ഞ ചെയ്യും. ഇടത് മുന്നണിയുടെ മുൻ ധാരണപ്രകാരമാണ് മന്ത്രിസ്ഥാനത്ത് രണ്ടര വർഷം പൂർത്തിയാക്കിയ ആന്റണി രാജുവും അഹമ്മദ് ദേവർകോവിലും രാജിവച്ചത്. പകരം കേരള കോൺഗ്രസ് ബിയുടെ കെബി ഗണേഷ് കുമാറിനെയും കോൺഗ്രസ് എസിന്റെ കടന്നപ്പള്ളി രാമചന്ദ്രനേയും മന്ത്രിമാരാക്കാനാണ് മുന്നണി തീരുമാനിച്ചത്.

ഇരുവർക്കും ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍ സത്യവാചകം ചൊല്ലിക്കൊടുക്കും.ആയിരം പേർക്ക് ഇരിക്കാവുന്ന വേദിയാണ് രാജ് ഭവനിൽ ഒരുക്കിയിരിക്കുന്നത്. സത്യപ്രതിജ്ഞയക്ക് പിന്നാലെ ഗവർണറുടെ ചായസൽക്കാരവും ഉണ്ടാകും. സർക്കാരുമായുള്ള പോര് രൂക്ഷമായിരിക്കെയാണ് ഗവർണറും മുഖ്യമന്ത്രി പിണറായി വിജയനും ഒരേ വേദിയിൽ എത്തുന്നത്.

അതേസമയം, കെഎസ്ആർടിസിയെ സിസ്റ്റമാറ്റിക് ആക്കി മാറ്റണമെന്ന് കെബി ഗണേഷ് കുമാർ മാദ്ധ്യമങ്ങളോട് പറഞ്ഞിരുന്നു. കെഎസ്ആർടിസിയിൽ പ്രശ്നങ്ങളുണ്ടെന്നും തൊഴിലാളികൾ പറയുന്നതിൽ കാര്യമുണ്ടെന്നും അദ്ദേഹം മുൻപ് തന്നെ വ്യക്തമാക്കിയിരുന്നു. സഹകരിച്ചാൽ വിജയിപ്പിക്കാമെന്നും ഗ്രാമീണ മേഖലയിൽ കൂടുതലായി സർവ്വീസുകൾ നടത്തുമെന്നും ഗണേഷ് കുമാ‌ർ പറഞ്ഞു.