bala-

തന്റെ മകളെ തന്നിൽ നിന്ന് അമൃത സുരേഷും കുടുംബവും അകറ്റുകയാണെന്ന് ആരോപിച്ച് നടൻ ബാല രംഗത്ത്. എല്ലാ രണ്ടാം ശനിയാഴ്ചയും വിശേഷ ദിവസങ്ങളിലും മകളെ തന്നെ കാണിക്കണമെന്ന കോടതി ഉത്തരവുണ്ടായിട്ടും മകളെ തന്നിൽ നിന്നും മറച്ചുപിടിക്കുകയാണെന്ന് ബാല പറയുന്നു. മകളോട് അച്ഛന്റെ പേര് ചോദിച്ചാൽ ആശയക്കുഴപ്പമുണ്ടാക്കുന്ന രീതിയിൽ ബ്രയിൻവാഷ് ചെയ്തിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒരു ഓൺലൈൻ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അമൃത സുരേഷിനും കുടുംബത്തിനുമെതിരെ ബാല ഗുരുതര ആരോപണം ഉന്നയിച്ചത്.

'മകൾക്ക് കൊവിഡ് ബാധിച്ചെന്ന് പറഞ്ഞ് ഒരു ദിവസം വിളിച്ചിരുന്നു. എന്നാൽ എന്താണ് അവസ്ഥ, ഏത് ആശുപത്രിയിലാണ് എന്ന കാര്യങ്ങൾ ഒന്നും പറഞ്ഞില്ല. ഒരു ഭിക്ഷക്കാരനെ പോലെ തുടരെ തുടരെ വിളിച്ചു. ഉച്ചയ്ക്ക് 12 മണി കഴിഞ്ഞപ്പോഴാണ് എന്നെ തിരിച്ചു വിളിച്ചത്. പിന്നീട് ഞാൻ ദേഷ്യപ്പെട്ട് പറഞ്ഞ ഫോൺ സംഭാഷണമാണ് പുറത്തുവിട്ടത്. ഏത് മനുഷ്യനും ലിമിറ്റ് വിട്ടുപോകുന്ന ഒരു സമയമുണ്ട്. എന്നെ എന്തിനാണ് അവർ ഇങ്ങനെ ദേഷ്യം പിടിപ്പിക്കുന്നത്'.

'എന്റെ പിറന്നാൾ ദിവസം പാപ്പു വിളിച്ച് ഹാപ്പി ബർത്ത്‌ഡേ അപ്പാ എന്ന് പറഞ്ഞാൽ എനിക്ക് എന്ത് സന്തോഷമാകും. അതിൽ അവർക്ക് എന്താണ് നഷ്ടപ്പെടാനുള്ളത്. എന്റെ മകളെ കാണിക്കാതെ വച്ചിരിക്കുകയാണ്. ആറ് വർഷം കോടതി കയറിയിറങ്ങിയാണ് ഈ വിധി നേടിയെടുത്തത്. എന്നെ കാണിച്ചാൽ എന്റെ സ്‌നേഹം മനസിലാക്കി അവൾ എന്റടുത്തേക്ക് വരുമെന്ന് പേടിച്ചാണ് അവർ കാണിക്കാത്തത്. മകളെ അവർ ബ്രെയിൻ വാഷ് ചെയ്യുകയാണ്. ഞാൻ ആണ് അവളുടെ യഥാർത്ഥ അച്ഛൻ. മകൾക്ക് ആശയക്കുഴപ്പമാണ്. ഈ വേദനയൊന്നും ആർക്കും മനസിലാകില്ല എനിക്കെതിരെ പോക്‌സോ കേസ് കൊടുത്തവരാണ്. എന്നാൽ കോടതി ആ കേസ് എടുത്തില്ല'- ബാല പറഞ്ഞു.