
മുടപുരം: വൃദ്ധരായ പുരുഷന്മാർക്കുള്ള വൃദ്ധസദനമോ പകൽവീടോ അഴൂരിൽ വേണമെന്ന ആവശ്യം ശക്തം. പഞ്ചായത്തിൽ അഴൂർ ക്ഷേത്രത്തിന് സമീപം സ്വകാര്യ ട്രസ്റ്റ് നടത്തുന്ന വൃദ്ധസദനവും കോളിച്ചിറയിൽ സാമൂഹ്യ നീതി വകുപ്പ് നടത്തുന്ന പകൽവീടും പ്രവർത്തിക്കുന്നുണ്ടെങ്കിലും രണ്ടിടത്തും സ്ത്രീകൾക്ക് മാത്രമാണ് പ്രവേശനം. ഇതുപോലെ പുരുഷൻമാർക്കും പകൽസമയങ്ങളിൽ വിശ്രമിക്കാൻ ഒരിടം വേണമെന്നാണ് ആവശ്യം.
ഇതിന് പരിഹാരം കാണാൻ കോളിച്ചിറയിൽ പ്രവർത്തിക്കുന്ന പകൽവീടിന് വേണ്ടി പുതിയതായി നിർമ്മിച്ച മന്ദിരം പുരുഷന്മാർക്കുള്ള പകൽവീടായി മാറ്റണമെന്നാണ് പ്രദേശവാസികൾ ആവശ്യപ്പെടുന്നത്. അഡ്വ.വി.ജോയി അഴൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റും അഴൂർ വിജയൻ വാർഡ് മെമ്പറുമായിരുന്ന 2015ൽ വി. ശശി എം.എൽ.എയുടെ പ്രത്യേക വികസന ഫണ്ട് ഉപയോഗിച്ചാണ് കോളിച്ചിറയിൽ പകൽ വീട് ആരംഭിച്ചത്. സാമൂഹ്യ നീതി വകുപ്പാണ് പകൽ വീട് നടത്തുന്നത്. പോത്തൻകോട് ബ്ലോക്ക് പഞ്ചായത്തും അഴൂർ ഗ്രാമപഞ്ചായത്തും ചേർന്നാണ് ഇതിന്റെ പ്രവർത്തനം.
നടപടി വേണം
കഴിഞ്ഞ വർഷം മാർച്ചിൽ ബ്ലോക്ക് പഞ്ചായത്ത് ഫണ്ട് വിനിയോഗിച്ച് ഇപ്പോഴുള്ള പകൽവീടിന്റെ പിറകിലായാണ് പുതിയ മന്ദിരം നിർമ്മിച്ചത്. പാചകപ്പുര, സ്റ്റോർ റൂം,രണ്ടു ടോയ്ലെറ്റുകൾ, വലിയ ഹാൾ എന്നിവ അടങ്ങുന്നതാണ് പുതിയ മന്ദിരം. വലിയ ഹാളിൽ 10 കട്ടിലുകൾ ഇട്ട് 10 പുരുഷന്മാർക്ക് പ്രവേശനം നൽകാൻ കഴിയും. പണി പൂർത്തിയായി മാസങ്ങൾ പലത് കഴിഞ്ഞിട്ടും വൈദ്യുതി കണക്ഷൻ ഇനിയും ലഭിച്ചിട്ടില്ല.
സൗകര്യങ്ങൾ സജ്ജം
60 വയസ് കഴിഞ്ഞ് ഒറ്റപ്പെട്ടു കഴിയുന്ന വൃദ്ധരായ പാവപ്പെട്ട വനിതകൾക്കാണ് പകൽവീട്ടിൽ ഇപ്പോൾ പ്രവേശനം. രാവിലെ 9.30നെത്തുന്ന അന്തേവാസികൾക്ക് വൈകിട്ട് 4വരെ തങ്ങാം. പ്രഭാതഭക്ഷണവും ഉച്ചയൂണും നൽകും. വൈകിട്ട് 3ന് ചായയും കടിയും. പത്രം,നോവൽ,കഥാപുസ്തകങ്ങൾ തുടങ്ങിയവ വായിക്കാൻ ലഭിക്കും. പകൽവീട് പ്രവർത്തിക്കുന്ന ഇരുനില മന്ദിരത്തിൽ താഴെ രണ്ടു മുറികൾ, മുകളിൽ ഒരുമുറിയും അടുക്കളയും സിറ്റൗട്ടും ടോയ്ലെറ്റുമുണ്ട്. താഴത്തെ നിലയിൽ അങ്കണവാടി പ്രവർത്തിക്കുന്നുണ്ട്. മുകളിലത്തെ നിലയിലാണ് പകൽവീട് പ്രവർത്തിക്കുന്നത്. രണ്ടാം നിലയിലെത്താൻ പടികൾ കയറുന്നത് വൃദ്ധരെ ബുദ്ധിമുട്ടിക്കുന്നുണ്ട്. നിലവിലെ കെട്ടിടത്തിന്റെ സ്ഥലപരിമിതിയാണ് പുതിയ കെട്ടിട നിർമ്മാണത്തിന് കാരണം.
യാത്രാസൗകര്യം വേണം
പകൽവീടിന് കെയർ ടേക്കർ,ഹെൽപ്പർ, കൂക്ക് എന്നീ ജീവനക്കാരുണ്ട്. കോളിച്ചിറക്ക് ചുറ്റുമുള്ള ആറ് പേരാണ് ഇവിടെ എത്തുന്നത്. പഞ്ചായത്തിലെ ഇതര വാർഡിൽ നിന്ന് എത്താനാഗ്രഹിക്കുന്നവരുമുണ്ട്. എന്നാൽ യാത്രാസൗകര്യം ഇല്ലാത്തതാണ് പ്രധാന പ്രശ്നം. പകൽവീടിന് വാഹനസൗകര്യം ഏർപ്പെടുത്തണമെന്ന ആവശ്യവും ശക്തമാണ്.