
മലയാള സിനിമയിൽ ഒരുകാലത്ത് നിറസാന്നിദ്ധ്യമായിരുന്നു ടി.പി മാധവൻ. താരസംഘടനായ അമ്മയുടെ ആരംഭഘട്ടത്തിൽ മാധവനായിരുന്നു ജനറൽ സെക്രട്ടറി. ഇന്നിപ്പോൾ പത്തനാപുരം ഗാന്ധിഭവനിൽ വിശ്രമജീവിതത്തിലാണ് അദ്ദേഹം. മറവി രോഗവും പ്രായത്തിന്റെ മറ്റ് അവശതകളും മാധവനുണ്ട്. നടൻ മോഹൻലാലിനെ കാണണമെന്ന് ഒരിക്കൽ അദ്ദേഹം ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് സമൂഹമാദ്ധ്യമങ്ങളിലടക്കം ലാൽ ടി.പി മാധവനെ കാണാൻ പോകണമെന്ന തരത്തിൽ അഭിപ്രായവും ഉയർന്നിരുന്നു. ഇപ്പോഴിതാ, അമ്മയുടെ ജനറൽ സെക്രട്ടറി ഇടവേള ബാബുവിന്റെ പ്രതികരണം ശ്രദ്ധേയമാവുകയാണ്.
ടി.പി മാധവനെ കുറിച്ച് ഇടവേള ബാബു പറഞ്ഞത്-
''മാധവൻ ചേട്ടന്റെ ഹോസ്‌പിറ്റൽ ബിൽ എല്ലാം അമ്മയിൽ നിന്നാണ് പോകുന്നത്. മാസം തോറുമുള്ള അദ്ദേഹത്തിന്റെ കോൺട്രിബ്യൂഷൻ കൃത്യമായി എത്തുന്നുണ്ട്. രണ്ടര മാസത്തോളം മാധവൻ ചേട്ടനെ നോക്കിയ ആളാണ് ഞാൻ. അതൊക്കെ പിന്നാമ്പുറം കഥകൾ. എന്നിട്ടും പറയാതെയാണ് അദ്ദേഹം ഹരിദ്വാർ യാത്ര പോയത്. അവിടുത്തെ പൂജാരി മാധവൻ ചേട്ടനെ തിരിച്ചറിയുകയായിരുന്നു. ഉടൻ അദ്ദേഹം സുരേഷ് ഗോപിയെ വിളിക്കുകയും, സുരേഷേട്ടൻ കാര്യം എന്നെ അറിയിക്കുകയും ചെയ‌്തു. മറ്റൊരു പശ്ചാത്തലത്തിലാണ് മാധവൻ ചേട്ടൻ ഇപ്പോൾ ജീവിക്കുന്നത്. അതുകൊണ്ടുതന്നെ അദ്ദേഹത്തെ നിയന്ത്രിക്കുന്നത് ഭയങ്കര ബുദ്ധിമുട്ടാണ്. പത്താനപുരത്ത് എല്ലാ സൗകര്യങ്ങളും അദ്ദേഹത്തിന് ചെയ‌്തുകൊടുത്തിട്ടുണ്ട്. പക്ഷേ, ചില കുറുമ്പുകൾ മാധവൻ ചേട്ടൻ അവിടെ കാണിക്കുന്നുമുണ്ട്. പ്രായത്തിന്റെ പ്രശ്‌നമായിട്ടേ അവർ അത് കൂട്ടിയിട്ടുള്ളൂ. അദ്ദേഹത്തിന്റെ എല്ലാം കാര്യങ്ങളും ഗാന്ധിഭവനിൽ നിന്നും അറിയിക്കുന്നുമുണ്ട്''.
മോഹൻലാൽ മാധവനെ കാണാൻ പോകാത്തതിനെ കുറിച്ച് ബാബുവിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു. ''സുഖമില്ലാതെ കിടന്നപ്പോൾ മാധവൻ ചേട്ടനെ കാണാൻ ആശുപത്രിയിൽ ഞാൻ ലാലേട്ടനെ കൊണ്ടുപോയിട്ടുണ്ട്. അന്ന് ലാലേട്ടനെ കാണണമെന്ന മാധവൻ ചേട്ടന്റെ ആഗ്രഹപ്രകാരമായിരുന്നു അത്. പുള്ളിയുടെ മനസിൽ എപ്പോഴുമുള്ളയാള് ലാലേട്ടൻ തന്നെയാണ്. ആരുമറിഞ്ഞിട്ടില്ല, മിനങ്ങാന്ന് ലാലേട്ടൻ കോഴിക്കോട് മാമുക്കോയയുടെ വീട്ടിൽ പോയി. അതുപോലെ തീർച്ചയായും മാധവേട്ടനെ കാണാൻ ലാലേട്ടൻ വീണ്ടും പോകും''.