d

തീർത്ഥാടനം വിശുദ്ധമായൊരു അനുഷ്ഠാനമാണ്. അതിലൂടെ അറിവു നേടി ജീവിത വിജയമുണ്ടാക്കാനും ഗുരുദേവൻ മാർഗദർശനം ചെയ്തു. തീർത്ഥത്തിൽ അടനം ചെയ്യുന്നതാണ് തീർത്ഥാടനം. തീർത്ഥം പുണ്യം നൽകുന്നതാണ്. പുണ്യ സ്ഥലങ്ങളിൽ നിന്ന് നാം തീർത്ഥം സ്വീകരിക്കാറുണ്ടല്ലോ. ആ തീർത്ഥം ആചമിക്കുമ്പോൾ നാം വിശുദ്ധത കൈവരിക്കണം. അതോടൊപ്പം അറിവിന്റെ തീർത്ഥം കൂടിയാവുമ്പോൾ ജന്മസാഫല്യമായി.


മനുഷ്യരുടെ സമഗ്രപുരോഗതിക്കു വേണ്ടുന്ന തത്വദർശനമാണ് ഗുരുദേവൻ ലോകത്തിനു നൽകിയത്. മനുഷ്യനാണ് ഗുരുദർശനത്തിന്റെ കേന്ദ്രബിന്ദു. മതവും തത്വദർശനവുമെല്ലാം മനുഷ്യനു വേണ്ടി മാത്രമാണ്. മനുഷ്യൻ കെട്ടുപോയാൽ മതവും തത്വദർശനവും എന്തിനെന്ന് ഗുരു ചോദിക്കുന്നു. ഗുരുദേവൻ ശിവഗിരി തീർത്ഥാടന സന്ദേശം നൽകുമ്പോൾ മനുഷ്യരുടെ മുഴുവൻ ശാശ്വത പുരോഗതിയാണ് ലക്ഷീകരിച്ചത്. മഹാനായൊരു രാഷ്ട്രമീമാംസകനെ ശിവഗിരി തീർത്ഥാടന സന്ദേശത്തിൽ നമുക്കു കാണാം.

അറിവിലൂടെ

വിജയം

ശിവഗിരി തീർത്ഥാടനം അറിവിന്റെ തീർത്ഥാടനമാണ്. പാപം പോക്കി പുണ്യം നേടുക എന്നതിനപ്പുറം,​ അറിവു നേടി ജീവിതവിജയം കൈവരിക്കുവാൻ ശിവഗിരി തീർത്ഥാടനം പ്രേരണയാകുന്നു. ശ്രീനാരായണ ഗുരുദേവൻ സത്യസങ്കല്പധനനായ മഹാഗുരുവാണ്. ഗുരുദേവന്റെ അന്തരാത്മാവിൽ ഉണരുന്ന ഏതു സങ്കല്പവും സാക്ഷാത്കരിക്കപ്പെടുക തന്നെ ചെയ്യും. സത്യസങ്കല്പധനന്മാരായ ഗുരുക്കന്മാർ എന്തു സങ്കല്പിക്കുന്നുവോ,​ അതുപോലെ സംഭവിക്കുമെന്ന് പതഞ്ജലിയുടെ യോഗദർശനം പറയുന്നുണ്ട്. സത്യത്തിൽ ഉറപ്പുവന്ന മഹാത്മാവ് മറ്റൊന്നും സങ്കല്പിക്കാത്തതിനാൽ ഉളവാകുന്ന സങ്കല്‍പത്തിന് ഫലസിദ്ധിയുണ്ടാകും.


ഗുരുദേവൻ ശിവഗിരി മഠം സ്ഥാപിച്ചത് 1904- ലാണ്. തൃപ്പാദങ്ങൾ അവിടത്തെ പ്രസ്ഥാനത്തിന്റെ തലസ്ഥാനമായി കണ്ടാണ് ശിവഗിരി മഠത്തിന് രൂപവും ഭാവവും നൽകിയതെന്നു കാണാം. ഇക്കാലത്ത് ഗുരുദേവൻ നൽകിയ അദ്വൈത ജീവിതം എന്ന പ്രശസ്തമായൊരു സന്ദേശമുണ്ട്. ഈ സന്ദേശത്തിൽ മനുഷ്യർ എങ്ങനെയാണ് അദ്വൈത ഭാവനയോടെ കഴിയേണ്ടതെന്ന് വിഭാവനം ചെയ്യുന്നുണ്ട്. ശ്രീശങ്കരാചാര്യർ, 'ഭാവദ്വൈതം സദാകുര്യാത് ക്രിയാദ്വൈതം ന കുത്രചിത് 'എന്നിങ്ങനെ,​ ജീവിതത്തിൽ അദ്വൈതത്തെ എങ്ങനെ പകർത്തണമെന്ന് ചൂണ്ടിക്കാണിക്കുന്നുണ്ട്. എല്ലാ ജീവിനും ഒരേയൊരു പരമാത്മ ചൈതന്യം തന്നെയാണെന്ന് അന്തരാത്മാവിൽ ഭാവന ചെയ്തത് പ്രവ‌ൃത്തിയിൽ പിന്തുടരേണ്ടതില്ലെന്ന് അദ്വൈത വാദിയായി ശ്രീശങ്കരൻ ഉപദേശിക്കുന്നുണ്ട്. ഗുരുദേവനാകട്ടെ,​ എല്ലാമെല്ലാം ഒരേയൊരു അദ്വൈത സത്യമായിരിക്കുമ്പോൾ അത് ജീവിതത്തിലുടനീളം പിന്തുടരണമെന്ന് ഉപദർശനം ചെയ്യുന്നു.

അദ്വൈതത്തിലെ

ജീവിതദർശനം


ഞാനും നീയും അവനും ഇവനും ഇനി മറ്റൊരാളും തമ്മിൽ ഭേദമില്ല. പരംപൊരുളിന്റെ എല്ലാമെല്ലാം അതിന്റെ കിരണങ്ങൾ മാത്രമാണ്. അതായത്,​ ഒരേയൊരു പരംപൊരുളാണ് അനേകം ജീവനായി പ്രകാശിക്കുന്നത്. എല്ലാവരും നിന്റെതന്നെ അംശമാകയാൽ നീ ചെയ്യുന്ന പ്രവൃത്തിയെല്ലാം അന്യനുകൂടി ഹിതമാകണം. നീ ചെയ്യുന്ന കർമ്മം നിന്റെ സുഖത്തിന് നിദാനമായിരിക്കുന്നുവെങ്കിലും അത് മറ്റൊരാൾക്ക് അഹിതമാകുന്നുവെങ്കിൽ ആ പ്രവൃത്തി ചെയ്യരുത്. ഇങ്ങനെ അദ്വൈത ബോധത്തെ ഒരു ജീവിതദർശനമാക്കി മാറ്റിയ മഹാത്മാവാണ് ശ്രീനാരായണ ഗുരു. മാത്രമല്ല,​ അത് ജീവിതത്തിലുടനീളം കാണിച്ചുക്കൊടുക്കുകയും ചെയ്തു.

വർക്കലയിൽ ഗുരുദേവൻ ആദ്യം പരിചയപ്പെടുന്ന മൂന്നുപേർ ഒരു മുസ്ലീമും ഒരു ദളിതനും ഒരു ബ്രാഹ്മണനും ആയിരുന്നു. ദൈവം തന്നെ മനുഷ്യാകാരം പൂണ്ടു വന്നതായി അവർക്കു തോന്നി. തുടർന്നാണ് കൊച്ചപ്പി വൈദ്യൻ ഗുരുവിനെ ദർശിക്കുന്നതും ഗുരുവിന് ആസ്ഥാനമൊരുക്കുന്നതും. അടുത്ത്,​ സാമാന്യം ഉയർന്നുനിൽക്കുന്ന കുന്ന് ചൂണ്ടിക്കാണിച്ച് നമുക്ക് അവിടേക്കു പോകണം എന്ന് ഗുരു കല്പിച്ചു. കുന്നിൻനെറുകയിൽ ഒരു പർണശാല കെട്ടിയുണ്ടാക്കി,​ ഇതുതന്നെ നമ്മുടെ സ്വർഗം എന്നു കല്പിച്ച് അവിടെ താമസമാക്കുകയും,​ ആ കുന്നിന് ശിവഗിരിയെന്ന് പേരുനല്‍കുകയും ചെയ്തു. 1904-ൽത്തന്നെ വ‌‌ർക്കലയ്ക്കടുത്ത് വെട്ടൂരിൽ പുലയ സമുദായത്തിൽപ്പെട്ടവർക്കും പറയ സമുദായത്തിൽപ്പെട്ടവർക്കുമായി ഓരോ കുടിപ്പള്ളിക്കൂടങ്ങൾ ഗുരു സ്ഥാപിച്ചു. അവിടെ സന്യാസിമാരും ഗൃഹസ്ഥന്മാരും അടങ്ങിയ ശിഷ്യരെ അദ്ധ്യാപകരായി നിയമിച്ചു.


ശിവഗിരിയിൽ താമസിയാതെ നെയ്ത്തുശാലയും സംസ്കൃത പാഠശാലയും ആയുർവേദ പാഠശാലയും വൈദിക പാഠശാലയും ഗുരുദേവൻ സംസ്ഥാപനം ചെയ്തു. 1912 മേയ് ഒന്നിന് പുലരും മുമ്പേ ശാരദാപ്രതിഷ്ഠയും നടത്തി. ശാരദാ പ്രതിഷ്ഠയോട് ചേർന്നുനടന്ന സമ്മേളനത്തിൽ മിതവാദി കൃഷ്ണൻ വക്കീൽ ചെയ്ത പ്രസംഗത്തിൽ,​ ശിവഗിരി പ്രസ്ഥാനത്തിന്റെ തലസ്ഥാനമായി ഉയർന്നുവെന്ന ധ്വനിയുണ്ട്. ബോധാനന്ദ സ്വാമിയും ശിഷ്യസംഘവും ഗുരുദേവ പ്രസ്ഥാനത്തിൽ ലയിച്ചതും ഈ അവസരത്തിൽത്തന്നെ. ഗുരുദേവൻ അവിടത്തെ പ്രഥമ ശിഷ്യനായ ശിവലിംഗ സ്വാമിയെ അനന്തരഗാമിയായി 1912-ൽത്തന്നെ നിശ്ചയിക്കുകയും ചെയ്തു.

അരുവിപ്പുറം

ആരംഭം


ഗുരുദേവൻ സ്വന്തം അവതാര കൃത്യനിർവഹണത്തിന് പ്രാരംഭം കുറിച്ചത് അരുവിപ്പുറം പ്രതിഷ്ഠയോടു കൂടിയാണല്ലോ. തുടർന്ന് ഗുരു സ്വയം ഏറ്റെടുത്ത് പ്രഖ്യാപനം ചെയ്തതായിരുന്നു ശിവഗിരി മഠം. ആലുവയിൽ അദ്വൈതാശ്രമം സ്ഥാപിക്കുകയായിരുന്നു അടുത്ത പടി. സഗുണോപാസനയിൽ തുടങ്ങി ശിവഗിരിയിൽ സാത്വികതയുടെ പാരമ്യതയിലുള്ള മൂർത്തിയെ (ശാരദയെ)​ പ്രതിഷ്ഠിച്ച്,​ തുടർന്ന് അദ്വൈത സത്യത്തിലേക്ക് ആനയിക്കുന്ന ആദ്ധ്യാത്മികതയുടെ അനുപമേയ മാർഗമാണ് ഗുരു തെളിച്ചു തന്നത്. അദ്വൈതാശ്രമത്തിൽ ക്ഷേത്രമോ പ്രതിഷ്ഠയോ നടത്തിയിട്ടില്ല. 1924-ൽ ആലുവയിൽ പ്രശസ്തമായ സർവമത മഹാസമ്മേളനം അവിടുന്ന് വിളിച്ചുകൂട്ടി.

സമ്മേളനത്തിനൊടുവിൽ,​ എല്ലാ മതങ്ങളുടെയും സാരം ഏകമാകയാൽ എല്ലാ മതങ്ങളും എല്ലാവരും സമബുദ്ധിയോടും സമഭക്തിയോടും കൂടി പഠിക്കണമെന്നും,​ അതിന് അഞ്ചുലക്ഷം രൂപ ചെലവിൽ (അന്നത്തെ അഞ്ചുലക്ഷം ഇന്നത്തെ എത്ര കോടി!) ഒരു സ‌‌ർവമത മഹാപാഠശാല ശിവഗിരിയിൽ സ്ഥാപിക്കണമെന്നും മഹാഗുരു പ്രഖ്യാപിച്ചു. 1926-ൽ ശിവഗിരിയിൽത്തന്നെ ഒരു മാതൃകാ പാഠശാല സ്ഥാപിക്കുകയും അവിടെ കൃഷിയും മെക്കാനിസവും പാഠ്യവിഷയങ്ങളിൽ ഉൾപ്പെടുത്തി തൊഴിലധിഷ്ഠിത വിദ്യാഭ്യാസ സമ്പ്രദായം പ്രായോഗികമാക്കുകയും ചെയ്തു. മേൽപ്പറഞ്ഞ സുപ്രധാന സ്ഥാപനങ്ങൾ ഓരോന്നും ശിവഗിരിയിൽത്തന്നെ സ്ഥാപിക്കുവാൻ ഗുരു ദീർഘദർശനം ചെയ്തത് തികഞ്ഞ ലക്ഷ്യബോധത്തോടെയാണ്. ഇതുവഴി ഒരു തീർത്ഥാടന കേന്ദ്രത്തിന് ആവശ്യമായ സ്ഥാപനങ്ങളും പ്രസ്ഥാനങ്ങളും മഹത്തായ ആശയസംഹിതയും ഗുരുദേവൻ സ്വരൂപിക്കുകയാണ് ചെയ്തത്.

ഏറെയുണ്ട്

ഇനിയും...


കഴിഞ്ഞ 90 വർഷങ്ങളായി ഗുരുദേവന്റെ അഷ്ടാംഗ വിഷയങ്ങളെ ആസ്പദമാക്കി നൂറുകണക്കിനു സമ്മേളനങ്ങൾ നടന്നിട്ടുണ്ട്. സാമൂഹിക, സാംസ്കാരിക,​ രാഷ്ട്രീയ ആത്മീയ രംഗങ്ങളിൽ ഭാരതത്തിലെ അതിപ്രശസ്തരും പ്രഗത്ഭരുമായ മഹാമനീഷികൾ ഈ സമ്മേളനങ്ങളിൽ പങ്കെടുത്തുകൊണ്ടിരിക്കുന്നു. അവരുടെ പ്രസംഗങ്ങൾ കേരളീയ പൊതുജീവിതത്തിൽ സൃഷ്ടിച്ചിട്ടുള്ള അലകൾ ചെറുതല്ലല്ലോ. എന്നാൽ ഇനിയും ഏറെ മുന്നേറേണ്ടതുണ്ട്. ശ്രീനാരായണ ഭക്തലോകം,​ തീർത്ഥാടന സന്ദേശം ഇനിയുമെത്താത്ത ഗ്രാമങ്ങളിലും നഗരങ്ങളിലും ധർമ്മപ്രചരണ സമ്മേളനം, ഗൃഹസന്ദർശനം, ധർമ്മ മീമാംസാ പരിഷത്ത്, സെമിനാറുകൾ, ചർച്ചാ ക്ലാസ്സുകൾ തുടങ്ങിയവ സംഘടിപ്പിച്ച് തീർത്ഥാടന സന്ദേശം എല്ലാ ഹൃദയങ്ങളിലും എത്തിക്കണം.


ശിവഗിരി തീർത്ഥാടകർ ശാരദാമഠവും മഹാസമാധി മന്ദിരവും ദർശിച്ച് ഈശ്വര കാരുണ്യം നേടുന്നതിനപ്പുറം,​സമ്മേളന പരിപാടികളിൽ പങ്കെടുത്ത് പുതിയ അറിവുകൾ ആർജ്ജിക്കുവാൻ ശ്രദ്ധിക്കണം. പ്രഭാഷണങ്ങൾ ശ്രദ്ധിച്ചിരുന്നു കേൾക്കണം. അത് പ്രവൃത്തിപഥത്തിലെത്തിക്കണം. വ്യക്തിയും സമുദായവും സമൂഹവും അങ്ങനെ പുരോഗതി കൈവരിക്കണം.ഗുരുദേവന്റെ ഈ ദിവ്യോപദേശങ്ങൾ പ്രാവർത്തികമാക്കാനാണ് ഓരോ ഗുരുഭക്തനും ശ്രമിക്കേണ്ടത്.