toilet

ന്യൂഡൽഹി: ജോലിക്കിടെ ടോയ്‌ലറ്റിൽ പോയ ജീവനക്കാരിയോട് സിക്ക് ലീവോ, ശമ്പളമില്ലാത്ത അവധിയോ എടുക്കാൻ ആവശ്യപ്പെട്ട് കമ്പനിമേധാവി. സോഷ്യൽ മീഡിയാ ഉപഭോക്താവായ യുവതിയാണ് തനിക്കുണ്ടായ ദുരനുഭവം പങ്കുവച്ചത്. നിമിഷങ്ങൾക്കകം പോസ്റ്റ് വൈറലായി. ബോസിനെതിരെ രൂക്ഷവിമർശനമാണ് ഉയരുന്നത്.

വർക്ക് ഫ്രം ഹോം വ്യവസ്ഥയിൽ ജോലിചെയ്യുകയായിരുന്നു യുവതി ടോയ്‌ലറ്റിൽ പോകാനായി എട്ടുമിനിട്ട് എടുത്തതാണ് ബോസിനെ പ്രകോപിച്ചിച്ചത്. 'വീട്ടിലിരുന്നാണ് ഞാൻ ജോലിചെയ്തിരുന്നത്, ഇന്ന് രാവിലെ ടോയ്‌ലറ്റിൽ പോകാനായി എട്ടുമിനിട്ട് എടുത്തു. ടോയ്‌ലറ്റിൽ ഇരിക്കുമ്പോൾ എനിക്ക് ബോസിൽ നിന്ന് ഒരു വോയ്‌സ്‌മെയിൽ ലഭിച്ചു,ബാത്ത് റൂമിൽ പോകാനെടുത്ത സമയം ലീവ് ആയി കണക്കാക്കുമെന്നും,ഒന്നുകിൽ സിക്ക് ലീവോ,അല്ലെങ്കിൽ ശമ്പളമില്ലാത്ത അവധിയോ എടുക്കണമെന്നായിരുന്നു മെസേജിൽ ആവശ്യപ്പെട്ടിരുന്നത്. ശരിക്കും ഞാൻ ഞെട്ടിപ്പോയി'-. യുവതിയുടെ പോസ്റ്റ് ഇങ്ങനെ പോകുന്നു.നിമിഷങ്ങൾക്കകം പോസ്റ്റ് വൈറലാവുകയും കമന്റുമായി നിരവധിപേർ രംഗത്തെത്തുകയും ചെയ്തു.

സൂപ്പർ വൈസർമാരുടെ വാക്കുകൊണ്ടുള്ള അധിക്ഷേപം, അറിയിപ്പില്ലാതെ പെട്ടെന്ന് വർക്ക് ഷെഡ്യൂളുകൾ മാറ്റുക തുടങ്ങി തങ്ങൾ നേരിടുന്ന നിരവധി പ്രശ്നങ്ങൾ പലരും ചൂണ്ടിക്കാട്ടി. ബോസിനെ അനുകൂലിച്ച് ഒരാൾപോലും കമന്റ് ചെയ്തില്ല.