kb-ganesh-kumar

തിരുവനന്തപുരം: സംസ്ഥാന മന്ത്രിസഭയിലേക്ക് പുതുതായി എത്തിയ കെബി ഗണേഷ് കുമാറിന് ആശംസ അറിയിച്ച് ഭാര്യ ബിന്ദു മേനോൻ. ഒരു കാര്യം എറ്റെടുത്താൽ അത് ഭംഗിയായി ചെയ്യാൻ ഗണേഷ് കുമാറിന് കഴിയുമെന്ന് ബിന്ദു മേനോൻ പറഞ്ഞു. ഗതാഗത വകുപ്പിൽ അത്ഭുതങ്ങൾ ഉണ്ടാക്കിയെടുക്കാൻ കഴിയുമെന്ന് അദ്ദേഹം മുമ്പ് തെളിയിച്ചതാണെന്നും ഇനിയും അങ്ങനെയുള്ള മാജിക് ഉണ്ടാക്കിയെടുക്കാൻ അദ്ദേഹത്തിന് കഴിയട്ടെയെന്നാണ് പ്രാർത്ഥനയെന്നും ബിന്ദു മേനോൻ കൂട്ടിച്ചേർത്തു.

ഗണേഷ് കുമാർ ടെൻഷനുള്ള ആളാണോ എന്ന മാദ്ധ്യമപ്രവർത്തകന്റെ ചോദ്യത്തിന്, ഞാൻ വരുന്നതിന് മുമ്പും ഒരുപാട് പ്രശ്നങ്ങളുമായി ടെൻഷനിൽ ജീവിക്കുന്ന ആളായിരുന്നു ഗണേഷ് കുമാറാണെന്നാണ് ബിന്ദുവിന്റെ മറുപടി. 'കുടുംബത്തിൽ നിന്നും പുറത്തും ഓരോരോ കേസും അദ്ദേഹത്തിന് എതിരായി കൊടുക്കും. അതുകൊണ്ട് അങ്ങനെ ടെൻഷനിൽ ജീവിക്കുന്ന ആളൊന്നുമല്ല. നമ്മൾ ദൈവത്തിൽ വിശ്വസിക്കുന്നു. നമ്മൾ തെറ്റ് ചെയ്താൽ മാത്രമേ പേടിക്കേണ്ടതുള്ളൂ' ബിന്ദു പറഞ്ഞു.

'ഒരു കാര്യം ഏറ്റെടുത്താൽ അത് പെർഫെക്ഷനോട് കൂടി ചെയ്യുന്ന ആളാണ്. അതുകൊണ്ട് മന്ത്രി സ്ഥാനം ലഭിക്കുമ്പോൾ ട്രാൻസ്‌പോർട്ട് വകുപ്പിനെ രക്ഷിക്കാനുള്ള എല്ലാ വഴികളും ഈ രണ്ടര വർഷത്തിൽ നോക്കുമെന്നുള്ള കാര്യം ഉറപ്പാണ്. കഴിഞ്ഞ് മൂന്ന് വർഷത്തോളമായി എല്ലാ കാര്യങ്ങളിലും ഞാനും സഹായിക്കാറുണ്ട്. ഒരു മനുഷ്യന് ചെയ്യാൻ പറ്റുന്നതിനേക്കാൾ ഒരുപാട് ഉത്തരവാദിത്തങ്ങളുണ്ട്. എനിക്ക് പറ്റുന്ന കാര്യങ്ങൾ നോക്കി ഞാനും കൂടെയുണ്ട്'- ബിന്ദു പറഞ്ഞു.

അതേസമയം, കെബി ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഇരുവർക്കും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സത്യവാചകം ചൊല്ലിക്കൊടുത്തു. ചടങ്ങിൽ പങ്കെടുക്കാനായി മുഖ്യമന്ത്രി പിണറായി വിജയനും മറ്റ് മന്ത്രിമാരും രാജ്ഭവനിലെത്തിയിരുന്നു.


ഇടത് മുന്നണിയുടെ മുൻ ധാരണപ്രകാരം മന്ത്രിസ്ഥാനത്ത് രണ്ടര വർഷം പൂർത്തിയാക്കിയ ആന്റണി രാജുവും അഹമ്മദ് ദേവർകോവിലും നേരത്തെ രാജിവച്ചിരുന്നു. ഇവർക്ക് പകരം കേരള കോൺഗ്രസ് ബിയുടെ കെബി ഗണേഷ് കുമാറിനെയും കോൺഗ്രസ് എസിന്റെ കടന്നപ്പള്ളി രാമചന്ദ്രനേയും മന്ത്രിമാരാക്കാൻ മുന്നണി തീരുമാനിക്കുകയായിരുന്നു.