airport

കോട്ടയം : ഇടതുമുന്നണി സർക്കാരിന്റെ കാലത്തോളം പഴക്കമുള്ള നിരവധി പദ്ധതികൾ 2023 ലും രാഷ്ട്രീയത്തിന്റെ പേരിൽ പൂർത്തിയാകാതെ കിടക്കുമ്പോൾ പ്രതീക്ഷ നൽകുന്നത് ശബരിമല വിമാനത്താവളമാണ്. തടസങ്ങൾ ഇല്ലെങ്കിൽ 2030 ന് മുമ്പ് വിമാനം ഉയരും. സംസ്ഥാനത്തെ അഞ്ചാമത്തെ വിമാനത്താവളത്തിനായി ചെറുവള്ളി എസ്റ്റേറ്റിൽ 2223 ഏക്കറും പുറത്ത് 260 ഏക്കറും ഏറ്റെടുക്കാനുള്ള നടപടികൾ അന്തിമഘട്ടത്തിലാണ്. 51 ശതമാനം സർക്കാർ ഓഹരികളും ബാക്കി സ്വകാര്യ വ്യക്തികൾക്കുമാകും. കേന്ദ്ര വ്യോമയാന, പരിസ്ഥിതി വനം മന്ത്രാലയങ്ങളുടെ അനുമതി ലഭ്യമായി. കൂടുതൽ പ്രവാസികളുള്ള പത്തനംതിട്ടയ്ക്ക് പുറമെ കോട്ടയം,​ ഇടുക്കി,​ ആലപ്പുഴ ജില്ലകൾക്കും നേട്ടമാകും.. ശബരിമല ദേശീയ തീർത്ഥാടന കേന്ദ്രമാക്കാൻ ബി.ജെ.പി താത്പര്യം കാട്ടുന്നതിനാൽ കേന്ദ്രസർക്കാരിന്റെ പരിഗണനയും ലഭ്യമായേക്കും.

കെ.പി.പി.എൽ : വെള്ളപ്പുക ഉയർന്നു

വെള്ലൂർ ന്യൂസ് പ്രിന്റ് ഫാക്ടറികേന്ദ്ര സർക്കാർ അടച്ചു പൂട്ടിയെങ്കിലും സംസ്ഥാന സർക്കാർ മുൻകൈയെടുത്ത് ലേലത്തിൽ വാങ്ങിയതോടെ വെള്ളൂരിലെ കേരള പേപ്പർ പ്രൊഡക്ടസ് ലിമിറ്റഡ് യാഥാർത്ഥ്യമായി. ഒപ്പം ഉത്പാദനവും ആരംഭിച്ചു. ഇതിനിടെ അഗ്നിബാധ ഉണ്ടായത് വിവാദത്തിനും ഇടയാക്കി. 300 ടൺ കടലാസ് ദിവസം ഇവിടെ ഉത്പാദിപ്പിക്കുന്നു. 3000 പേർക്ക് ജോലിയും അഞ്ച് ലക്ഷം മെട്രിക് ടൺ ഉത്പാദനവും 3000 കോടി വാർഷിക വിറ്റുവരവുമാണ് ലക്ഷ്യം. വെള്ളൂരിൽ റബർ അധിഷ്ഠിത വ്യവസായം ആരംഭിക്കുന്നതിനുള്ള പ്രവർത്തനവും ഉൗർജ്ജിതമാണ്.

കിടങ്ങൂരിൽ മോഡേൺ റൈസ് മില്ല്

സഹകരണ മേഖലയിൽ കിടങ്ങൂരിൽ മോഡേൺ റൈസ് മില്ല് ആരംഭിക്കുന്നതിന് സ്ഥലമേറ്റെടുത്തു. നെല്ല് സംഭരണത്തിൽ സ്വകാര്യമില്ലുകളുടെ ചൂഷണം ഇല്ലാതാക്കാൻ ഇതുവഴിയാകും. നിലവിൽ വെച്ചൂരിൽ ഓയിൽ പാം ഉടമസ്ഥതയിൽ റൈസ് മില്ലുണ്ട്. കോട്ടയത്ത് ഇതോടെ രണ്ട് സർക്കാർറൈസ് മില്ലാകും.

പാതിവഴിയിൽ സ്വപ്ന പദ്ധതികൾ

പണി പൂർത്തിയാകാതെ പാതി വഴിയിലായ വികസന പദ്ധതികൾ ജില്ലയിൽ നിരവധിയാണ്. കൂടുതലും യു.ഡി.എഫ് എം.എൽഎമാരുടെ മണ്ഡലങ്ങൽ. രാഷ്ട്രീയ പകപോക്കലാണ് ഇതിന് പിന്നിലെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എയടക്കം കുറ്റപ്പെടുത്തുന്നു. കോട്ടയത്ത് ആകാശപാത, കോടിമത രണ്ടാം പാലം, നെഹൃസ്റ്റേഡിയം, ചിങ്ങവനം സ്പോർട്സ് കോംപ്ലക്സ് തുടങ്ങിയവ ഇതിന് ഉദാഹരണമാണ്. കുമരകം കോണത്താറ്റ് പാലം, അഞ്ചുമനപ്പാലം, പരിപ്പ് തൊള്ളായിരം പാലം , കാരിത്താസ് റെയിൽവേ മേൽപ്പാലം തുടങ്ങിയവവും പാതിവഴിയിൽ നിർമാണം നിലച്ചു.