
തിരുവനന്തപുരം: കെ.ബി. ഗണേഷ്‌കുമാറും രാമചന്ദ്രൻ കടന്നപ്പള്ളിയും സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെ മന്ത്രിമാരുടെ വകുപ്പുകളിലും മാറ്റം. മന്ത്രി ഗണേഷ് കുമാറിന് മുൻ ധാരണ പ്രകാരം ഗതാഗത വകുപ്പാണ് നൽകിയിരിക്കുന്നത്. സിനിമ വകുപ്പും ആവശ്യപ്പെട്ടിരുന്നെങ്കിലും നൽകിയില്ല. അഹമ്മദ് ദേവർകോവിൽ കൈകാര്യം ചെയ്തിരുന്ന തുറമുഖ വകുപ്പ് രാമചന്ദ്രൻ കടന്നപ്പള്ളിക്ക് നൽകിയില്ല. രജിസ്‌ട്രേഷൻ, മ്യൂസിയം പുരാവസ്തു വകുപ്പാണ് കടന്നപ്പള്ളിക്ക് നൽകിയിരിക്കുന്നത്. മന്ത്രി വി.എൻ. വാസവന് സഹകരണത്തിനൊപ്പം തുറമുഖ വകുപ്പിന്റെ അധിക ചുമതല കൂടി നൽകിയിട്ടുണ്ട്. പുതിയ മന്ത്രിമാരുടെ വകുപ്പുകൾ സംബന്ധിച്ച അന്തിമ പട്ടികയാണ് ഇപ്പോൾ പുറത്തുവന്നത്.
മന്ത്രിസഭാ പുനഃസംഘടനയുടെ ഭാഗമായാണ്: കെ ബി ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും ഇന്ന് മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തത്. സഗൗരവ പ്രതിജ്ഞയെടുത്ത് രാമചന്ദ്രൻ കടന്നപ്പള്ളി ചുമതലയേറ്റെടുത്തപ്പോൾ ദൈവനാമത്തിലായിരുന്നു കെ ബി ഗണേഷ്‌കുമാർ സത്യപ്രതിജ്ഞ ചെയ്തത്.രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഇരുവർക്കും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സത്യവാചകം ചൊല്ലിക്കൊടുത്തു. ഇടത് മുന്നണിയുടെ മുൻ ധാരണപ്രകാരം മന്ത്രിസ്ഥാനത്ത് രണ്ടര വർഷം പൂർത്തിയാക്കിയ ആന്റണി രാജുവും അഹമ്മദ് ദേവർകോവിലും നേരത്തെ രാജിവച്ചിരുന്നു. ഇവർക്ക് പകരം കേരള കോൺഗ്രസ് ബിയുടെ കെബി ഗണേഷ് കുമാറിനെയും കോൺഗ്രസ് എസിന്റെ കടന്നപ്പള്ളി രാമചന്ദ്രനേയും മന്ത്രിമാരാക്കാൻ മുന്നണി തീരുമാനിക്കുകയായിരുന്നു.