
സെഞ്ചൂറിയൻ : ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ഒന്നാം ടെസ്റ്റിലെ ഇന്നിംഗ്സ് തോൽവിക്ക് പിന്നാലെ ഇന്ത്യയ്ക്ക് കുറഞ്ഞ ഓവർ നിരക്കിന്റെ പേരിൽ പിഴയും ലോകടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ പോയിന്റ് നഷ്ടവും. കുറഞ്ഞ ഓവർ നിരക്കിന്റെ പേരിൽ മാച്ച് ഫീസിന്റെ പത്ത് ശതമാനം ഇന്ത്യ പിഴയടയ്ക്കണമെന്ന് ഇന്റർ നാഷണൽ ക്രിക്കറ്റ് അസോസിയേഷൻ (ഐ.സി.സി) അറിയിച്ചു. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ 2 പോയിന്റ് ഇന്ത്യയ്ക്ക് നഷ്ടമാകും. ദക്ഷിണാഫ്രിക്കൻ ഇന്നിംഗ്സിൽ നിശ്ചിത സമയത്ത് എറിഞ്ഞ് തീർക്കേണ്ടുന്നതിനെക്കാൾ രണ്ട് ഓവർ പുറകിലായിരുന്നു ഇന്ത്യ. വൈകുന്ന ഓരോ ഓവറിനും മാച്ച് ഫീസിന്റെ 5 ശതമാനം വീതമാണ് പിഴയീടാക്കുക. ഓരോ ഓവറിനും ഒരു പോയിന്റു വീതം ടെസ്റ്റ് ചാംപ്യൻഷിപ്പ് പട്ടികയിൽ കുറവു വരുത്തുകയും ചെയ്യും. ഇതോടെ പട്ടികയിൽ അഞ്ചാം സ്ഥാനത്ത് നിന്ന് ഇന്ത്യ ആറാം സ്ഥാനത്തേക്കിറങ്ങി.
ഒന്നാമത് ദക്ഷിണാഫ്രിക്ക
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയിന്റ് പട്ടികയിൽ ദക്ഷിണാഫ്രിക്കയാണ് ഒന്നാം സ്ഥാനത്തുള്ളത്. ന്യൂസിലൻഡും ഓസ്ട്രേലിയയുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ. ബംഗ്ലാദേ് നാലാമതും പാകിസ്ഥാൻ അഞ്ചാമതുമാണ്. ഇന്ത്യ ആറാമതാണ്. 2025ലാണ് അടുത്ത ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ.
രണ്ടാം ടെസ്റ്റ് മൂന്നു മുതൽ
ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ടെസ്റ്റ് പരമ്പരയിലെ രണ്ടാമത്തേയും അവസാനത്തേയും മത്സരം ജനുവരി മൂന്നിന് തുടങ്ങും. ആദ്യ ടെസ്റ്റിൽ ഇന്നിംഗ്സിനും 32 റൺസിനുമായിരുന്നു ഇന്ത്യയുടെ തോൽവി. മൂന്നാം ദിവസം തന്നെ ഇന്ത്യ തോൽവി വഴങ്ങി. പരമ്പര നഷ്ടപ്പെടാതിരിക്കണേൽ രണ്ടാം ടെസ്റ്റിൽ ഇന്ത്യയ്ക്ക് ജയിച്ചേ തീരൂ.
ബൗമയില്ല,എൽഗാർ നയിച്ചേക്കും
അതേസമയം രണ്ടാം ടെസ്റ്റിൽ പരിക്കേറ്റ ദക്ഷിണാഫ്രിക്കൻ ക്യാപ്ടൻ ടെംബ ബൗമ കളിച്ചേക്കില്ല. പകരം വിടവാങ്ങൽ ടെസ്റ്റ് കളിക്കുന്ന ഡീൻ എൽഗാറായിരിക്കും ദക്ഷിണാഫ്രിക്കയെ നയിക്കുക. ആദ്യ ടെസ്റ്റിൽ സെഞ്ച്വറി നേടി ദക്ഷിണാഫ്രിക്കയടെ വിജയത്തിൽ പ്രധാനപങ്കുവഹിച്ചത് എൽഗാറായിരുന്നു.
ഷമിയ്ക്ക് പകരം ആവേശ്
പരിക്കിനെത്തുടർന്ന് ഫിറ്റ്നസ് വീണ്ടെടുക്കാൻ കഴിയാത്തതിനാൽ പേസർ മുഹമ്മദ് ഷമിക്ക് ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ രണ്ടാം ടെസ്റ്റിലും കളിക്കാനകില്ല. ഷമിക്ക് പകരം യുവ പേസർ ആവേശ് ഖാനെ ടീമിൽ ഉൾപ്പെടുത്തിയതായി ഇന്ത്യൻ ടീം മാനേജ്മെന്റ് അറിയിച്ചു. ആദ്യ ടെസ്റ്റിൽ ഏറെ നിരാശപ്പെടുത്തിയ ഷർദുൽ താക്കൂറിന് പകരം ആവേശിന് അവസാന ഇലവനിൽ ഇടം ലഭിച്ചേക്കുമെന്നാണ് പ്രതീക്ഷ.