d

ന്യൂഡൽഹി : രാജ്യത്തെ നടുക്കിയ 2008ലെ മുംബയ് ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരൻ ഹാഫിസ് സയീദിനെ വിട്ടുനൽകണമെന്ന് പാകിസ്ഥാനോട് ഇന്ത്യ ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച അപേക്ഷ പാകിസ്ഥാന് കൈമാറിയതായി വിദേശകാര്യ വക്താവ് അരിന്ദം ബഗ്‌ചി അറിയിച്ചു. ഭീകരപ്രവർ‌ത്തനത്തിന് പണം സ്വരൂപിച്ച കേസിൽ 33 വർഷത്തെ തടവ് ശിക്ഷ ലഭിച്ച് പാക് ജയിലിലാണ് ഹാഫിസ് സയീദ് നിലവിലുള്ളത്.

പാകിസ്ഥാൻ തീവ്രവാദ വിരുദ്ധവകുപ്പാണ് ഹാഫിസിനെതിരെ കേസെടുത്തത്.

ഹാഫിസ് സയീദിന്റെ മകനും ലഷ്‌കറെ തൊയ്ബ നേതാവുമായ ഹാഫിസ് തൽഹ സയീദ് പാകിസ്ഥാൻ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ തീരുമാനിച്ചിരിക്കെയാണ് ഇന്ത്യയുടെ നീക്കം. ലഷ്‌കറെ തൊയ്‌ബയിലെ രണ്ടാമനാണ് തൽഹ. ഇയാളെ കഴിഞ്ഞ വ‌ർഷം കേന്ദ്ര ആഭ്യന്തര മന്ത്രാലയം യു.എ.പി.എ ചുമത്തി തീവ്രവാദിയായി പ്രഖ്യാപിച്ചിരുന്നു.

2008 നവംബർ മാസത്തിലാണ് രാജ്യത്തെ നടുക്കിയ ഭീകരാക്രമണം നടന്നത്. നവംബർ 26 ന് തുടങ്ങിയ ആക്രമണം നവംബർ 29ന് ഇന്ത്യൻ സൈന്യം അക്രമികളെ വധിക്കുന്നത് വരെ നീണ്ടുനിന്നു. 22 വിദേശികളടക്കം 166 പേർ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. മലയാളിയായ മേജർ സന്ദീപ് ഉണ്ണിക്കൃഷ്ണൻ ഉൾപ്പെടെ ഒട്ടേറെ പൊലീസുകാരും സുരക്ഷാ ഉദ്യോഗസ്ഥരും ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. ആക്രമണത്തിന് പിന്നിൽ ലഷ്കറെ തൊയ്ബയാണെന്ന് പിന്നീട് കണ്ടെത്തി. സുരക്ഷാ സേന പിടികൂടിയ പാക് ഭീകരൻ അജ്‌മൽ കസബിനെ 2012 നവംബർ 21ന് തൂക്കിലേറ്റിയിരുന്നു.