
കീവ്: ആഴ്ചകൾ നീണ്ട ഇടവേളയ്ക്ക് ശേഷം യുക്രെയിനിലെ ജനവാസ മേഖലകളിലേക്ക് ഇന്നലെ റഷ്യ നടത്തിയ മിസൈലാക്രമണത്തിൽ 18 പേർ കൊല്ലപ്പെട്ടു. 130ലേറെ പേർക്ക് പരിക്കേറ്റു. പുലർച്ചെ മുതൽ രാജ്യ തലസ്ഥാനമായ കീവിലും സെപൊറീഷ്യ, നിപ്രോപെട്രോവ്സ്ക്, ഒഡേസ, ലിവീവ്, ഖാർക്കീവ് തുടങ്ങിയ മേഖലകളിലുമായി 158 മിസൈലുകളും ഡ്രോണുകളുമാണ് റഷ്യ വിക്ഷേപിച്ചത്.
ഇതിൽ 87 ക്രൂസ് മിസൈലുകളും 27 ഡ്രോണുകളും വെടിവച്ചു വീഴ്ത്തിയെന്ന് യുക്രെയിൻ അറിയിച്ചു. ഇതിനിടെ യുക്രെയിൻ അതിർത്തിയിൽ നിന്ന് ഒരു മിസൈൽ തങ്ങളുടെ വ്യോമപരിധിയിലേക്ക് കടന്നെന്നും തിരികെ യുക്രെയിനിലേക്ക് കടക്കും വരെ നിരീക്ഷിച്ചെന്നും അയൽരാജ്യമായ പോളണ്ട് അറിയിച്ചു.
മൂന്ന് മിനിറ്റ് പോളണ്ടിന്റെ വ്യോമപരിധിയിലൂടെ സഞ്ചരിച്ച മിസൈൽ റഷ്യയുടേതാണെന്ന് കരുതുന്നു.
റഷ്യ റിപ്പോർട്ടിനോട് പ്രതികരിച്ചിട്ടില്ല.