epl

ലണ്ടൻ: ഇംഗ്ലീഷ് പ്രിമിയർ ലീഗിൽ കിരീടപ്പോരാട്ടത്തിലെ മുന്നണിപ്പോരാളികളായ ആഴ്സനലിനെ മറുപടിയില്ലാത്ത രണ്ട് ഗോ ളുകൾക്ക് വെസ്റ്റ് ഹാം യുണൈറ്റഡ് വീഴ്ത്തി. തോൽവിയോടെ ലിവർപൂളിനെ മറികടന്ന് പോയിന്റ് ടേബിളിൽ ഒന്നാമതെത്താനുള്ള അവസരവും ആഴ്സനലിന് നഷ്ടമായി. 13-ാം മിനിട്ടിൽ തോമസ് സൗസെക്കും 55-ാം മിനിട്ടിൽ മാവ്റോപാനോസുമാണ് വെസ്റ്റ് ഹാമിനായി ആഴ്സനലിന്റെ വലകുലുക്കിയത്. മത്സരത്തിൽ ആധിപത്യം ആഴ്സനലിന് തന്നെയായിരുന്നെങ്കിലും ഗോൾകണ്ടെത്താൻ വെസ്റ്റ് ഹാം ഗോളി ഏരിയോളയുടെ മികവും നിർഭാഗ്യവും തടസമായി. സാക്കയുടെ ഒരു ഷോട്ട് പോസ്റ്റിൽ തട്ടിത്തെറിച്ചിരുന്നു. ടാർജറ്റിലേക്ക് എട്ടോളം ഷോട്ടുകളാണ് ആഴ്സനൽ താരങ്ങൾ തൊടുത്തത്.

ജറോഡ് ബോവന്റെ പാസിൽ നിന്ന് സൗസെക്ക് നേടിയ ക്ലോസ് റേഞ്ച് ഗോൾ ഏറെ നേരത്തേ വാർ‌ ചെക്കിന് ശേഷമാണ് അനുവദിക്കപ്പെട്ടത്. ജെയിംസ് വാർഡ് പ്രൗസസ് എടുത്ത കോർണറിൽ നിന്നാണ് ബുള്ളറ്റ് ഹെഡ്ഡറിലൂടെ മവ്റോപാനോസ് വെസ്റ്റ് ഹാമിന്റെ രണ്ടാം ഗോൾ നേടിയത്. 19 മത്സരങ്ങളിൽ നിന്ന് 40 പോയിന്റുമായി രണ്ടാം സ്ഥാനത്താണ് ആഴ്സനൽ. ഒന്നാമതുള്ള ലിവ‌ർപൂളിന് 42 പോയിന്റാണ് ഉള്ളത്.

ആറ് ഗോൾ ത്രില്ലറിൽ ബ്രൈറ്റൺ 4-2ന് ടോട്ടൻഹാം ഹോട്ട്‌സ്പറിനെ കീഴടക്കി.