
കൊല്ലം: പത്ത് വയസ്സുകാരിയായ മകളെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ പിതാവിന് ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി. ജീവപര്യന്തത്തിന് പുറമേ ജുവനൈല്‍ ജസ്റ്റിസ് ആക്റ്റ് പ്രകാരം മൂന്ന് വര്‍ഷം തടവും ഒരു ലക്ഷം രൂപ പിഴയും കോടതി ശിക്ഷ വിധിച്ചു. ഐപിസി 354ബി പ്രകാരമുള്ള ഏഴ് വര്‍ഷം തടവ് ശിക്ഷയും പ്രതി അനുഭവിക്കണം. കൊല്ലം ഒന്നാം അഡീഷനല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് (പോക്‌സോ) കോടതി ജഡ്ജി പി.എന്‍.വിനോദാണ് പ്രതിക്ക് ശിക്ഷ വിധിച്ചത്.
2021ല്‍ കുട്ടി അഞ്ചാം ക്ലാസില്‍ പഠിക്കുമ്പോഴാണ് പിതാവ് പീഡിപ്പിച്ചത്. രണ്ട് തവണ കുട്ടിയെ പീഡനത്തിന് ഇരയാക്കിയിരുന്നു. ഏഴ് മാസങ്ങള്‍ക്ക് ശേഷമാണ് കുട്ടി ഗര്‍ഭിണിയാണെന്ന വിവരം പുറത്തറിഞ്ഞത്. കുട്ടിക്ക് ശാരീരിക ബുദ്ധിമുട്ടുകള്‍ അനുഭവപ്പെട്ടപ്പോള്‍ മാതാവ് സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ കൊണ്ടുപോയി പരിശോധന നടത്തിയപ്പോഴാണ് 10 വയസ്സുകാരി ഗര്‍ഭിണിയാണെന്ന വിവരം വീട്ടിലുള്ളവരും അറിഞ്ഞത്.
ആശുപത്രി അധികൃതര്‍ പൊലീസിനെ അറിയിക്കുകയും തുടര്‍ന്ന് കേസ് ഹൈക്കോടതിയിലെത്തുകയും ചെയ്തു. കോടതി നിര്‍ദേശമനുസരിച്ച് സിസേറിയന്‍ നടത്തി കുട്ടിയെ പുറത്തെടുത്തെങ്കിലും ഒമ്പത് ദിവസങ്ങള്‍ക്ക് ശേഷം ആരോഗ്യ പ്രശ്ങ്ങള്‍ കാരണം മരണപ്പെട്ടു. കണ്ണനല്ലൂര്‍ ഇന്‍സ്‌പെക്ടര്‍ യു.പി.വിപിന്‍ കുമാറിന്റെ നേതൃത്വത്തിലാണ് കേസ് അന്വേഷിച്ചത്. സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ സോജ തുളസീധരന്‍, അഡ്വ. അഞ്ജിത രാജ്, അഡ്വ. റെജി സി.രാജ്, പ്രോസിക്യൂഷന്‍ സഹായി എഎസ്‌ഐ മഞ്ജുഷ എന്നിവര്‍ കോടതിയില്‍ ഹാജരായി.