
കൊച്ചി: കൊച്ചിൻ കാർണിവലിന്റെ ഭാഗമായി അവതരിപ്പിക്കാനിരുന്ന ഗവർണറും തൊപ്പിയും എന്ന നാടകത്തിന് വിലക്ക്. ബി .ജെ.പിയുടെ പരാതിയെ തുടർന്ന് ഫോർട്ടുകൊച്ചി ആർ.ഡി.ഒ കർശന ഉപാധി വച്ചതോടെ 'ഗവർണർ" മുഖ്യകഥാപാത്രമായ നാടകം അണിയറ പ്രവർത്തകർ ഉപേക്ഷിച്ചു. നെറ്റ്വർക്ക് ഒഫ് ആർട്ടിസ്റ്റിക് തിയേറ്റർ ആക്ടിവിസ്റ്റ്സ് കേരള (നാടക്) കൊച്ചി മേഖലാ കമ്മിറ്റിയുടെ 'ഗവർണറും തൊപ്പിയും" എന്ന നാടകത്തിനാണ് വിലക്ക് നേരിടേണ്ടി വന്നത്.
പള്ളത്ത് രാമൻ മെമ്മോറിയൽ ഹാളിൽ ഇന്നാണ് നാടകം അവതരിപ്പിക്കേണ്ടിയിരുന്നത്. ബി.ജെ.പി മട്ടാഞ്ചേരി മണ്ഡലം ജനറൽ സെക്രട്ടറി ശിവകുമാർ കമ്മത്താണ് ആർ.ഡി.ഒ കെ. മീരയ്ക്ക് പരാതി നൽകിയത്. തുടർന്ന് പേരടക്കം മാറ്റണമെന്നുള്ള നിബന്ധനയുള്ള നോട്ടീസ് ആർ.ഡി.ഒ നാടക് കൊച്ചി മേഖലാ പ്രസിഡന്റ് പി.എ. ബോസിന് നൽകി.. ഭരണഘടനാ പദവിയിലുള്ള വ്യക്തികളെ അവഹേളിക്കുന്ന തരത്തിലുള്ള പേരാണ് നാടകത്തിനുള്ളത് എന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി നൽകിയിരിക്കുന്നത്. നാടകത്തിന്റെ പേര് മാറ്റണമെന്നും ഗവർണർ എന്ന പദം ഉപയോഗിക്കരുതെന്നും ആർ.ഡി.ഒ നോട്ടീസിൽ ആവശ്യപ്പെട്ടു. കേന്ദ്ര-സംസ്ഥാന സർക്കാരുകളെയോ ഭരണഘടനാ സ്ഥാനത്തിരിക്കുന്നവരെയോ പരാമർശിക്കാനോ അനുകരിക്കാനോ പാടില്ലെന്നും വേഷങ്ങളിൽ മത-രാഷ്ട്രീയപരമായ യാതൊന്നും പാടില്ലെന്നും നിർദ്ദേശിച്ചു. പേര് "പുലരും മുമ്പേ" എന്നാക്കി. ഗവർണർ എന്ന കഥാപാത്രത്തെ 'അധികാരി"യെന്നാക്കി. എന്നാൽ നാടകത്തിന്റെ ആത്മാവ് നഷ്ടപ്പെട്ടെന്നും, അനിഷ്ട സംഭവങ്ങൾക്ക് കാരണമായേക്കാമെന്നതും കണക്കിലെടുത്താണ് അവതരണം ഉപേക്ഷിച്ചതെന്നും ബോസ് പറഞ്ഞു. ജർമ്മൻ കഥയെ ആസ്പദമാക്കി സുരേഷ് കൂവപ്പാടം രചനയും സംവിധാനവും നിർവഹിച്ച നാടകത്തിലെ അഭിനേതാക്കളെല്ലാം കൊച്ചിക്കാരാണ്
അതേസമയം ഇതിനെതിരെ പ്രതിഷേധിക്കാനാണ് തിയേറ്റർ അംഗങ്ങളുടെ തീരുമാനം. ഡി,വൈ.എഫ്.ഐയും പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. ഉത്തരവ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ ബാനർ ഉയർത്തി.