death

ബംഗളൂരു: ഫ്‌ളാറ്റിലെ നീന്തല്‍ക്കുളത്തില്‍ വീണ് ഒമ്പത് വയസുകാരിയെ മരിച്ചനിലയില്‍ കണ്ടെത്തി. വര്‍ത്തൂര്‍-ഗുഞ്ചൂര്‍ റോഡിലെ അപ്പാര്‍ട്ട്‌മെന്റിലെ താമസക്കാരിയായ മാനസ എന്ന പെണ്‍കുട്ടിയാണ് മരിച്ചത്.

കുളത്തിന് സമീപത്തെ ഇലക്ട്രിക് ലൈറ്റ് പോസ്റ്റിലെ വൈദ്യുതി കമ്പിയില്‍ തട്ടി പെണ്‍കുട്ടി അബദ്ധത്തില്‍ നീന്തല്‍ക്കുളത്തിലേക്ക് വീഴുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. എന്നാല്‍, കുട്ടിയുടെ മരണം വൈദ്യുതി ആഘാതമേറ്റാണോ അതോ മുങ്ങിമരണമാണോ എന്ന് വ്യക്തമാകാന്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിക്കേണ്ടതുണ്ടെന്ന് പൊലീസ് പറഞ്ഞു.

കുളത്തില്‍ മാനസ വീണുകിടക്കുന്നത് കണ്ട അപ്പാര്‍ട്ട്‌മെന്റ് നിവാസികള്‍ ഉടനെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തിനു പിന്നാലെ പെണ്‍കുട്ടിക്ക് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് അപ്പാര്‍ട്ട്മെന്റിലെ താമസക്കാര്‍ പ്രതിഷേധവുമായി രംഗത്തെത്തി.

എന്നാല്‍ ശരീരത്തില്‍ പുറമേ മുറിവുകളൊന്നുമില്ല. എല്ലാവശങ്ങളും പരിശോധിക്കുകയാണെന്നും പൊലീസ് പറഞ്ഞു. തന്റെ മകള്‍ക്ക് നീതി ലഭിക്കണമെന്നും മരണത്തിന് പിന്നിലെ യാഥാര്‍ത്ഥ്യം അറിയാന്‍ ആഗ്രഹിക്കുന്നുവെന്നും ഇത് മറ്റൊരു കുട്ടിക്കും സംഭവിക്കരുതെന്നും പെണ്‍കുട്ടിയുടെ പിതാവ് പറഞ്ഞു.

പെണ്‍കുട്ടി ലിഫ്റ്റില്‍ കയറി നീന്തല്‍ക്കുളത്തിലേക്ക് പോകുന്ന സിസിടിവി ദൃശ്യവും പുറത്തുവന്നിട്ടുണ്ട്.