
റിയാദ് : സൗദി അറേബ്യയിൽ നിലവിലുള്ള സ്വർണഖനികളോട് ചേർന്ന് സുപ്രധാന സ്വർണ നിക്ഷേപം കണ്ടെത്തിയതായി സൗദി മൈനിംഗ് കമ്പനി അറിയിച്ചു. മക്ക മേഖലയിലെ മൻസൂറ, മസാറ സ്വർണ ഖനികളോട് ചേർന്നാണ് പുതിയ സ്വർണ നിക്ഷേപ സ്ഥലങ്ങൾ കണ്ടെത്തിയത്. 2022ൽ ആരംഭിച്ച പര്യവേക്ഷണ പരിപാടിയിലെ ആദ്യത്തെ കണ്ടെത്തലാണിതെന്നാണ് വിവരം. നിലവിൽ ഇരുഖനികൾക്ക് ചുറ്റുമുളഴ് പര്യവേഷണം കമ്പനി തുടരുകയാണ്.
മൻസൂറ, മസാറ ഖനികൾക്ക് തെക്ക് 100 കിലോമീറ്റർ നീളത്തിലും അൽഉറൂഖിന് തെക്ക് ഒന്നിലേറെ സ്ഥലങ്ങളിലുമാണ് കമ്പനി പര്യവേഷണം നടത്തി.. 125 കിലോമീറ്റർ നീളത്തിലാണ് നിക്ഷേപം ഉണ്ടെന്ന് കണ്ടെത്തിയിരിക്കുന്നത്. നല്ല വിസ്തൃതിയിലും ആഴത്തിലും സ്വർണ നിക്ഷേപമുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. കൂടുതൽ ഖനനനത്തിലൂടെ ഖനിയുടെ ആയുസ് നീട്ടാനാകുമെന്നും കമ്പനിക്ക് പ്രതീക്ഷയുണ്ട്. സൗദിയുടെ സമ്പദ് വ്യവസ്ഥയിലും ഇത് പ്രതിഫലിക്കുമെന്നാണ് റിപ്പോർട്ടുകൾ. അന്താരാഷ്ട്ര നിലവാരത്തിലുള്ള ഒരു പ്രധാന സ്വർണ വലയമായി സൗദി അറേബ്യ മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്.
രാജ്യത്തെ പ്രധാന സ്വർണഖനികളായ മൻസൂറയിലും മസാറയിലും പ്രതിവർഷം രണ്ടരലക്ഷം ഔൺസാണ് ഉത്പാദന ശേഷി. ജിദ്ദ നഗരത്തിന് 460 കിലോമീറ്റർ കിഴക്ക് മക്ക മേഖലയിലെ അൽഖുർമ ഗവർണറേറ്റ് പരിധിയിലാണ് ഈ ഖനികൾ സ്ഥിതി ചെയ്യുന്നത്.