
കാഠ്മണ്ഡു : നേപ്പാളിൽ അഞ്ച് ഇന്ത്യക്കാരുൾപ്പെടെ 72 പേരുടെ മരണത്തിനിടയാക്കിയ യതി എയർലൈൻസ് വിമാനാപകടത്തിന് കാരണം മാനുഷിക പിഴവുകളും ജീവനക്കാർക്കിടെയിലെ അവബോധയില്ലായ്മയും എന്ന് ഔദ്യോഗിക റിപ്പോർട്ട്. അപകടത്തെ പറ്റി അന്വേഷിക്കാൻ സർക്കാർ നിയോഗിച്ച അന്വേഷണ പാനലിന്റേതാണ് കണ്ടെത്തൽ. പൈലറ്റുമാർ അശ്രദ്ധമായി രണ്ട് കണ്ടീഷൻ ലിവറുകളും ഉപയോഗിച്ചതാണ് അപകടത്തിലേക്ക് നയിച്ചതെന്ന് അന്വേഷണ റിപ്പോർട്ടിൽ പറയുന്നു. ലാൻഡിംഗ് ക്രമീകരിക്കുന്നതിന് കോക്ക്പിറ്റിലെ ഫ്ലാപ്സ് ലിവറിന് പകരം എൻജിലേക്കുള്ള വൈദ്യുതി വിച്ഛേദിക്കുന്ന ലിവർ ഉപയോഗിച്ചതോടെ 49 സെക്കൻഡുകൾക്ക് ശേഷം വിമാനം നിലംപതിക്കുകയായിരുന്നു. ജനുവരി 15നാണ് കാഠ്മണ്ഡുവിൽ നിന്ന് പറന്ന വിമാനം ലാൻഡിംഗിന് തൊട്ടുമുന്നേ പൊഖാറയിൽ തകർന്നു വീണത്.