
മുംബയ്: ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റന്മാരിൽ എക്കാലത്തെയും മികച്ച ക്യാപ്റ്റനാണ് മഹേന്ദ്രസിംഗ് ധോണി. സോഷ്യൽ മീഡിയയിൽ അധികം സജീവമല്ലാത്ത അദ്ദേഹത്തിന്റെ വീഡിയോകളും ചിത്രങ്ങളും കൂടുതൽ പങ്കുവയ്ക്കുന്നത് ആരാധകരാണ്. അവയെല്ലാം സോഷ്യൽ മീഡിയയിൽ വേഗം വെെറലാകാറുണ്ട്.
അത്തരത്തിൽ ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വെെറലാകുന്നത്. ആരാധകനോട് പാകിസ്ഥാനിലെ ഭക്ഷണം കഴിക്കുന്നതിനായി അവിടെ പോകണമെന്ന് ധോണി പറയുന്ന വീഡിയോയാണ് അത്. ഒരു ആരാധകൻ തന്റെ എക്സ് പേജിലൂടെയാണ് ഈ വീഡിയോ പങ്കുവച്ചിരിക്കുന്നത്.
'ഒരിക്കലെങ്കിലും പാകിസ്ഥാനിലെ ഭക്ഷണം കഴിക്കാൻ അവിടെ പോകണം, അവിടെ നല്ല ഭക്ഷണമാണ്'.- ധോണി വീഡിയോയിൽ പറയുന്നു. നല്ല ഭക്ഷണം കിട്ടുന്ന സ്ഥലം പറഞ്ഞാൽ തീർച്ചയായും പാകിസ്ഥാനിൽ പോകാമെന്നും ആരാധകർ ധോണിയോട് മറുപടിയായി പറയുന്നുണ്ട്.
'You should go to Pakistan once for the food.' MS Dhoni 👀 pic.twitter.com/2SLZIxKASl
— Taimoor Zaman (@taimoorze) December 29, 2023
അതേസമയം, എം എസ് ധോണിയുടെ ഏഴാം നമ്പർ ജേഴ്സി പിൻവലിക്കാനൊരുങ്ങി ബി സി സി ഐ. ഇന്ത്യയ്ക്ക് രണ്ട് ലോകകപ്പുകൾ സമ്മാനിച്ച നായകനോടുള്ള ആദര സൂചകമായാണ് ധോണിയുടെ ഏഴാം നമ്പർ ജേഴ്സിക്ക് ബി സി സി ഐ വിരമിക്കൽ പ്രഖ്യാപിക്കുന്നതെന്ന് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ധോണി ഉപയോഗിച്ച ഏഴാം നമ്പർ ജേഴ്സി ഇനി മറ്റാർക്കും ഉപയോഗിക്കാനാകില്ല.
ഇതിനുമുൻപ് ഇത്തരത്തിൽ ഒരു ജേഴ്സിയുടെ വിരമിക്കൽ പ്രഖ്യാപിച്ചിരുന്നത് ബാറ്റിംഗ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കറുടെ പത്താം നമ്പർ ജേഴ്സിയായിരുന്നു. സച്ചിനോടുള്ള ആദരസൂചകമായി 2017ലായിരുന്നു പത്താം നമ്പർ ജേഴ്സി ബി സി സി ഐ ഔദ്യോഗികമായി പിൻവലിച്ചത്.