
അമേഠി: വിരമിച്ച അദ്ധ്യാപകർക്കുളള ശമ്പള കുടിശ്ശിക നൽകാത്തതിൽ ജില്ലാ എജ്യൂക്കേഷൻ ഓഫീസറെ രൂക്ഷമായി വിമർശിച്ച് കേന്ദ്രമന്ത്രി സ്‌മൃതി ഇറാനി. മൂന്ന് ദിവസത്തെ സന്ദർശനത്തിന് സ്വന്തം മണ്ഡലമായ അമേഠിയയിൽ എത്തിയപ്പോഴായിരുന്നു സ്‌മൃതി ഇറാനിയുടെ വിമർശനം.കഴിഞ്ഞ ദിവസം പരാതിയുമായി സ്‌മൃതി ഇറാനിയെ കാണുന്നതിനായി ഒരു കൂട്ടം വിരമിച്ച അദ്ധ്യാപകർ അമേഠിയയിൽ എത്തിയിരുന്നു.
തങ്ങൾക്ക് ലഭിക്കേണ്ട ശമ്പളം തടഞ്ഞുവച്ചിരിക്കുകയാണെന്നായിരുന്നു അദ്ധ്യാപകരുടെ പരാതി. പരാതിയുടെ അടിസ്ഥാനത്തിൽ സ്‌മൃതി ഇറാനി ജില്ലാ എജ്യൂക്കേഷൻ ഓഫീസറെ വിളിച്ച് വിവരം അന്വേഷിക്കുകയായിരുന്നു. അദ്ധ്യാപകരുടെ പരാതിയിൽ അടിയന്തരമായി നടപടികൾ സ്വീകരിക്കണമെന്നും ഉദ്യോഗസ്ഥനോട് സ്‌മൃതി ഇറാനി ആവശ്യപ്പെട്ടു.
'അടിയന്തരമായി പ്രശ്നം പരിഹരിച്ചില്ലെങ്കിൽ ഉദ്യോഗസ്ഥനെതിരെ കർശന നടപടികൾ സ്വീകരിക്കും, എല്ലാവരോടും മനുഷ്യത്വം കാണിക്കണം, ഇത് അമേഠിയാണ്, എന്നോടുളള വിശ്വാസം കൊണ്ടാണ് ജനങ്ങൾ എനിക്ക് വോട്ട് തന്ന് വിജയിപ്പിച്ചത്. കുടിശ്ശിക ശമ്പളം നൽകാൻ യോഗി ആദിത്യനാഥിന്റെ സർക്കാർ പ്രതിജ്ഞാബദ്ധരാണ്' - സ്‌മൃതി ഇറാനി വ്യക്തമാക്കി.
ഇരുവരുടെയും സംഭാഷണത്തിന്റെ വീഡിയോ കഴിഞ്ഞ ദിവസം തന്നെ സോഷ്യൽമീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു. സ്‌മൃതി ഇറാനിക്ക് അഭിനന്ദനങ്ങൾ അറിയിച്ചുക്കൊണ്ട് നിരവധി പ്രതികരണങ്ങളാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ വന്നുക്കൊണ്ടിരിക്കുന്നത്.