
ന്യൂഡൽഹി: രാമക്ഷേത്ര ഉദ്ഘാടനത്തിന് മുന്നോടിയായി ഇന്ന് അയോദ്ധ്യയിലെത്തുന്ന പ്രധാനമന്ത്രി രണ്ട് അമൃത് ഭാരത് എക്‌സ്പ്രസ് ട്രെയിനുകൾ ഫ്ലാഗ് ഓഫ് ചെയ്യും. വിമാനത്താവളത്തിന്റെയും പുനർവികസിപ്പിച്ച റെയിൽവേ സ്റ്റേഷന്റെയും ഉദ്ഘാടനവും ഇന്നാണ് നടക്കുക. ശേഷം 15,000 കോടി രൂപയുടെ വികസ പദ്ധതികളും അദ്ദേഹം പ്രഖ്യാപിക്കും.
ഇന്ത്യൻ റെയിൽവേയുടെ ആദ്യത്തെ അമൃത് ഭാരത് ട്രെയിനുകളാണ് പ്രധാനമന്ത്രി ഇന്ന് ഫ്ലാഗ് ഓഫ് ചെയ്യുന്നത്. ഏറ്റവും പുതിയ സാങ്കേതിക വിദ്യ ഉപയോഗിച്ച് നിർമിച്ചിരിക്കുന്ന ഈ ട്രെയിനിന്റെ ചിത്രങ്ങൾ ഇപ്പോൾ പുറത്തുവന്നിരിക്കുകയാണ്. കുലുക്കം ഒഴിവാക്കുന്നതിനായി സെമി പെർമനന്റ് ക്ലപ്‌റ്റർ, ആകർഷകമായ സീറ്റുകൾ, മികച്ച ലഗേജ് റാക്കുകൾ, മൊബൈൽ ഹോൾഡറുള്ള ചാർജിംഗ് പോയിന്റുകൾ, എൽഇഡി ലൈറ്റുകൾ, സിസിടിവി ക്യാമറ, യാത്രക്കാരെ യഥാസമയം വിവരങ്ങൾ അറിയിക്കുന്നതിനുള്ള പബ്ലിക് ഇൻഫർമേ,ൻ സിസ്റ്റം തുടങ്ങി ധാരാളം സൗകര്യങ്ങളാണ് ഈ ട്രെയിനിനുള്ളിൽ ഒരുക്കിയിരിക്കുന്നത്.

നോൺ എ സി സ്ലീപ്പർ കം അൺ റിസർവ്‌ഡ് ക്ലാസ് സീറ്റുകളാണ് അമൃത് ഭാരത് എക്‌സ്പ്രസിലുള്ളത്. കുറഞ്ഞ ചെലവിൽ കൂടുതൽ ദൂരത്തേക്കുള്ള സർവീസ് നടത്തും എന്നതും ഈ ട്രെയിനിന്റെ പ്രത്യേകതയാണ്. 22 കോച്ചുകളാണ് അമൃത് ഭാരതിലുള്ളത്. ഇതിൽ റിസർവ് ചെയ്യാത്ത യാത്രക്കാർക്കായി എട്ട് ജനറൽ സെക്കൻഡ് ക്ലാസ് കോച്ചുകളും 12 സെക്കൻഡ് ക്ലാസ് ത്രീ ടയർ സ്ലീപ്പർ കോച്ചുകളും രണ്ട് ഗാർഡ് കമ്പാർട്ട്‌മെന്റുകളുമാണ് ഉൾപ്പെടുന്നത്.

സുഖമായി യാത്ര ചെയ്യാൻ വേണ്ടിയുള്ള എല്ലാ സൗകര്യങ്ങളും ട്രെയിനിൽ ഒരുക്കിയിട്ടുണ്ട്. ബാഗുകൾ വയ്‌ക്കുന്നതിനായി കുഷ്യൻ ലഗേജ് റാക്കുകൾ, യാത്രക്കാർക്ക് സുഖമായിരിക്കാൻ പാകത്തിനുള്ള സീറ്റുകളും ബർത്തുകളും, സീറോ ഡിസ്ചാർജ് എഫ്ആർപി മോഡുലാർ ടോയ്‌ലറ്റുകൾ, അഗ്നിശമന സംവിധാനങ്ങൾ എന്നിവയും ട്രെയിനിൽ ഒരുക്കിയിട്ടുണ്ട്. മണിക്കൂറിൽ 130 കിലോമീറ്ററാണ് ട്രെയിനിന്റെ പരമാവധി വേഗത. ഓറഞ്ചും ചാരനിറവും കലർന്നതാണ് ട്രെയിനിന്റെ നിറം.