
തിരുവനന്തപുരം: ഭാരത് സ്റ്റേജ് 4 വാഹനങ്ങളുടെ പുക പരിശോധന കാലാവധി ഒരു വർഷമാക്കിക്കൊണ്ട് സർക്കാർ ഉത്തരവിറക്കി. ഹൈക്കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിലാണ് നടപടി. ആന്റണി രാജു മന്ത്രിയായിരുന്ന സമയത്ത് കേന്ദ്ര നിയമം മറികടന്നുകൊണ്ട് പുക പരിശോധന കാലാവധി ആറ് മാസമാക്കി കുറച്ചിരുന്നു.
പുക പരിശോധനാ കേന്ദ്രം നടത്തിപ്പുകാരുടെ അപേക്ഷയെ തുടർന്നായിരുന്നു ആന്റണി രാജുവിന്റെ നീക്കം. എന്നാൽ ഭാരത് സ്റ്റേജ് 4 വാഹനങ്ങളുടെ പുക പരിശോധനയ്ക്ക് കേന്ദ്ര മോട്ടോർ വാഹന നിയമപ്രകാരം ഒരു വർഷത്തെ സാധുതയുണ്ടെന്ന് ഗതാഗത സെക്രട്ടറിയും ട്രാൻപോർട്ട് കമ്മീഷണറും മുമ്പ് റിപ്പോർട്ട് നൽകിയിരുന്നു.
പുക പരിശോധന കാലാവധി ആറ് മാസമാക്കി കുറയ്ക്കാൻ സംസ്ഥാന സർക്കാരിന് അധികാരമില്ലെന്ന് ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടിയെങ്കിലും അതെല്ലാം അവഗണിച്ചുകൊണ്ടായിരുന്നു മന്ത്രിയുടെ നീക്കം. സർക്കാരിന്റെ തീരുമാനത്തെ ചോദ്യം ചെയ്തുകൊണ്ട് ചിലർ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.