
സായ്‌കുമാറിന്റെ കരിയറിലെ ഏറ്റവും മികച്ച റോളുകളിലൊന്നാണ് 'കുഞ്ഞിക്കൂനനിലെ' വില്ലനായ വാസു. ആ വേഷത്തിൽ അദ്ദേഹത്തിന് പകരം മറ്റൊരാളെയും നമുക്ക് സങ്കൽപിക്കാൻ പോലും സാധിക്കില്ല. അത്രത്തോളം മനോഹരമായിട്ടാണ് സായ്‌കുമാർ വാസുവിനെ അവതരിപ്പിച്ചത്.
എന്നാൽ സായ്‌കുമാറിന് പകരം തന്നെയായിരുന്നു വാസുവാകാൻ ആദ്യം തിരഞ്ഞെടുത്തിരുന്നതെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നടൻ കലാഭവൻ ഷാജോൺ. മേക്കപ്പ് ടെസ്റ്റ് വരെ കഴിഞ്ഞിരുന്നെന്നും ഒരു അഭിമുഖത്തിനിടെ ഷാജോൺ വെളിപ്പെടുത്തി.
'കുഞ്ഞിക്കൂനനിൽ സായിച്ചേട്ടൻ അവതരിപ്പിച്ച വാസു എന്ന കഥാപാത്രം ആദ്യം വന്നത് എനിക്കായിരുന്നു. ദിലീപേട്ടൻ പറഞ്ഞിട്ടാണ് സംവിധായകനെ കാണുന്നത്. മേക്കപ്പ് ടെസ്റ്റ് വരെ കഴിഞ്ഞു. റഷീദിക്കയായിരുന്നു മേക്കപ്പ്. കോസ്റ്റ്യൂമർ ഡ്രസിന്റെ അളവൊക്കെയെടുത്തു. സന്തോഷത്തോടെ അന്ന് വീട്ടിൽ പോയെങ്കിലും പിന്നെ വിളിയൊന്നും വന്നില്ല. ദിലീപേട്ടനെ വിളിച്ചപ്പോഴാണ്‌ചെയ്ഞ്ച് വന്നെന്ന് പറയുന്നത്.'- ഷാജോൺ വ്യക്തമാക്കി.
ദിലീപ് ഡബിൾ റോളിലെത്തിയ ചിത്രമാണ് കുഞ്ഞിക്കൂനൻ. ശശി ശങ്കർ സംവിധാനം ചെയ്ത ചിത്രം 2002ലാണ് തീയേറ്ററുകളിലെത്തിയത്. നവ്യാ നായർ, മന്യ, കൊച്ചിൻ ഹനീഫ തുടങ്ങി വൻ താരനിരതന്നെ ചിത്രത്തിൽ അണിനിരന്നിരുന്നു.