
ന്യൂഡൽഹി: കാനഡ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ബബ്ബര്‍ ഖല്‍സ ഇന്‍റര്‍നാഷണലിന്റെ നേതാവ് ലഖ്ബിർ സിംഗ് ലാംഡയെ ഭീകരവാദിയായി പ്രഖ്യാപിച്ച് ഇന്ത്യ. കേന്ദ്ര ആഭ്യന്തരമന്ത്രാലയമാണ് ലഖ്ബിർ സിംഗ് ലാംഡയെ ഭീകരനായി പ്രഖ്യാപിച്ചത്. വിദേശത്ത് നിന്ന് പ്രവർത്തിക്കുന്ന ഖാലിസ്ഥാനി ശൃംഖലയെ ചെറുക്കുന്നതിനാണ് ഇന്ത്യയുടെ ഈ സുപ്രധാനമായ നടപടി.
സുരക്ഷാ ഏജൻസികൾ നടത്തിയ അന്വേഷണത്തിൽ ഇയാൾക്ക് തീവ്രവാദി സംഘടനങ്ങളുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. പഞ്ചാബ് സ്വദേശിയാണ് ലഖ്ബിർ സിംഗ് ലാംഡ. 2017മുതൽ ഇയാൾ കാനഡയിലാണ്. കാനഡയിലെത്തിയ ശേഷം ബി കെ ഐയുമായി ചേർന്ന് ഇന്ത്യയ്‌ക്കെതിരെ ഗൂഢാലോചന നടത്തിയിട്ടുണ്ട്.
2022 മെയിൽ പഞ്ചാബ് പൊലീസ് ഇന്റലിജൻസ് ഹെഡ് ക്വാർട്ടേഴ്സിന് നേരെ ഉണ്ടായ ആക്രമണത്തിലും 2022 ഡിസംബറിൽ തരൺ തരണിലെ സർഹാലി പൊലീസ് സ്റ്റേഷന് നേരെയുണ്ടായ ആക്രമണത്തിലും മുഖ്യ സൂത്രധാരനാണ് ഇയാൾ. 2022 ഓഗസ്റ്റിൽ പഞ്ചാബ് പൊലീസ് എസ് ഐ ദിൽബാഗ് സിംഗിനെ കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിലും ലാംഡ കുറ്റാരോപിതനാണ്. ഇത് കൂടാത നിരവധി കുറ്റകൃത്യങ്ങൾ ഇയാളുടെ പേരിലുണ്ട്.