leopard

വയനാട്: നടവയലിൽ അവശനിലയിൽ കണ്ടെത്തിയ പുലിയെ വലയിട്ട് പിടികൂടി. അസുഖം ബാധിച്ച പുലിയെന്നാണ് വനംവകുപ്പിന്റെ പ്രാഥമിക നിഗമനം. എട്ട് വയസുളള പുലിയാണെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. നടവയലിൽ സൗത്ത് ഡിഫഒ അടക്കമുളള ഉദ്യോഗസ്ഥർ എത്തിയിട്ടുണ്ട്. പുലിയെ ബത്തേരിയിലുളള വന്യജീവി പരിപാലന കേന്ദ്രത്തിലേക്ക് മാറ്റുമെന്നാണ് ലഭിക്കുന്ന വിവരം.

ഇന്ന് പുലർച്ചെ ആറരയോടെയാണ് നീർവാരം അമ്മാനിയിൽ വച്ച് നാട്ടുകാർ പുലിയെ കണ്ടത്. അവശനിലയിലായ പുലി തോട്ടിൽ നിന്നും വെള്ളംകുടിക്കുന്നതാണ് നാട്ടുകാർ കണ്ടത്. പിന്നാലെ വനം വകുപ്പിനെ അറിയിക്കുകയായിരുന്നു.

അതേസമയം, ഇടുക്കി നെടുംകണ്ടം പൊന്നാംകാണിയിൽ പുലിയെ കണ്ടതായി നാട്ടുക്കാർ അറിയിച്ചു. പിന്നാലെ വനം വകുപ്പും പൊലീസും പ്രദേശത്ത് പരിശോധന നടത്തി. രാത്രിയിൽ പുറത്തിറങ്ങരുതെന്നും ജാഗ്രത പാലിക്കണമെന്നും വനംവകുപ്പ് പ്രദേശവാസികൾക്ക് മുന്നറിയിപ്പ് നൽകി. കഴിഞ്ഞ ദിവസം രാത്രിയിലാണ് പൊന്നംകാണി സ്വദേശി സാബുവിന്റെ കൃഷിയിടത്തിലെ ജീവനക്കാരായ ഇതര സംസ്ഥാന തൊഴിലാളികൾ പുലിയെ കണ്ടത്. ഭയന്ന തൊഴിലാളികൾ സാബുവിനെ ഫോണിൽ വിളിച്ചു വിവരമറിയിച്ചു. സാബുവിന്റെ നിർദേശ പ്രകാരം തൊഴിലാളികൾ രാത്രി പുറത്തിറങ്ങാതെ കഴിച്ചു കൂട്ടി. സമീപവാസിയായ ബിജുവിന്റെ ആട്ടിൻകൂടിന് സമീപവും പുലിയെ കണ്ടെന്നാണ് നാട്ടുകാർ പറയുന്നത്.