
ന്യൂഡൽഹി: ഇന്ത്യൻ നാവികസേനാ ഉദ്യോഗസ്ഥർക്ക് ചാരവൃത്തി ആരാേപിച്ച് ഖത്തറിലെ വിചാരണ കോടതി വിധിച്ച വധശിക്ഷ അപ്പീൽ കോടതി റദ്ദാക്കിയതിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. മലയാളിയടക്കമുള്ള ഇന്ത്യക്കാരായ എട്ട് മുൻ നാവിക ഉദ്യോഗസ്ഥർക്ക് മൂന്ന് മുതൽ 25 വർഷംവരെ തടവ് ശിക്ഷ ലഭിച്ചതായാണ് സൂചന.
ഏഴ് നാവിക ഓഫീസർമാരും ഒരു സെയിലറുമടക്കമുള്ളവർക്കാണ് ശിക്ഷ വിധിച്ചത്. ഇവരിൽ ഒരാൾക്ക് 25 വർഷം തടവും നാലുപേർക്ക് 15 വർഷം തടവും രണ്ട് പേർക്ക് പത്ത് വർഷം തടവും ഒരാൾക്ക് മൂന്ന് വർഷം തടവും വിധിച്ചിരിക്കുന്നുവെന്നാണ് റിപ്പോർട്ട്. എന്നാലിത് വിദേശകാര്യ മന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
വിധിപ്പകർപ്പ് കണ്ടിട്ടില്ലെന്നും അതിനാൽ കൂടുതൽ വിവരങ്ങൾ വ്യക്തമാക്കാനാകില്ലെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്‌ചി പറഞ്ഞു. കേസിന്റെ രഹസ്യസ്വഭാവം കണക്കിലെടുത്ത് ഊഹാപോഹങ്ങൾ സൃഷ്ടിക്കരുതെന്ന് അഭ്യർത്ഥിക്കുകയാണ്. ശിക്ഷയിൽ ഇളവ് വരുത്തിയിട്ടുണ്ട്. എന്നാൽ കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതുവരെ ഒന്നും പറയാൻ സാധിക്കില്ല. മുന്നോട്ടുള്ള കാര്യങ്ങൾ അഭിഭാഷക സംഘത്തോടും നാവികരുടെ കുടുംബത്തോടും ചർച്ച ചെയ്ത് തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
മുൻ നാവികനും മലയാളിയുമായ രാഗേഷ് ഗോപകുമാർ, മുൻ ക്യാപ്ടൻമാരായ നവതേജ് സിംഗ് ഗിൽ, ബീരേന്ദ്ര കുമാർ വർമ, സൗരഭ് വസിഷ്ഠ്, മുൻ കമാൻഡർമാരായ അമിത് നാഗ്പാൽ, പൂർണേന്ദു തിവാരി, സുഗുണാകർ പകല, സഞ്ജീവ് ഗുപ്ത എന്നിവർക്കെതിരെയാണ് ഖത്തറിൽ വധശിക്ഷ വിധിക്കപ്പെട്ടത്.
ഖത്തർ പ്രതിരോധ, സുരക്ഷാ ഏജൻസികൾക്ക് പരിശീലനവും അനുബന്ധ സേവനങ്ങളും നൽകുന്ന സ്വകാര്യ സ്ഥാപനമായ അൽ - ദഹ്‌റ ഗ്ലോബൽ ടെക്‌നോളജീസ് ആൻഡ് കൺസൾട്ടൻസി സർവീസസിലെ ഉദ്യോഗസ്ഥരായിരുന്നു ഇവർ. 2022 ഓഗസ്റ്റിൽ ദോഹയിൽ വച്ചാണ് ഖത്തർ ഇന്റലിജൻസ് ഉദ്യോഗസ്ഥർ ഇവരെ ചാരവൃത്തി ആരോപിച്ച അറസ്റ്റ് ചെയ്തത്. ഒക്ടോബർ 26നാണ് വധശിക്ഷ വിധിച്ചത്.