drama

കൊച്ചി: 'ഗവർണറും തൊപ്പിയും' നാടകം വിലക്കിയ നടപടി അംഗീകരിക്കാനാകില്ലെന്ന് നാടക് സമിതി. ഉത്തരവിനെതിരേ കോടതി തുറന്നതിന് ശേഷം നടപടി സ്വീകരിക്കുമെന്ന് നാടക് സമിതി അറിയിച്ചു. നാടകത്തിൽ ഒരു മാറ്റവും വരുത്തില്ല. എന്തുകൊണ്ടാണ് വിലക്കെന്ന് ആർഡിഒയുടെ ഉത്തരവിൽ വ്യക്തമല്ലെന്ന് നാടക് സമിതി ചോദിച്ചു. കോടതി അം​ഗീകാരത്തോടെ ഇതേ വേദിയിൽ നാടകം എത്തിക്കുമെന്നും സമിതി വ്യക്തമാക്കി.

നാടകത്തിന് ഗവർണർ ആരിഫ് മുഹമ്മദ് ഖാനുമായി യാതൊരു ബന്ധമില്ലെന്നും സംഘടിപ്പിക്കാനിരുന്ന അതേ വേദിയിൽ തന്നെ കളിക്കുമെന്നും നാടക് സമിതിയുടെ എറണാകുളം ജില്ലാ സെക്രട്ടറി ഷാബു കെ മാധവൻ അറിയിച്ചു. ജർമൻ കഥയുടെ പരിഭാഷ ആണ്‌ നാടകമെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, 'ഗവർണറും തൊപ്പിയും' എന്ന നാടകത്തിനെതിരേയുളള ഉത്തരവ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് സബ് കളക്ടർ ഓഫീസിലേക്ക് ഡിവൈഎഫ്‌ഐ കൊച്ചി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് നടത്തി. ഡിവൈഎഫ്‌ഐ എറണാകുളം ജില്ലാ സെക്രട്ടറിയേറ്റ് അംഗം അമൽ സണ്ണി, ബ്ലോക്ക് പ്രസിഡന്റ് സാഞ്ചസ് റാഫേൽ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പ്രതിഷേധം സഘടിപ്പിച്ചത്.

കൊച്ചിയിലെ കാർണിവൽ ആഘോഷത്തിന്റെ ഭാഗമായി നാടക് കൊച്ചി മേഖലാ കമ്മിറ്റിയാണ് 'ഗവർണറും തൊപ്പിയും' എന്ന നാടകം അവതരിപ്പിക്കാനൊരുങ്ങിയത്. ഗവർണറെ അപമാനിക്കാനുള്ള ശ്രമമാണിതെന്ന് ആരോപിച്ച് നാടകത്തിനെതിരേ ബിജെപി ഭാരവാഹികളാണ് പരാതിയുമായി രംഗത്തെത്തിയത്. പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു സബ് കളക്ടറുടെ ഇടപെടൽ.