
ഭൗതികമെന്നോ ആത്മീയമെന്നോ വേർതിരിക്കാതെ മനുഷ്യരെയൊന്നാകെ ഉത്കൃഷ്ടതയിലേക്കു നയിക്കുന്ന ശിവഗിരി തീർത്ഥാടനം മറ്റു തീർത്ഥാടനങ്ങളിൽ നിന്നും വേറിട്ടു നിൽക്കുന്നു. സോപാധികമായ ഏതെങ്കിലും വിശ്വാസത്തിന്റെ പരകോടിയിലേക്കോ മതപരമായ ഏതെങ്കിലും ആചാരങ്ങളുടെ തീവ്രതയിലേക്കോ സാങ്കല്പികമായ ഏതെങ്കിലും മിത്തുകളിലേക്കോ ദൈവികതയുടെ മാസ്മരികതയിലേക്കോ ഒന്നുമല്ല ശിവഗിരി തീർത്ഥാടനം വഴികാട്ടുന്നത്. മറിച്ച് അറിവിന്റെ വിനിമയത്തിലൂടെ കൈവരുന്ന മനുഷ്യത്വത്തിന്റെ അകവെളിവിലൂടെ മനുഷ്യനെ പ്രബുദ്ധനും സ്വതന്ത്രനുമാക്കുകയാണ് തീർത്ഥാടനത്തിന്റെ മൗലികമായ ദൗത്യം. ആ ദൗത്യവും അതിന്റെ കാലാതീത പ്രസക്തിയുമാണ് ശിവഗിരി തീർത്ഥാടനത്തെ ജാതിമതദേശഭാഷാഭേദം കൂടാതെ സമസ്ത മനുഷ്യരുടെയും തീർത്ഥാടനമാക്കി മാറ്റുന്നത്. ഈ മംഗളപരതയുടെ സുസ്ഥിരമായ നവദീപം പകരുന്ന പ്രകാശത്തിന്റെ വലയം ഓരോ വർഷം കഴിയുന്തോറും ദേശാന്തരങ്ങളിലേക്കു പടർന്നു വ്യാപിക്കുന്നത് വലിയ പ്രതീക്ഷയോടെയാണ് ശിവഗിരി മഠം നോക്കിക്കാണുന്നത്. എന്തുകൊണ്ടെന്നാൽ ഗുരുദേവ ദർശനത്തിന്റെ വിശ്വവ്യാപകതയിലൂന്നിക്കൊണ്ടല്ലാതെ മനുഷ്യൻ ഒരു ജാതി ആണെന്ന തത്ത്വവിജ്ഞാനത്തിലേക്ക് ചെന്നെത്താനാവുകയില്ല. മതമേതായാലും മനുഷ്യൻ നന്നായാൽ മതിയെന്ന ഗുരുവരുളിനെ ഈ തത്ത്വവിജ്ഞാനത്തിന്റെ വിജ്ഞാപനമായി ലോകത്തിന് മുന്നിൽ എത്തിക്കേണ്ടിയിരിക്കുന്നു.
1928 ജനുവരിയിൽ തീർത്ഥാടനലക്ഷ്യമായി ഗുരു കല്പിച്ച എട്ട് വിഷയങ്ങളിലൂടെയല്ലാതെ ഈ ലോകത്തിനോ ഏതെങ്കിലുമൊരു സമൂഹത്തിനോ ജനതയ്‌ക്കോ അഭ്യുദയത്തിന്റെ വഴി രൂപപ്പെടുത്താനാവില്ല. വിദ്യാഭ്യാസം, ശുചിത്വം, ഈശ്വരഭക്തി, സംഘടന, കൃഷി, കച്ചവടം, കൈത്തൊഴിൽ, സാങ്കേതിക ശാസ്ത്രപരിശീലനം- ഗുരു ഊന്നിപ്പറഞ്ഞ ഈ വിഷയങ്ങളെ അടിസ്ഥാനമാക്കിക്കൊണ്ടു മാത്രമേ ഏതൊരു കാലത്തിനും ലോകത്തിനും ഒന്നാകാനും വികസിക്കാനും സാദ്ധ്യമാവൂ. ഇക്കാര്യത്തിൽ സ്വതന്ത്രമായൊരു മാനവികസംശുദ്ധി വേണമെന്ന ഗുരുവിന്റെ നിരീക്ഷണത്തിൽ വേണ്ടത്ര ശ്രദ്ധ പതിപ്പിക്കാനാവണം. മനുഷ്യൻ നന്നാകാതെ ലോകം നന്നായിട്ടെന്തു പ്രയോജനം എന്ന ഗുരുദേവന്റെ ചോദ്യം നമ്മൾ ഇടയ്ക്കിടെ ചോദിച്ചുകൊണ്ടിരിക്കണം
ഏതിരുളിനെയും നീക്കാൻ ഒരു മാതൃദീപം ധാരാളം മതിയെന്നതുപോലെ ഏത് അനിശ്ചിതത്വത്തെയും നീക്കാൻ ശിവഗിരി തീർത്ഥാടനത്തിന്റെ ഉള്ളടക്കസ്വാംശീകരണം മാത്രം മതിയെന്നതാണ് വാസ്തവം. കാരണം അത്രമാത്രം മനുഷ്യനെയും അവന്റെ ചിന്തയെയും മനസിനെയും പ്രവൃത്തിയെയും നേരിലുരുക്കി സംസ്‌കരിക്കുന്ന അല്ലെങ്കിൽ ശുദ്ധിപ്പെടുത്തുന്ന ഗുരുദർശനത്തിന്റെ ജ്ഞാനകർമ്മയോഗമാണ് ആ ഉള്ളടക്ക നിർമ്മിതിയിലുള്ളത്.
ചുരുക്കിപ്പറഞ്ഞാൽ ലോകമംഗളത്തിനായി അവതരിച്ച ഗുരുവിന്റെ ജ്ഞാന കർമ്മയോഗാത്മകതയിലേക്കുള്ള ഒത്തുചേരലും അതിന്റെ തുടർച്ചയിലൊരു കണ്ണിയാവലുമാണ് ശിവഗിരി തീർത്ഥാടനം നമുക്ക് നൽകുന്ന പുണ്യം. അതിനപ്പുറം ലളിതമായി ശിവഗിരി തീർത്ഥാടനത്തെ ഭാഷ കൊണ്ട് വിശേഷിപ്പിക്കാനാവുകയില്ല. മനുഷ്യനെ നന്നാക്കുന്നതിനായി, അവനെ ആന്തരികമായും ബാഹ്യമായും നവീകരിക്കുന്നതിനായി അതിലൂടെ സമൂഹത്തേയും രാജ്യത്തേയും ലോകത്തേയും അഭ്യുദയത്തിലേയ്ക്ക് നയിക്കുന്നതിനായി ഭൗതികമായും ആത്മീയമായും ഉൾക്കാഴ്ചയുള്ളവനാക്കി ഉദ്ധരിക്കുന്നതിനായി എന്തൊക്കെ വേണമോ അതെല്ലാം ഉള്ളടക്കമായി നൽകുന്ന ലോകത്തെ ഏക തീർത്ഥാടനമാണ് ശിവഗിരി തീർത്ഥാടനം.
കേരളം ദൈവത്തിന്റെ സ്വന്തം നാടെന്ന ഖ്യാതിയിലേയ്ക്ക് ഉയർന്നതിന് പിന്നിൽ ശ്രീനാരായണ ഗുരുദേവന്റെ പങ്കിനോളം പോന്ന മറ്റൊന്നില്ല. എന്തെന്നാൽ സ്വതന്ത്രമാനവികതയുടെ വലിയൊരു കരുതലാണ് ആധുനിക കേരളത്തിന്റെ ചരിത്രത്തിലും രചനയിലും ഗുരു നിറച്ചുവച്ചത് . മനുഷ്യനും മനുഷ്യനും തമ്മിൽ സ്ഥിതിഭേദമല്ലാതെ അന്തിമമായി മറ്റൊരു ഭേദവുമില്ലെന്ന തത്വജ്ഞാനമാണ് ആ സ്വതന്ത്ര മാനവികതയുടെ ആധാരശില. അതുകൊണ്ട് തന്നെ വൈരുദ്ധ്യാത്മകതയുടെ പൊടിപടലം ഗുരുവിന്റെ വാക്കിലോ വിചാരത്തിലോ പ്രവർത്തിയിലോ നിരീക്ഷണത്തിലോ അൽപ്പം പോലും ഉണ്ടായിരുന്നില്ല. അത്രമാത്രം അദ്വൈതാനുഭൂതിയുടെ പൂർണ്ണതയും പ്രകാശവുമായിരുന്നു ഗുരുദേവൻ. അങ്ങനെയുള്ള ഗുരുവിന്റെ സവിധത്തിലേയ്ക്കുള്ള പുണ്യയാത്രയാണ് അക്ഷരാർത്ഥത്തിൽ ശിവഗിരി തീർത്ഥാടനം.
മനുഷ്യമനസുകളെ ഇരുളിലാക്കുന്നതോ മലീമസപ്പെടുത്തുന്നതോ ആയ വിചാരങ്ങളെയും വിപ്ലവങ്ങളെയും അധാർമ്മികവൃത്തികളെയുമെല്ലാം മറികടക്കാനായാൽ മാത്രമേ മനുഷ്യന് സർവർക്കും സോദരത്വേന വാഴാനാവുന്ന ഒരു മാതൃകാലോകം രൂപപ്പെടുത്തിയെടുക്കാനാവുകയുള്ളു. ഗുരുദേവൻ അരുവിപ്പുറത്ത് നടത്തിയ സ്വതന്ത്ര ദേവതാപ്രതിഷ്ഠയ്ക്ക് പിന്നാലെ ഗുരു വിഭാവനം ചെയ്ത സർവരും സോദരത്വേന വാഴുന്ന ആ മാതൃകാലോത്തേക്കുള്ള പ്രവേശനകവാടങ്ങളാണ് അതിന്റെ 40 വർഷങ്ങൾക്കു ശേഷം ഗുരുദേവൻ വെളിപ്പെടുത്തിയ ശിവഗിരി തീർത്ഥാടനത്തിന്റെ മൗലികലക്ഷ്യങ്ങളും ഒരുത്തമ ശിവഗിരി തീർത്ഥാടകനാവാൻ ഗുരു കല്പിച്ച 10 ദിവസത്തെ പഞ്ചശുദ്ധീവ്രതങ്ങളും.
പഞ്ചശുദ്ധിയിലൂടെ ആദ്യം ആത്മവിശ്വാസവും ആത്മശുദ്ധിയും നേടി മനുഷ്യന്റെ മനസും ശരീരവും നന്നാവട്ടെയെന്നതായിരുന്നു ഗുരുവിന്റെ വിചാരം. അത്രയുമായാൽ വ്യക്തിജീവിതവും സമൂഹജീവിതവും ലോകജീവിതവും നന്നാവാൻ വേണ്ടതെല്ലാം ശിവഗിരി തീർത്ഥാടനത്തിലൂടെ ഒരുവന് സ്വാംശീകരിക്കാനാവുമെന്നും ഗുരുദേവൻ സങ്കല്പം ചെയ്തു.
നിവൃത്തി മാർഗത്തിന്റെ പ്രശാന്തതയിൽ പ്രവൃത്തിമാർഗത്തെ സമ്യക്കായി ഏകോപിപ്പിക്കുവാനും അതിലൂടെ രാഗദ്വേഷങ്ങളെ മറികടക്കുവാനും അതിനു വിഘാതമായതിനെയെല്ലാം നിഷ്പ്രഭമാക്കി മാനവരാശിയെ ഒന്നിപ്പിക്കുവാനും കഴിയുന്ന ഒരു ദാർശനികവിപ്ലവമാണ് ഗുരു അരുവിപ്പുറം മുതൽ ഉല്ലലവരെ നീളുന്ന പ്രതിഷ്ഠകളിലൂടെയും കൃതികളിലൂടെയും നവോത്ഥാനാശയങ്ങളിലൂടെയും മറ്റും നടത്തുകയുണ്ടായത്. എന്നാൽ ഇത് വേണ്ടുംവിധം മനസിലാക്കാതെയാണ് ഇന്നും പല ചരിത്രകാരന്മാരും പണ്ഡിതന്മാരുമൊക്കെ ഗുരുവിനെ സമൂഹപരിഷ്‌കർത്താവായി ചുരുക്കി ചിത്രീകരിക്കുവാൻ വ്യഗ്രത കാട്ടുന്നത്.
ജാതിയും മതവും വിശ്വാസവുമായി ബന്ധപ്പെട്ടതെല്ലാം ഒരുതരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ മനുഷ്യരെ വിഭജിക്കുയോ പരിമിതപ്പെടുത്തുയോ സങ്കുചിതമാക്കുയോ ഒക്കെ ചെയ്യുന്നതാണ്. ഇപ്രകാരം പരിമിതപ്പെടുത്തുന്നതായ യാതൊന്നുകൊണ്ടും മനുഷ്യനെ പ്രബുദ്ധനോ സ്വതന്ത്രനോ ധാർമ്മികനോ ആക്കിത്തീർക്കാനാവുകയില്ല. നവമാനവികതയുടെ ഈ വിശ്വവീക്ഷണത്തെ ആത്മീയകാന്തി കൊണ്ടിണക്കി വിനിമയം ചെയ്തും വിചാരം ചെയ്തും അതിന്റെ നിരുപാധികമായ വെളിച്ചത്തിൽ സമൂഹത്തെയാകെ ഉദ്ധരിക്കുവാൻ നേരാംവഴി കാട്ടിയതുകൊണ്ടാണ് ഗുരുദേവൻ മഹാകവി കുമാരനാശാൻ പറഞ്ഞതുപോലെ നമ്മുടെ ഹൃദയകമലങ്ങളിൽ പരദൈവമായി എന്നും വിളങ്ങുന്നത്.
ആലുവ സർവ്വമത സമ്മേളനത്തിന്റേയും വൈക്കം സത്യാഗ്രഹത്തിന്റേയും ശതാബ്ദികളും മഹാകവി കുമാരനാശാന്റെ ദേഹവിയോഗ ശതാബ്ദിയും ഒത്തുവരുന്ന ഇക്കൊല്ലത്തെ തീർത്ഥാടനം അനിശ്ചിതത്വവും അന്ധവിശ്വാസവും പരത്തുന്ന എല്ലാ ജീർണ്ണതകളെയും ഇല്ലാതാക്കി ആത്മസാഹോദര്യം പുലരുന്ന നല്ല നാളെകളിലേക്ക് പ്രവേശിക്കുവാൻ ഏവർക്കും നേരാംവഴിയേകട്ടെയെന്ന് ഗുരുനാമത്തിൽ പ്രാർത്ഥിക്കുന്നു.
എല്ലാവർക്കും ശിവഗിരി മഠത്തിന്റെ ശിവഗിരി തീർത്ഥാടന പുതുവത്സരാശംസകൾ.