vd-satheesan

അന്തിക്കാട്: ഉഴപ്പിനടന്നിരുന്ന താൻ സത്യൻ അന്തിക്കാടിന്റെ സിനിമ കണ്ടതിന്റെ പിറ്റേന്ന് മുതൽ ജോലിക്ക് പോകാൻ തുടങ്ങിയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ജയറാമും ശ്രീനിവാസനും മുഖ്യവേഷങ്ങളിലെത്തിയ 'സന്ദേശ'ത്തെക്കുറിച്ചാണ് പ്രതിപക്ഷ നേതാവിന്റെ പരാമർശം.

'എൽ എൽ ബി പൂർത്തിയാക്കി എൻറോൾ ചെയ്‌തെങ്കിലും കെ എസ് യു വിടാനുള്ള മടി കാരണം ജോലിക്ക് പോകാതെ ഉഴപ്പി നടന്നു. ഈ സമയമാണ് സന്ദേശം കാണുന്നത്. അതിൽ രാഷ്‌ട്രീയ പ്രവർത്തനം നിർത്തിവച്ച് ശ്രീനിവാസൻ പ്രാക്‌ടീസ് ചെയ്യാൻ പോകുകയാണ്. എനിക്കാണെങ്കിൽ വക്കീൽ ഓഫീസ് ഒക്കെ റെഡിയാക്കിയിരുന്നു. അഞ്ചാറ് മാസമായി അങ്ങോട്ട് പോയിരുന്നില്ല. എന്നാൽ സന്ദേശം കണ്ടതിന്റെ പിറ്റേന്ന് മുതൽ അങ്ങോട്ട് പോയിത്തുടങ്ങി. ആ ഓഫീസിൽ ആത്മാർത്ഥമായി ജോലി ചെയ്‌തു.'- വി ഡി സതീശൻ വ്യക്തമാക്കി.

കോൺഗ്രസിന്റെ 139ാം ജന്മദിനാഘോഷങ്ങളുടെ ഭാഗമായി നടന്ന പരിപാടിയിൽ, സത്യൻ അന്തിക്കാടിനെ വേദിയിലിരുത്തിയായിരുന്നു വി ഡി സതീശന്റെ പരാമർശം. വി ഡി സതീശനെ കൂടാതെ യു ഡി എഫ് കൺവീനർ എം എം ഹസൻ, ടി എൻ പ്രതാപൻ എം പി അടക്കമുള്ളവരും ചടങ്ങിൽ പങ്കെടുത്തു.