deer

ഫ്ളോറിഡ: സോഷ്യൽമീഡിയയിൽ വൈറലാകുന്നതിനായി മാനിന് നേരേ വാഹമോടിച്ചുകയ​റ്റിയ യുവാവ് അറസ്​റ്റിൽ. സംഭവത്തിന്റെ വീഡിയോ പോസ്​റ്റ് ചെയ്തതിന് പിന്നാലെയാണ് 27കാരനായ ഫ്ലോറിഡ സ്വദേശി ക്ലേ കിന്നി കഴിഞ്ഞ ദിവസം പിടിയിലായത്.

യുവാവ് മനഃപൂർവ്വമാണ് കൃത്യം നിർവ്വഹിച്ചതെന്നാണ് പൊലീസ് പറയുന്നത്. റോഡിലൂടെ നടക്കുന്ന മാനിന് നേരേ എസ്‌യുവി ഉപയോഗിച്ച് ഇടിച്ചുക്കയറ്റുന്നതാണ് വൈറലായ വീഡിയോ. റോഡിലൂടെ അഞ്ചോളം മാനുകൾ നടന്നുപോകുന്നതും കിന്നി പോസ്റ്റ് ചെയ്തിരിക്കുന്ന വീഡിയോയിൽ കാണാം. അവയിൽ ഒന്നിന്റെ നേരേയാണ് യുവാവ് വാഹനം ഇടിച്ചുക്കയ​റ്റിയത്. ചോദ്യം ചെയ്യലിൽ യുവാവ് കുറ്റം സമ്മതിച്ചിട്ടുണ്ട്. കിന്നിയുടെ ലൈസൻസ് കാലാവധി കഴിഞ്ഞതാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. യുവാവിനെതിരെ ഗതാഗത നിയമങ്ങൾ ലംഘിച്ചതിനും വന്യമൃഗങ്ങളോട് ക്രൂരമായി പെരുമാറിയതിനും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

കിന്നിക്കെതിരെ ഇതിന് മുൻപും സമാനമായ കേസ് പൊലീസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. വനത്തിൽ നിന്നും പന്നിയെ പിടികൂടാൻ ശ്രമിച്ചതാണ് കേസ്. 2021ലാണ് സംഭവം. പിടികൂടിയ പന്നിയുമായി കാറിൽ വരുന്നതിനിടെ പൊലീസ് തടയുകയായിരുന്നു. സ്വന്തം ഫാമിൽ നിന്നുളള പന്നിയാണെന്നായിരുന്നു കിന്നി പൊലീസിനോട് പറഞ്ഞത്. അന്വേഷണത്തിൽ യുവാവ് കളളം പറഞ്ഞതായി തെളിയുകയും പൊലീസ് കേസ് രജിസ്റ്റ‌ർ ചെയ്യുകയുമായിരുന്നു.