suresh-gopi

തൃശൂർ: അടുത്ത ലോക്സഭ തിരഞ്ഞെടുപ്പിൽ തൃശൂർ മണ്ഡലത്തിൽ മത്സരിക്കാനുള്ള എല്ലാ അവകാശവും നടൻ സുരേഷ് ഗോപിക്കുണ്ടെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. തൃശൂരിൽ സിറ്റിംഗ് എംപിയെക്കാൾ ജനങ്ങളുടെ പ്രശ്നം കൈകാര്യം ചെയ്തത് സുരേഷ് ഗോപിയാണെന്നും തിരുവനന്തപുരത്ത് ശശി തരൂരിനെ വീഴ്ത്താൻ ബിജെപിയുടെ പ്രാദേശിക നേതാക്കൾ തന്നെ ധാരാളമെന്നും കെ സുരേന്ദ്രൻ കൂട്ടിച്ചേർത്തു. സ്വകാര്യ ചാനലിന്റെ അഭിമുഖ പരിപാടിയിലാണ് കെ സുരേന്ദ്രൻ ഇക്കാര്യം വ്യക്തമാക്കിയത്.

'സുരേഷ് ഗോപി ബിജെപിയിലേക്ക് വന്നത് കൊണ്ട് പാർട്ടി വളർന്നെന്ന വിലയിരുത്തൽ ഞങ്ങൾക്കില്ല. ആ വ്യക്തിക്ക് ജനങ്ങൾക്കിടയിൽ നല്ല സ്വീകാര്യതയുണ്ട്. ആ സ്വീകാര്യത തിരഞ്ഞെടുപ്പിൽ അദ്ദേഹം മത്സരിക്കുമ്പോൾ ബിജെപിക്ക് ലഭിക്കും. സുരേഷ് ഗോപിക്ക് തൃശൂരിൽ മത്സരിക്കാനുള്ള എല്ലാ അവകാശവും ഉണ്ട്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ മത്സരിച്ച ആളാണ്. ഇപ്പോഴും ജനങ്ങളെ സേവിച്ചുകൊണ്ടിരിക്കുന്ന ആളാണ്'- സുരേന്ദ്രൻ പറഞ്ഞു.

തൃശൂരിൽ സിറ്റിംഗ് എംപിയേക്കാൾ ജനങ്ങളുടെ പ്രശ്നം കൈകാര്യം ചെയ്യുന്നത് സുരേഷ് ഗോപിയാണല്ലോ എന്നും സുരേന്ദ്രൻ ചോദിച്ചു. 'ടിഎൻ പ്രതാപനെ പോയി കണ്ടാൽ എന്തെങ്കിലും കാര്യം നടക്കുമോ? സുരേഷ് ഗോപിയെ പോയി കണ്ടാൽ എല്ലാ കാര്യങ്ങളും നടക്കും. അദ്ദേഹം തോറ്റിട്ടും തൃശൂരിലെ ജനങ്ങൾക്ക് വേണ്ടി അഞ്ച് വർഷമായി പ്രവർത്തിക്കുന്നു. അതിനെ അഭിനന്ദിക്കുകയാണ് ചെയ്യേണ്ടത്'- സുരേന്ദ്രൻ പറഞ്ഞു.

അതേസമയം, ബിജെപിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന മഹിളാ സംഗമത്തിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി തൃശൂരിലെത്തുന്നത് വരാൻ പോകുന്ന തിരഞ്ഞെടുപ്പിൽ പാർട്ടി ഗുണം ചെയ്യുമെന്നാണ് വിലയിരുത്തൽ. തൃശൂരിലെത്തുന്ന പ്രധാനമന്ത്രി റോഡ് ഷോയിൽ പങ്കെടുക്കും. ഇപ്പോഴത്തെ തീരുമാനം അനുസരിച്ച് ജില്ലാ ആശുപത്രിക്ക് മുൻവശത്ത് നിന്നാണ് റോഡ് ഷോ ആരംഭിക്കുക. തുടർന്ന് നായ്ക്കനാൽ വഴി സമ്മേളന വേദിയായ തേക്കിൻക്കാട്ടിലേക്ക് പ്രവേശിക്കും. ഇതിനിടെ തൃശൂരിലെത്തുന്ന പ്രധാനമന്ത്രിയെ മിനി പൂരം ഒരുക്കി സ്വീകരിക്കാനുള്ള ശ്രമം പാറമേക്കാവ് ദേവസ്വം ഒരുക്കുന്നുണ്ട്.