ganesh-kumar

തിരുവനന്തപുരം: മോട്ടോർ വാഹന വകുപ്പിലുണ്ടായ കൂട്ട സ്ഥലം മാറ്റ ഉത്തരവ് മരവിപ്പിച്ചു. ആന്റണി രാജു രാജി വച്ച് കെ ബി ഗണേശ് കുമാർ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരം ഏൽക്കുന്നതിന് മുമ്പാണ് സ്ഥലംമാറ്റ ഓർഡർ പുറത്തിറങ്ങിയത്. എന്നാൽ, പുതിയ മന്ത്രിയുടെ സത്യപ്രതിജ്ഞയ്‌ക്ക് പിന്നാലെ ഉത്തരവ് മരവിപ്പിച്ചു.

മന്ത്രി കെ ബി ഗണേശ് കുമാർ സത്യപ്രതിജ്ഞ ചെയ്യുന്നതിന് അര മണിക്കൂർ മുമ്പാണ് ട്രാൻസ്‌പോർട്ട് കമ്മീഷണർ എസ് ശ്രീജിത്ത് സ്ഥലംമാറ്റ ഉത്തരവ് പുറത്തിറക്കിയത്. സത്യപ്രതിജ്ഞ ചെയ്ത് മണിക്കൂറുകൾക്കുള്ളിൽ തന്നെ മന്ത്രി ഇടപെട്ടു. ഉത്തരവ് മരവിപ്പിക്കാൻ ഇന്ന് രാവിലെ നിർദേശം നൽകി. നേരത്തേ ആന്റണി രാജു മന്ത്രിയായിരുന്നപ്പോൾ മോട്ടോർ വാഹനവകുപ്പ് സ്ഥലം മാറ്റവുമായി ബന്ധപ്പെട്ട് വിവാദമുണ്ടാക്കിയിരുന്നു. വിചിത്രമായ മാനദണ്ഡങ്ങളോടെ അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരുടെ സ്ഥലം മാറ്റ ഉത്തരവ് പുറത്തിറങ്ങി. ഇത് ചോദ്യംചെയ്ത് ചില ഉദ്യോഗസ്ഥര്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിച്ചിരുന്നു. ഇതോടെയാണ് ഉത്തരവ് മരവിപ്പിച്ചത്.

പിന്നീട് ഇറക്കിയ സ്ഥലംമാറ്റ ഉത്തരവിൽ നിന്ന് ചില ഉദ്യോഗസ്ഥരെ ഒഴിവാക്കിയിരുന്നു. ചില ഉദ്യോഗസ്ഥർക്ക് അന്ന് ദൂരേയ്‌ക്ക് സ്ഥലം മാറി പോകേണ്ടി വന്നു. അവർക്ക് കൂടെ താൽപ്പര്യമുള്ള ഇടങ്ങളിലേയ്‌ക്ക് സ്ഥലം മാറ്റിയുള്ള ഉത്തരവായിരുന്നു വെള്ളിയാഴ്ച പുറത്തിറക്കിയത്.