pinarayi-vijayan

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന് ബോംബ് ഭീഷണി. ഇന്നലെ എഡിഎമ്മിന്റെ ഓഫീസിലാണ് ഭീഷണിക്കത്ത് ലഭിച്ചത്. കുഴിബോംബ് വയ്ക്കുമെന്നാണ് ഭീഷണി. സംഭവത്തിൽ തൃക്കാക്കര പൊലീസ് കേസെടുത്തു.

പഴയ കമ്മ്യൂണിസ്റ്റുകളാണ് തങ്ങളെന്നും ഭരണം നശിപ്പിച്ചുവെന്നും കത്തിൽ പരാമർശിക്കുന്നുണ്ട്. കത്ത് തൃക്കാക്കര പൊലീസ് സ്റ്റേഷനിലേയ്ക്ക് കൈമാറി. മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കുന്ന ചടങ്ങുകളിൽ ബോംബ് വയ്ക്കുമെന്ന് കത്തിൽ പറയുന്നുണ്ട്. കത്തിലെ സീൽ ഉൾപ്പെടെയുള്ളവ വ്യക്തമല്ല. ഇത് എവിടെനിന്നാണ് അയച്ചതെന്ന് പരിശോധിക്കുകയാണ് പൊലീസ്. സംഭവത്തിൽ എഫ് ഐ ആർ രജിസ്റ്റർ ചെയ്തു. നവകേരള സദസിന്റെ മാറ്റിവച്ച യോഗം തൃക്കാക്കരയിൽ നടക്കാനിരിക്കെയാണ് ഭീഷണിക്കത്ത് ലഭിച്ചിരിക്കുന്നത്. ഈ സാഹചര്യത്തിൽ മുഖ്യമന്ത്രിയുടെ സുരക്ഷ വർദ്ധിപ്പിക്കാനുള്ള നീക്കത്തിലാണ് പൊലീസ്.

കഴിഞ്ഞ നവംബറിലും മുഖ്യമന്ത്രിക്കെതിരെ വധഭീഷണി ഉയർന്നിരുന്നു. പൊലീസ് ആസ്ഥാനത്തെ കൺട്രോൾ റൂമിൽ ഭീഷണി കോൾ എത്തുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഫോൺ വിളിച്ചത് സ്‌കൂൾ വിദ്യാ‌ർത്ഥിയാണെന്ന് കണ്ടെത്തി. എറണാകുളം സ്വദേശിയായ പന്ത്രണ്ടുവയസുകാരനാണ് മുഖ്യമന്ത്രിയെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തി പൊലീസ് ആസ്ഥാനത്ത് വിളിച്ചത്. ഭീഷണിക്ക് പുറമെ ഏഴാം ക്ളാസുകാരൻ അസഭ്യവർഷം നടത്തിയെന്നും പൊലീസ് പറ‌ഞ്ഞിരുന്നു.