
അയോദ്ധ്യ: വിവിധ വികസന പദ്ധതികൾക്ക് തുടക്കം കുറിക്കാനായി ഇന്ന് രാവിലെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി അയോദ്ധ്യയിലെത്തിയത്. പ്രധാനമന്ത്രി ഉജ്ജ്വല യോജനയുടെ ഉപഭോക്താവിന്റെ വീട്ടിൽവച്ചാണ് അദ്ദേഹം ചായ കുടിച്ചത്.
പാചകത്തിനായി വിറകും കൽക്കരിയുമൊക്കെ ഉപയോഗിച്ചിരുന്ന ഗ്രാമീണർക്കും ദരിദ്രർക്കും എൽ പി ജി സിലിണ്ടറുകൾ നൽകുന്ന പദ്ധതിയാണ് പ്രധാൻമന്ത്രി ഉജ്ജ്വല യോജന. പരമ്പരാഗത പാചക വാതകങ്ങളുടെ ഉപയോഗം ഗ്രാമീണ സ്ത്രീകളുടെ ആരോഗ്യത്തെയും പരിസ്ഥിതിയെയും വളരെ ദോഷകരമായിട്ടാണ് ബാധിക്കുന്നത്. ഇതിനൊരു പരിഹാരമായിട്ടാണ് ഈ പദ്ധതി കൊണ്ടുവന്നത്.
അതേസമയം, അയോദ്ധ്യയിലെ ഇടുങ്ങിയ തെരുവുകളിൽ വൻ ജനക്കൂട്ടമാണ് മോദിയെ വരവേറ്റത്. മോദി അൽപം മുമ്പ് രണ്ട് അമൃത് ഭാരത്, ആറ് വന്ദേ ഭാരത് ട്രെയിനുകൾ ഫ്ളാഗ് ഓഫ് ചെയ്‌തിരുന്നു. കൂടാതെ വിമാനത്താവളത്തിന്റെ ഉദ്ഘാടനവും യുപിയിലെ വികസന പദ്ധതികൾക്ക് തറക്കല്ലിടലും അദ്ദേഹം നിർവഹിക്കും.
ജനുവരി 22 ന് നടക്കുന്ന രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠയ്ക്ക് മുന്നോടിയായിട്ടാണ് പ്രധാനമന്ത്രി അയോദ്ധ്യയിലെത്തിയത്. മോദിയെ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് സ്വീകരിച്ചത്. ക്ഷേത്രത്തിലേക്ക് റോഡ് ഷോ ആയിട്ടായിരുന്നു അദ്ദേഹം സഞ്ചരിച്ചത്. റോഡുകളെല്ലാം അലങ്കരിച്ച് മോദിക്ക് ഗംഭീര സ്വീകരണമാണ് ഒരുക്കിയത്.