
സോഷ്യൽ മീഡിയ ആക്ടിവിസ്റ്റും നടിയുമായ പ്രാപ്തി എലിസബത്തിനെതിരെ രൂക്ഷ വിമർശനവുമായി നടി അഹാന കൃഷ്ണ രംഗത്ത്. കൃഷ്ണകുമാറിന്റെ കുടുംബം ഇസ്രയേൽ അനുകൂലികളാണെന്ന് പറഞ്ഞതിനെതിരെയാണ് അഹാന പ്രതികരിച്ചത്. ഇസ്രയേലിന് പിന്തുണ നൽകുന്ന മലയാളി സെലിബ്രിറ്റിയുടെ പേര് പറയാമോ? എന്ന ചോദ്യത്തിന് പ്രാപ്തി നൽകിയ മറുപടിയാണ് അഹാനയെ ചൊടിപ്പിച്ചത്.
കൃഷ്ണകുമാറിന്റെ കുടുംബഫോട്ടോ പങ്കിട്ട ശേഷം ഇദ്ദേഹത്തിന്റെ രണ്ട് മക്കൾ ഈ നിലപാട് അനുകൂലിച്ചവരാണെന്നും പ്രാപ്തി പറഞ്ഞു. ഇതിന് പിന്നാലെയാണ് അഹാന ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെ പ്രതികരിച്ചത്.
'മറ്റൊരാളുമായി രാഷ്ട്രീയ അഭിപ്രായ ഭിന്നതകൾ ഉണ്ടാകുന്നത് സ്വാഭാവികം. എന്നാൽ അതിന്റെ പേരിൽ അവരുടെ കുടുംബത്തെ വലിച്ചിഴക്കുന്നത് തീർത്തും അരോചകവും വെറും മൂന്നാംകിട പ്രവൃത്തിയുമാണ്. അടിസ്ഥാനമില്ലാത്ത ഒരു കാര്യത്തിനായി ഞങ്ങളുടെ കുടുംബ ഫോട്ടോ തപ്പിയെടുത്ത നിങ്ങളുടെ പ്രവൃത്തി ആലോചിക്കുമ്പോൾ നിങ്ങളെ എന്തിന് ഞാൻ പിന്തുണച്ചിരുന്നുവെന്ന് ചിന്തിക്കുന്നു.

ഇനി ഞാൻ എന്റെ കാര്യം പറയാം. പ്രാപ്തി, ഞാൻ എന്റെ പ്രത്യയശാസ്ത്രം പറയുന്നത് എവിടെയെങ്കിലും കണ്ടിട്ടുണ്ടോ? ഒരിക്കലുമില്ല, പിന്നെ എന്ത് അടിസ്ഥാനത്തിലാണ് നിങ്ങൾ എന്റെ ഫോട്ടോ പങ്കിട്ടത്? കുറഞ്ഞ പക്ഷം വസ്തുത മനസിലാക്കാൻ ഒരു രണ്ട് മിനിറ്റെങ്കിലും ചെലവിടാമായിരുന്നു. എന്താണ് നിങ്ങളുടെ ലക്ഷ്യം? ലോകം നന്നാക്കലോ? അതോ ആരെയെങ്കിലും അപകീർത്തിപ്പെടുത്തലോ? അതോ ശ്രദ്ധപിടിച്ചുപറ്റാനുള്ള ശ്രമമാണോ?
ശ്രദ്ധ പിടിച്ചുപറ്റാൻ യാതൊരു അടിസ്ഥാനവുമില്ലാത്ത ഇത്തരമൊരു കാര്യം നിങ്ങൾ ചെയ്തത് ശരിയായില്ല. എന്റെ അച്ഛന്റെ രാഷ്ട്രീയം വച്ച് ദിവസേന നിരവധിപേരാണ് എന്റെ അമ്മയുടെയും സഹോദരികളുടെയും സോഷ്യൽ മീഡിയ പേജിൽ വന്ന് മോശം കമന്റ് ഇടുന്നത്. ഞങ്ങൾ വ്യത്യസ്തർ ആണെന്നും വ്യത്യസ്ത അഭിപ്രായമുണ്ടെന്നും മനസിലാക്കുന്നില്ല. എന്നാൽ നിങ്ങളെ പോലെ ഒരാൾ ഇങ്ങനെ ചെയ്യുമെന്ന് തോന്നുമ്പോൾ ലജ്ജയാണ് തോന്നുന്നത്. ഷെയിം ഓൺ യു പ്രാപ്തി എലിസബത്ത്' -അഹാന കുറിച്ചു.